പണിയെടുത്താൽ, പാഴ്പ്പറമ്പില്ല; കാട് പിടിച്ച പാഴ്ഭൂമി ഇന്ന് പൊന്നു വിളയുന്ന പച്ചക്കറിത്തോട്ടം

നഗരമധ്യത്തിൽ കാടു പിടിച്ച സ്ഥലങ്ങൾ കണ്ടിട്ടില്ലേ ? ചുറ്റും തിരക്കാണ്. ഇരമ്പുന്ന വാഹനങ്ങൾ. അല്ലെങ്കിൽ മനോഹരമായ സൗധങ്ങൾ. അതിനിടെ ഒരു പറമ്പ്. അനാഥമെന്നോണം. അല്ലാ മുഴുവൻ പാഴ്ച്ചെടി വളർന്നത്. തെരുവുനായ്ക്കളും പാമ്പും തൊട്ട് കാട്ടുപന്നി പോലും ഉണ്ടോ എന്ന് സംശയിപ്പിക്കുന്നത്.
പണ്ടൊരിക്കൽ ഇപ്പോഴത്തെ ഈ ഇരമ്പങ്ങൾക്കും മുമ്പേ, ചുറ്റുമുള്ള അലങ്കാരങ്ങൾക്കും മുമ്പേ, ഇവിടം മറ്റെവിടത്തേക്കാളും മനോഹരം ആയിരുന്നു. ഇവിടേയും ഒരു വീടുണ്ടായിരുന്നിരിക്കണം. അവിടേയും കഠിനാധ്വാനികളായ കർഷകർ ഉണ്ടായിരുന്നിരിക്കണം. ഈ മണ്ണിലും പൊന്നു വിളഞ്ഞിരുന്നിരിക്കണം. ഉറപ്പ്... അല്ലെങ്കിൽ ഇവിടം ഇത്രത്തോളം മനോഹരമായി അവശേഷിക്കില്ലായിരുന്നു. അത് നഗരങ്ങൾ പിറന്ന കഥയാണ്. നഗരത്തേക്കാൾ വേഗം വളർന്ന മനുഷ്യരുടെ കഥയാണ്. നിത്യത്തിരക്കുകൾക്കിടയിൽ സ്വന്തം സ്വപ്നത്തിന്റെ വേരറുക്കേണ്ടി വന്ന മനുഷ്യരുടെ കൂടി കഥയാണ്.
ആ ഭൂമിയും കാത്തിരിക്കുന്നുണ്ട് പുതിയ പച്ചപ്പുകൾ. പാഴ്ച്ചെടികളല്ലാ, മനുഷ്യൻ വിയർപ്പു വീഴ്ത്തുന്ന ചെടികൾ. അവിടെ അധ്വാനിക്കുന്നവരുടെ സ്പർശം.
നാലാഞ്ചിറയിൽ ചന്ദ്രിക
തിരുവനന്തപുരത്ത് നാലാഞ്ചിറയിലും ഉണ്ടായിരുന്നു ഇങ്ങനെ പാഴ്പ്പറമ്പുകൾ. തിരക്കേറിയ തലസ്ഥാനം. ആർക്കും ഒന്നിനും നേരമില്ല. രാവിലെ ഓഫീസിൽ പോകുന്നു. വൈകീട്ട് തിരിച്ചെത്തുന്നു. പച്ചക്കറികൾ വഴിക്കടകളിൽ നിന്ന്. കിട്ടുന്നതു വാങ്ങുന്നു. അതിർത്തി കടന്നെത്തുന്ന വിഷത്തിലെ ആശങ്കകൾ പേറുന്ന രാപകലുകൾ. പെട്ടെന്നൊരു ദിവസം തിരക്കുകൾ ഇല്ലാതായി. എല്ലാവരും മുഖം മൂടി ധരിക്കാൻ തുടങ്ങി. മാസ്കില്ലാതെ നടന്നാൽ പോലീസ് പിടിക്കുമെന്നായി. ഇരമ്പം നിലച്ചു. വാഹനങ്ങൾ ഇറങ്ങാതായി. അനാഥമായ പറമ്പുകൾ നോക്കാൻ പോലും ആരും വരാതായി. കോവിഡ് എല്ലാത്തിനും മീതേയുള്ള പേടിയായി. അപ്പോഴും ആളുകൾക്ക് ഭക്ഷണം വേണം. തിന്നണം . കുടിക്കണം. സർക്കാർ സൗജന്യ അരി കൊടുക്കും. പക്ഷേ പച്ചക്കറികൾക്ക് രുചി വേണം. കോവിഡ് പതുക്കെ അയഞ്ഞു. ജീവിതം ഇഴയാൻ തുടങ്ങി.
