കൂവയില്‍നിന്ന് ആദായമുണ്ടാക്കാം; തെങ്ങിനും റബ്ബറിനും ഇടവിളയുമാക്കാം

By: പ്രമോദ് കുമാര്‍ .വി.സി
പണ്ടുകാലത്ത് ഗോത്രവര്‍ഗക്കാരുടെ യുദ്ധങ്ങളില്‍ ശത്രുവിന്റെ അമ്പേറ്റ് മുറിയുന്നവര്‍ മുറിവുണങ്ങാനും ആ മുറിവിലൂടെയുള്ള രോഗാണുബാധ തടയാനും ഒരു കാട്ടുകിഴങ്ങ് അരച്ചുപുരട്ടിയിരുന്നു. അമ്പേറ്റ മുറിവ് കരിയുന്നത് കണ്ട ഇംഗ്ളീഷുകാര്‍ ഇതിന് ആരോറൂട്ട് എന്ന് പേരിട്ടു. അസ്ത്രംപോലെ മണ്ണിലേക്ക് ചുഴിഞ്ഞിറങ്ങി വളരുന്നതു കൊണ്ടും അതിനെ ആരോറൂട്ടെന്ന് വിളിച്ചു. നമ്മുടെ നാട്ടില്‍ പണ്ടുമുതലേ ഉപയോഗത്തിലിരുന്ന ഒരു ഭക്ഷ്യവസ്തുവാണ് കൂവ. അതിലുപരി അതൊരു ഔഷധമായാണ് നാം കണക്കാക്കിവരുന്നത്. നമ്മുടെ പറമ്പുകളില്‍ യഥേഷ്ടം കണ്ടുവരുന്ന ഒരു സസ്യയിനമാണിത്. ഒഴിഞ്ഞ പറമ്പുകളില്‍ ഈര്‍പ്പവും നല്ല വെയിലും കിട്ടുന്നിടത്ത് ധാരാളം തഴച്ചു വരുന്നതായതുകൊണ്ട് പണ്ടുകാലത്താരും ഇത് നട്ടുവളര്‍ത്തിയിരുന്നില്ല. പറമ്പില്‍ നിന്നും തുലാം, വൃശ്ചിക മാസങ്ങളില്‍ പറിച്ചെടുത്ത് കൂവപ്പലകയില്‍ ഉരസിയെടുത്ത് വെള്ളത്തില്‍ കലക്കി അരിച്ച് പൊടി ഊറാന്‍വെച്ച് അത് വെയിലത്ത് ഉണക്കിയെടുത്ത് കാലങ്ങളോളം സൂക്ഷിച്ചുവെക്കുകയായിരുന്നു നമ്മുടെ രീതി.
നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന നാടന്‍കൂവ മഞ്ഞളിന്റെ കുടംബക്കാരനാണ്. കുര്‍കുമേ ജനുസ്സില്‍ പെടുന്ന കുര്‍കുമേ അറുജിനോസ. ഇതിനെ നീലക്കുവയെന്നാണ് വിളിക്കുന്നത്. കിഴങ്ങ് സാധാരണ വെള്ളനിറമാണെങ്കിലും അതിന്റെ കാണ്ഡം മുറിച്ചുനോക്കിയാല്‍ നടുക്ക് നീലനിറം കാണാം. ഇത് മൂത്തുകഴിഞ്ഞാല്‍ നല്ല ഇളം റോസ് നിറത്തില്‍ പൂക്കളുണ്ടാകുന്ന പൂക്കുലകള്‍ ഉണ്ടാകും. എന്നാല്‍, മറ്റു രാജ്യങ്ങളില്‍ കണ്ടുവരുന്നതും നമ്മള്‍ പ്ലാത്തിക്കുവയെന്നു വിളിക്കുന്നതുമായ ഇനത്തിന്റെ ശാസ്ത്രനാമം മരാന്ത അരുണ്‍ഡിനാസിയേ എന്നാണ്. മഞ്ഞക്കൂവ, ചണ്ണക്കൂവ, നീലക്കൂവ, ആനക്കൂവ എന്നിങ്ങനെ പലതരത്തില്‍ കൂവയുടെ ജനുസ്സ് കണ്ടുവരുന്നു. പല ആഫ്രിക്കന്‍ നാടുകളിലും തെക്കേ അമേരിക്കന്‍നാടുകളിലും കൂവക്കിഴങ്ങ് പുഴുങ്ങി പ്രഭാതഭക്ഷണമാക്കി വരുന്നു.
കൃഷിചെയ്യാം
നല്ലചൂടും ഹ്യുമിഡിറ്റിയും ആണ് കൂവക്കൃഷിക്ക് അനുയോജ്യം. അന്തരീക്ഷ ഊഷ്മാവ് 20-30 ഡിഗ്രിയും വര്‍ഷംതോറും 1500-2000 മില്ലിമീറ്റര്‍ മഴയും ലഭിക്കുന്ന കേരളത്തിലെ മണ്ണും കൂവക്കൃഷിക്ക് അനുയോജ്യമാണ് എന്നതാണ് കൂവക്കൃഷിയുടെ വേര് കേരളത്തില്‍ പടര്‍ത്താന്‍ കര്‍ഷകര്‍ക്ക് സഹായമാകുന്നത്. നല്ല ഇളക്കമുള്ള നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള പശിമരാശിമണ്ണാണ് കൂവകൃഷിക്ക് അനുയോജ്യം.
