അടുക്കളത്തോട്ടത്തില്‍ ഒഴിച്ചുകൂടാനാവാത്ത നാരകം; ശരിയായി പരിപാലിച്ചാല്‍ ആറുമാസത്തില്‍ കായ്ക്കും

കേരളത്തിലെ കാലാവസ്ഥയില്‍ വളരെ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാവുന്ന ഫലവര്‍ഗമാണ് ഒടിച്ചുകുത്തി നാരകം. കമ്പുകള്‍ മുറിച്ചുനട്ട് വളര്‍ത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. കീടരോഗബാധ തീരേ കുറവാണിതിന്. പെന്‍സില്‍ കനമുള്ള ചെറുകമ്പുകള്‍ വേരുപിടിപ്പിച്ച് നടുന്നതാണ് സാധാരണ രീതി. ലെയര്‍ തൈകള്‍ നഴ്‌സറികളില്‍ ലഭ്യമാണ്.
രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ 10 കിലോഗ്രാം പൊടിഞ്ഞ കാലിവളവും മേല്‍മണ്ണും നിറച്ച് തൈനടാം. നല്ല വെയില്‍ കിട്ടുന്ന സ്ഥലമാണ് നടാന്‍ തിരഞ്ഞെടുക്കേണ്ടത്. വെള്ളവും ജൈവവളവും തുടര്‍ച്ചയായി കിട്ടിയാല്‍ ഉത്പാദനം കൂടും. ശരിയായ രീതിയില്‍ പരിപാലിക്കുകയാണെങ്കില്‍ നട്ട് ആറുമാസത്തില്‍ കായ്ച്ചുതുടങ്ങും.
വളര്‍ച്ച ക്രമാതീതമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉയരത്തില്‍ പോകുന്നതും കേടുവന്നതുമായ ശാഖകള്‍ ഏറ്റവും താഴെവെച്ചു മുറിച്ചുമാറ്റുന്ന രീതിയിലുള്ള പ്രൂണിങ്ങിലൂടെ ചെടിക്കാവശ്യമായ സൂര്യപ്രകാശം ഉറപ്പുവരുത്താം. മൂന്നുമാസത്തില്‍ ഒരിക്കല്‍ അഞ്ചുകിലോഗ്രാം പൊടിഞ്ഞ ജൈവവളവും കാല്‍ കിലോഗ്രാം പൊട്ടാഷും നല്‍കാം. ശിഖരങ്ങളുടെ അഗ്രഭാഗത്താണ് കായപിടിത്തം. നാലും അഞ്ചും നാരകം ഒരു പോയിന്റില്‍ത്തന്നെ തൂങ്ങിക്കിടക്കും.
ആദ്യഘട്ടത്തില്‍ പച്ചനിറത്തില്‍ വരുന്ന നാരകം പഴുക്കുമ്പോള്‍ മഞ്ഞയാകും. വിറ്റാമിന്‍ സി-യുടെ കലവറയാണ് ഒടിച്ചുകുത്തി നാരകം. ഇതുകൂടാതെ തയാമിന്‍, റൈബോ ഫ്‌ളാവിന്‍, നിയാസിന്‍ തുടങ്ങിയ വിറ്റാമിന്‍ ബി-ക്കാരും ഉണ്ട്. കാത്സ്യവും പൊട്ടാസ്യവും മഗ്‌നീഷ്യവും ധാരാളമുണ്ട്. തോടിന് ചെറിയ കയ്പുരസമാണ്. അതിനാല്‍ ചെറുനാരങ്ങ പിഴിഞ്ഞുള്ളതില്‍നിന്നും വ്യത്യസ്തമായി രണ്ടായി മുറിച്ച് മുസമ്പി ജ്യൂസര്‍ ഉപയോഗിച്ചോ നാരങ്ങയ്ക്കുള്ളില്‍ സ്പൂണ്‍ കടത്തി കറക്കിയോ നീരെടുക്കാവുന്നതാണ്.
സ്‌ക്വാഷ് ഉണ്ടാക്കുന്നതിനായി അളവ് കണക്കാക്കി അത്രതന്നെ പഞ്ചസാര അല്‍പം വെള്ളംചേര്‍ത്ത് പാനിയാക്കി തണുത്തതിനുശേഷം നാരങ്ങാ ജ്യൂസില്‍ മിക്‌സ് ചെയ്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. നാരങ്ങാക്കറിയുണ്ടാക്കാന്‍ ഏറ്റവും അനുയോജ്യവുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 94460 71460.
Content Highlights: citrus limon cultivation tips odichukuthi narakam