അപ്പോൾ നാലാഞ്ചിറയിലെ തരിശുപറമ്പുകളിലേക്ക് ചന്ദ്രിക കടന്നെത്തി. നിത്യനിദാനത്തിനുള്ള കൂലിപ്പണിക്ക് ശേഷം മക്കൾക്കായി കൂടുതൽ സ്വപ്നം കണ്ട് വിയർപ്പൊഴുക്കാനുള്ള സന്നദ്ധതയുമായി. വെറുതേ കിടക്കുന്ന പറമ്പുകളിലേക്ക് അവർ ചെന്നു. ഭർത്താവ് രാജനും മക്കൾക്കുമൊപ്പം. ഉടമകളോട് സംസാരിച്ചു. സ്ഥലത്ത് കൃഷി ചെയ്യാൻ സമ്മതം തേടി. എല്ലാവർക്കും സന്തോഷം. കാടു പിടിച്ചു കിടക്കുന്ന സ്ഥലത്തേക്ക് കാറ്റും വെളിച്ചവും ചെല്ലും. അങ്ങനെ നാലാഞ്ചിറയിൽ കൃഷി ആരംഭിച്ചു.
പയറു വള്ളികളിൽ പടർന്ന സൗഭാഗ്യം
ആദ്യം നിലം ഒരുക്കി. പന്തൽ കൃഷിയ്ക്കാണ് ചന്ദ്രിക ഒരുങ്ങിയത്. തടം തുറന്നു. കോഴിവളവും ആട്ടിൻ കാട്ടവും ചാണകവുമെല്ലാം നിരത്തി. കൃഷിഭവനിൽ നിന്ന് നിർദ്ദേശം തേടി. പയറു നട്ടു. വെള്ളം കോരി നനച്ചു. പന്തൽ ഒരുക്കി. ഓരില ഈരില മൂവിലയായി പയർ വളർന്നു. മാനത്ത് പടർന്നു. പൂവിട്ടു. കായ്ച്ചു. മറ്റു കർഷകരിൽ നിന്ന് വ്യത്യസ്തയായിരുന്നു ചന്ദ്രിക. സ്വന്തം കൃഷിയിടത്തിലെ പയർ എന്തു ചെയ്യും? വേവലാതി തെല്ലും ഇല്ലായിരുന്നു ചന്ദ്രികയ്ക്ക്. എല്ലാവരും അറിയുന്നവർ. നാട്ടുകാർ. എന്നും ഈ കൃഷിയിടത്തിലെ കുശലങ്ങൾ ആരാഞ്ഞ് കടന്നു പോകുന്നവർ. കണ്ടാൽ ചിരിക്കുന്നവർ. എങ്കിൽ ഇവർ തന്നെ ഉപഭോക്താക്കൾ.
'ഹൗ ഓൾഡ് ആർ യൂ' എന്ന മലയാളം സിനിമയിലെ രംഗങ്ങൾ ആവർത്തിക്കാൻ തുടങ്ങുകയായിരുന്നു തിരുവനന്തപുരത്ത്. മഞ്ജു വാര്യർ എത്തിച്ച പച്ചക്കറിയുടെ സ്വാദ് അറിഞ്ഞ നാട് പിന്നാലെ ചെന്ന അതേ കഥ. ചന്ദ്രികയുടെ പച്ചക്കറികൾ അടുക്കളകളെ സ്വാദിഷ്ഠമാക്കി. വാങ്ങിയവരും കേട്ടവരും രുചിച്ചവരും തേടിയെത്തി.
'എന്നും കാണുന്നവരല്ലേ. അവർക്ക് ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. എന്റെ കഷ്ടപ്പാടു കാണുന്നവർ. ഞങ്ങളെ അറിയുന്നവർ. ഇവിടെ നിന്ന് വാങ്ങുമ്പോൾ അവർക്കു നഷ്ടം ഉണ്ടാവില്ല. മറ്റെവിടെ നിന്ന് കിട്ടുന്നതിനേക്കാളും കൂടുതൽ ഇവിടെ നിന്ന് കിട്ടും. അനാവശ്യമായി മരുന്നടിച്ചതെന്ന പേടിയും വേണ്ട. എന്നും കാണുന്നവരോട് വലിയ വിലപേശലും വേണ്ട'- ചന്ദ്രിക പറയുന്നു
കഴിഞ്ഞ വർഷങ്ങളിൽ പയറിന് പുറമേ പടവലവും പാവലുമെല്ലാം പന്തലിൽ കയറി. ഒപ്പം വെണ്ടയും വഴുതനയുമെല്ലാം പന്തലിൽ കയറാതേയും വളർന്നു.