തനിവിളയായോ ഇടവിളയായോ കൂവ കൃഷിചെയ്യാം. കേരളത്തിന്റെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ പശിമരാശിമണ്ണില്‍ ഇത് നന്നായി വളരും. കിഴക്കന്‍ മലമ്പ്രദേശങ്ങളിലെ ചുവന്ന നീര്‍വാര്‍ച്ചയുള്ള മണ്ണിലും കൂവ നന്നായി വളരും.
വിത്തുകള്‍
കൂവയുടെ നടീല്‍വസ്തുവാക്കപ്പെടുന്നത് എല്ലാ ഭൂകാണ്ഡങ്ങളെപ്പോലെത്തന്നെയും അതിന്റെ കിഴങ്ങാണ്. രോഗബാധയില്ലാത്തതും ആരോഗ്യത്തോടെ വളരുന്നതുമായ ചെടികളില്‍ നിന്ന് നല്ല മൂത്ത കിഴങ്ങുകള്‍ സംഘടിപ്പിക്കാം. മുളയ്ക്കാന്‍ ശേഷിയുള്ള ഓരോ മുകുളങ്ങളെങ്കിലുമുള്ള കഷണമാണ് നടീല്‍ വസ്തുവായി ഉപയോഗിക്കാവുന്നത്.
കൃഷിയിടമൊരുക്കാം
തെങ്ങിനും റബ്ബറിനും ഇടവിളയായും കൂവ കൃഷിചെയ്യാം. കൂറേക്കാലമായി കൃഷി ചെയ്യാതെയിട്ടിരിക്കുന്ന നല്ല ജൈവപുഷ്ടിയുള്ള മണ്ണാണ് കൂവക്കൃഷിക്ക് ഉത്തമം. കേരത്തിലെ ഭൂപ്രകൃതിയനുസരിച്ച് 1500 മീറ്റര്‍ വരെ കൂവ കൃഷിചെയ്യാം എന്നാല്‍ 400-1000 മീറ്ററിലാണ് വിളവ് കൂടുതല്‍ കിട്ടുന്നതായി കണ്ടുവരുന്നത്. നടുന്ന മണ്ണ് നല്ല നീര്‍വാര്‍ച്ചയുള്ളതും നല്ലവായു സഞ്ചാരം നിലനില്‍ക്കുന്നതുമായിരിക്കണം. മാത്രമല്ല മണ്ണിന്റെ അമ്ല-ക്ഷാര നിലവാരം ആറിനും ഏഴിനുമിടയിലായാല്‍ നന്ന്. അമ്ലഗുണം കൂടിയ മണ്ണില്‍ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം. നടുന്നതിനുമുമ്പ് കൃഷിയിടം നന്നായി ഉഴുത് മറിക്കണം. അതിനുശേഷം അതില്‍ സെന്റ് ഒന്നിന് 30-40 കിലോ തോതില്‍ കാലിവളമോ കമ്പോസ്‌റ്റോ ചേര്‍ത്തിളക്കി നിരപ്പാക്കണം . അങ്ങനെ വളംചേര്‍ത്ത് നിരപ്പാക്കിയ നിലത്ത് ഒരടിയുയരത്തില്‍ തടം കോരിയെടുക്കാം. നീളത്തിലോ കുറുകെയോ ചാലെടുത്താണ് കിഴങ്ങുകള്‍ നടേണ്ടത്. വിത്തുകള്‍ തമ്മില്‍ കുറഞ്ഞത് 30 സെ.മീ. അകലം അത്യാവശ്യമാണ്. വേനല്‍ മഴ കിട്ടി സാധാരണയായി ഏപ്രില്‍ മാസത്തിലെ ആദ്യവാരങ്ങളിലാണ് കൂവ നടുന്നത്. വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍ ചാറല്‍ മഴ നല്ലതാണ്. വരിയും നിരയുമായാണ് തടങ്ങളെടുക്കേണ്ടത്. തടങ്ങള്‍ തമ്മില്‍ കുറഞ്ഞത് കാല്‍മീറ്റര്‍ അകലവും തടത്തിന്റെ ഉയര്‍ച്ച കുറഞ്ഞത് കാല്‍ മീറ്ററെങ്കിലും ഉണ്ടായിരിക്കണം. ചരിഞ്ഞ സ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നതെങ്കില്‍ 20 സെമീ അകലത്തില്‍ തടമെടുക്കാം. ഇവിടങ്ങളില്‍ താഴ്ചയുമുള്ള തടങ്ങളെടുത്താകണം നടുന്നത്. ഒന്നു രണ്ടാഴ്ച കൊണ്ട് കൂവച്ചെടികള്‍ വളര്‍ന്നു പൊന്തും. പിന്നീട് ഒരു മാസത്തിനുശേഷം രണ്ടു മാസങ്ങളുടെ ഇടവേളകളില്‍ മേല്‍വളം ചേര്‍ത്തുകൊടുത്താല്‍ കൂവ നന്നായി വിളയും.പരിചരണം
വലിയ പരിചരണം വേണ്ടാത്ത വിളയാണെന്നത് മാത്രമല്ല, മഞ്ഞളിന്റെ വര്‍ഗക്കാരനാണെന്നതും അതിന്റെ ഇലയ്്ക്കും തണ്ടിനും നല്ല മണമുള്ളതുകൊണ്ടും കൂവച്ചെടിയെ രോഗകീടങ്ങള്‍ വല്ലാതെ ആക്രമിക്കാറില്ല. എന്നാല്‍ പ്ലാത്തിക്കൂവയെന്നയിനത്തിനെ തൊരപ്പനും മുള്ളന്‍പന്നിയും ഭക്ഷണമാക്കാറുണ്ട്.
വിളവെടുപ്പ്
സാധാരണ ഇഞ്ചിയും മഞ്ഞളും വിളവെടുക്കുന്നതുപോലെയാണ് കൂവയും വിളവെടുക്കാറ്. ഏഴ്-എട്ട് മാസം കൊണ്ട് ഇലയും തണ്ടും ഉണങ്ങിക്കഴിഞ്ഞാല്‍ കിഴങ്ങ് വിളവെടുക്കാം. വിളവെടുക്കുന്നതിന്റെ തലേദിവസം കൃഷിയിടം നനച്ചിടുന്നത് വിളവെടുപ്പിനെ എളുപ്പമാക്കും.
സംസ്‌കരിക്കാം
നമ്മുടെ കാര്‍ഷിക സംസ്‌കൃതിയില്‍ കൂവപ്പൊടി സംസ്‌കരിച്ചെടുക്കുന്നതിന് നല്ല തഴക്കമായിരുന്നു പണ്ട്. മൂത്ത കൂവക്കിഴങ്ങുകള്‍ കൂവപ്പലകയില്‍ ഉരസി വെള്ളത്തില്‍ കലക്കി തുണികെട്ടി അരിച്ച്, അത് വെള്ളത്തിന്റെ അടിയില്‍ ഊറിയതിന് ശേഷം ആ ഊറല്‍ വെള്ളം വാര്‍ത്ത് വെയിലത്ത് ഉണക്കിയെടുത്താണ് ഇത് സംസ്‌കരിക്കുന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ കൂവ കൃഷിചെയ്യുമ്പോള്‍ ഇതിന്റെ നീരില്‍ നിന്ന് പൊടി ഉത്പാദിപ്പിക്കാന്‍ യന്ത്രങ്ങളുടെ സഹായം തേടാം. ഒരേക്കറില്‍ നിന്ന് പത്തു ടണ്ണോളം കൂവ ലഭിക്കും പത്ത് ടണ്‍ സംസ്‌കരിച്ചാല്‍ കുറഞ്ഞത് 600 കിലോഗ്രാമെങ്കിലും കൂവപ്പൊടി ലഭിക്കും. കിലോയ്ക്ക് 400 രൂപയാണ് കൂവപ്പൊടിക്ക് ഇപ്പോള്‍ വിപണിവില. ഏഴുമാസത്തെ ഇടവിളയില്‍ നിന്ന് കുറഞ്ഞത് ഒന്നര ലക്ഷംരൂപയെങ്കിലും ആദായം ലഭിക്കും.
ഔഷധഗുണങ്ങള്‍
ആയുര്‍വേദ വിധിപ്രകാരം അമ്ലപിത്തം, വ്രണങ്ങള്‍, വയറുകടി, വയറിളക്കം എന്നിവയെ സാന്ത്വനിപ്പിക്കുന്നു. പണ്ടുമുതലേ കുട്ടികളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തിവരുന്നു. അസുഖബാധിതര്‍ക്ക് ക്ഷീണമകറ്റാന്‍ കൂവപ്പൊടി തിളപ്പിച്ചവെള്ളം നല്ലതാണ്. കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം, സോഡിയം, എന്നീ മൂലകങ്ങള്‍ കൂവയില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ എ., വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി-12, വിറ്റാമിന്‍ ബി-6, അന്നജം, കൊഴുപ്പ്, നാരുകള്‍, എന്നിവയുടെയും മികച്ച കലവറയാണ് കൂവ. കുറഞ്ഞ തോതില്‍ കുര്‍കുമിന്റെ അംശവും നാടന്‍ കൂവയിലുണ്ട്. പോഷകത്തോടൊപ്പം ആദായവും തരുന്ന ഈ വിള തോട്ടങ്ങളില്‍ വളര്‍ത്താം.


VIEW ON mathrubhumi.com