'എന്നാലും ഏറ്റവും കൂടുതൽ വിളവു കിട്ടിയത് പയറിൽ നിന്ന് തന്നെയാണ്. ഏറ്റവും കൂടുതൽ സന്തോഷം തന്നതും പയറു തന്നെ. ഇതുകൊണ്ട് മക്കളുടെ പഠനം നടത്താനായി. മകളെ നഴ്സിങ് പഠിപ്പിച്ചു, മകൻ ഇപ്പോൾ ബെംഗളൂരുവിൽ നഴ്സിങ് പൂർത്തിയാക്കുന്നു. ഒഴിവുള്ളപ്പോഴെല്ലാം അവരും കൃഷിപ്പണിക്ക് ഇറങ്ങും. അവർക്കും അറിയാം, ജീവിതം നല്ല നിലയിൽ നടത്താറാക്കിയത് ഈ പയറും പാവലുമൊക്കെയാണ്.'
ചീര പലതരം
തലസ്ഥാനത്ത് ഒരു ചെറിയ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് രാജൻ. രാവിലേയും വൈകീട്ടും കൃഷിയിടത്തിലെത്തും.
'ആവശ്യത്തിന് അനുസരിച്ചാണ് ഞങ്ങൾ വിളവെടുക്കുന്നത്. വാടിയ പച്ചക്കറികൾ വാങ്ങാൻ നമുക്കു വിഷമം ഉള്ളതു പോലെ തന്നെ മറ്റുള്ളവർക്കും താൽപര്യം ഉണ്ടാവില്ല. അത് മനസ്സിലാക്കി ഫ്രഷ് ആയ സാധനങ്ങൾ എത്തിക്കും. പലപ്പോഴും ആവശ്യത്തിന് തികയാറില്ലെന്നതാണ് വാങ്ങാനെത്തുന്നവരുടെ പരാതി'
ആദ്യത്തെ പറമ്പിന് പുറമേ മറ്റൊരു പറമ്പു കൂടി രാജനും ചന്ദ്രികയും ഇപ്പോൾ പാട്ടത്തിനെടുത്തു. അവിടേയും സീസൺ അനുസരിച്ച് കൃഷി ഇറക്കുന്നുണ്ട്. പലതരം ചീരയാണ് ഇവിടത്തെ പ്രത്യേകത. പതിവുള്ള ചുവപ്പും പച്ചയും മാത്രമല്ല പ്രാദേശികമായ വകഭേതങ്ങളും ധാരാളം. ചുവന്ന ചീര തന്നെ പല തരം.
'ചില ചീരകൾ ഒറ്റച്ചെടികളായി നിർത്തേണ്ടതാണ്. പിന്നീട് ഇതളുണ്ടാവില്ല. മറ്റു ചിലത് ഇതളുണ്ടാവുന്നതാണ്.. രണ്ടോ മൂന്നോ തവണ അറുത്തെടുക്കാം. എന്തായാലും ഫ്രഷായി വിൽക്കണം. മിക്കപ്പോഴും ആവശ്യക്കാർ ധാരാളമാണ്. പലരും ഇവിടെ വന്നു വാങ്ങുന്നു. അല്ലാത്തവർക്ക് ഓർഡർ അനുസരിച്ച് വീട്ടിലെത്തിക്കും. വാട്സ് ആപ് ഗ്രൂപ്പിൽ ഓർഡർ വരും. പൊന്നാങ്കണ്ണിച്ചീര ആദ്യം പരീക്ഷിച്ചു. ആവശ്യക്കാർ കൂടുതലും ചുവന്ന ചീരയ്ക്കും പച്ചച്ചീരയ്ക്കുമാണ്. ചുവന്ന ചീരകളിൽ തന്നെ ചിലത് അതീവരുചികരമാണ്' രാജൻ വിവരിക്കുന്നു.
ഇലപ്പുള്ളി രോഗം മാറ്റാൻ മഞ്ഞൾ
ചീരക്കർഷകർ നിരന്തരം നേരിടുന്ന രോഗമാണ് ഇലപ്പുള്ളി. ഇലകളിൽ ആദ്യം പുള്ളിക്കുത്ത് വീഴും. വൈകാതെ അത് ദ്രവിച്ചു പോകും. ഇല ഉപയോഗിക്കാനാവാതെയാകും. ഉപഭോക്താക്കൾക്ക് ചീര വാങ്ങാൻ തന്നെ മടി തോന്നും. ഇതിന് മരുന്നായി രാജൻ കണ്ടെത്തിയിട്ടുള്ളത് മഞ്ഞളാണ്.
'ഏത് ഇലപ്പുള്ളിയും മാഞ്ഞുപോകും. മഞ്ഞൾ അടിച്ചാൽ മതി.. മഞ്ഞൾ എന്ന് പറഞ്ഞാൽ മഞ്ഞളും പാൽക്കായവും യീസ്റ്റും ചേർത്തുള്ള മിശ്രിതമാണ്. ഇരുപതു ഗ്രാം മഞ്ഞൾപ്പൊടി, അഞ്ചു ഗ്രാം പാൽക്കായം, രണ്ടു ഗ്രാം യീസ്റ്റ് , ഇത് തലേന്ന് രാത്രി കലക്കി വയ്ക്കണം. ഇത് ഒരു ലിറ്റർ വെള്ളത്തിലാണ് കലക്കി വയ്ക്കേണ്ടത്. പിറ്റേന്ന് രാവിലെ ഇതിനെ നേർപ്പിച്ച് ചീരയിൽ അടിക്കും. പുഴുക്കൾ ഉണ്ടെങ്കിലും പുള്ളിക്കുത്തുണ്ടെങ്കിലും മാഞ്ഞു പോകും.'
വിപണിയിൽ നിന്ന് കിട്ടുന്ന പല തരം മരുന്നുകളും കീടനാശിനികളും ഗ്യാരന്റി എന്ന് പറയുന്നുണ്ടെങ്കിലും ഫലം കിട്ടുന്നില്ലെന്നാണ് രാജന്റേയും ചന്ദ്രികയുടേയും അനുഭവം.. എന്നാൽ ഈ നാടൻ മരുന്ന് ഇലപ്പുള്ളി മായിച്ചു കളയും. ദ്രവിച്ച ഇല പഴയ പോലെയാകും. ഒറ്റ ദിവസം കൊണ്ടു തന്നെ. അത്ഭുതകരമായ രോഗപ്രതിരോധ മാർഗ്ഗമാണിതെന്നും ഈ കർഷകർ പറഞ്ഞു.
ഓണത്തിന് കാണാം കൺ നിറയെ
ചന്ദ്രികയും രാജനും ഇപ്പോൾ ഓണം വിപണിക്കു വേണ്ടിയുള്ള പുറപ്പാടിലാണ്. കാലം തെറ്റി പെയ്യുന്ന മഴ മാത്രമാണ് വേവലാതി. എന്നാലും അധ്വാനത്തിന് ഫലം കിട്ടാതിരിക്കില്ലെന്ന ശുഭപ്രതീക്ഷയുണ്ട്.
'പയർ എന്തായാലും ഇത്തവണയും ഉണ്ടാവും. പാവലും കുറേക്കൂടി നല്ല വിളവു കിട്ടുന്ന വിധം ഇറക്കാനാവും. ഓണം വിപണിക്ക് വേണ്ട മറ്റു പച്ചക്കറികളും ഇറക്കണം. ഓണത്തിന് സ്ഥിരം ഉപഭോക്താക്കളുടെ ആവശ്യങ്ങളെ നിവൃത്തിക്കാനാവണം എന്ന ആഗ്രഹത്തിലാണ് അടുത്ത കൃഷി'
ആവശ്യക്കാരെ അറിഞ്ഞുള്ള കൃഷിയാണ് ചന്ദ്രികയുടെ വിജയമെന്ന് ഉള്ളൂർ കൃഷി ഓഫീസർ സ്വപ്ന പറഞ്ഞു. 'കൃഷി ചെയ്തുണ്ടാക്കുന്ന വിഭവങ്ങൾ ഏതേത് ഉപഭോക്താവിനെന്ന് ഇവർക്ക് മുമ്പേ അറിയാം. അതുകൊണ്ടു തന്നെ വിൽപനയെപ്പറ്റി ആശങ്കയുമില്ല. നഗരമധ്യത്തിൽ ഏറ്റവും നന്നായി കൃഷി ചെയ്യാനും ലാഭം ഉണ്ടാക്കാനും കഴിയുന്നതെങ്ങനെ എന്നതിനുള്ള പാഠമാണിവർ.'
രാവിലേയും വൈകീട്ടും ചന്ദ്രികയും കുടുംബവും സ്വന്തം കാർഷികോൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് എത്തിക്കും. മറ്റു കൃഷികൾ സീസൺ അനുസരിച്ചാണ്. എന്നാൽ എല്ലാ ദിവസവും ചീര വിൽക്കാനുണ്ടാവും. ചുവപ്പും പച്ചയും കലർന്ന സന്തോഷങ്ങളാണ് എന്നും തലസ്ഥാനത്തിനുള്ള ഈ കർഷകരുടെ സമ്മാനം.
(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന 'കൃഷി ഭൂമി' യുടെ അവതാരകനാണ് ലേഖകൻ)
Content Highlights: Chandrika transforms Thiruvananthapuram`s wastelands into thriving farms,