ഔഷധ കലവറയായ ചെന്നെല്ല്; നെല്ലിനങ്ങളുടെ രാജാവ്

By: ജി.എസ് ഉണ്ണിക്കൃഷ്ണന്‍ നായര്‍
കേരളത്തിന്റെ നാടന്‍നെല്ലിനങ്ങളില്‍ നവരയോളം തന്നെ പ്രാധാന്യമുള്ളതാണ് വയനാടന്‍ ഇനമായ 'ചെന്നെല്ല്'. ഇവിടത്തെ കുറിച്യ,കുറുമ വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ ഇന്നും ഈയിനത്തെ നെല്ലിനങ്ങളുടെ രാജാവായി കരുതുന്നു.
120 മുതല്‍ 150 ദിവസം വരെ മൂപ്പുള്ള ഇനമാണ് ചെന്നെല്ല്. നെല്‍ച്ചെടികള്‍ക്ക് 50 സെന്റീമീറ്റര്‍ വരെ ഉയരമുണ്ട്. നീണ്ട് ഉരുളന്‍ ആകൃതിയിലുള്ള നെല്ലരിക്ക് ചുവന്ന നിറമാണ്. മൂപ്പുകൂടിയ ഇനമായതിനാല്‍ 'നഞ്ച' സീസണില്‍ മാത്രമേ (ഇടവപ്പാതിയെ ആശ്രയിച്ചുള്ള കൃഷി) ഇതു കൃഷി ചെയ്യാറുള്ളു. ഒരേക്കറില്‍ നിന്ന് ആയിരം കിലോഗ്രാമോളം വിളവ് ലഭിക്കുമെന്ന് കുറിച്യകര്‍ഷകനും നാടന്‍നെല്ലിനങ്ങളുടെ സംരക്ഷകനുമായ ചെറുവയല്‍ രാമന്‍ പറഞ്ഞു. നല്ല കീടരോഗപ്രതിരോധശേഷിയുള്ള ഇനമാണിതെന്നും കണ്ടിട്ടുണ്ട്.
കുറിച്യര്‍ വിശിഷ്ട നെല്ലിനമായാണ് ചെന്നെല്ലിനെ കരുതുന്നത്. ആരാധനാമൂര്‍ത്തികള്‍ക്ക് ഇതുപയോഗിച്ചുണ്ടാക്കിയ അപ്പവും പായസവും പുത്തരിയുമൊക്കെ സമര്‍പ്പിക്കുന്നു. ശ്വാസനാളത്തില്‍ പുണ്ണുണ്ടായി മരണത്തിനുവരെ കാരണമാകുന്ന 'അടപ്പന്‍ രോഗത്തിന്' ചെന്നെല്ല് ഒറ്റമൂലിയാണെന്ന് ഇടത്തന കുറിച്യ തറവാട്ടിലെ അപ്പച്ചന്‍ വൈദ്യര്‍ പറഞ്ഞു. ഇത് പച്ചമരുന്നു ചേര്‍ത്തരച്ച് രോഗിയുടെ നാക്കില്‍ തൊടുകയും നെഞ്ചില്‍ പുരട്ടുകയും ചെയ്യുന്നു. ഛര്‍ദ്ദി,വയറുകടി എന്നിവയ്ക്കും ചെന്നെല്ല് ഔഷധമായി ഉപയോഗിക്കുന്നുണ്ട്.
ചെന്നെല്ലിന്റെ ഗുണത്തെ സംബന്ധിച്ച് ഗവേഷണങ്ങളും നടന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ 'നൂറുള്‍ ഇസ്ലാം സെന്റര്‍ ഓഫ് നാനോ ടെക്‌നോളജിയും' , 'അണ്ണാമലൈ യൂണിവേഴ്‌സിറ്റിയും' നടത്തിയ പഠനത്തില്‍ ചെന്നെല്ലില്‍ ഔഷധ ഫീനോളുകള്‍, ഫ്‌ളവനോയ്ഡുകള്‍,പ്രോട്ടീന്‍,കാര്‍ബോഹൈഡ്രേറ്റ് എന്നിവ നല്ലതോതിലുണ്ടെന്ന് തെളിഞ്ഞു.ഫീനോളുകളുടെ സാന്നിദ്ധ്യം ഇതിന്റെ നിരോക്‌സീകാരകശേഷി കൂടുമ്പോള്‍ ഫ്‌ളവനോയ്ഡുകള്‍,ഹൃദ്രോഗം,അള്‍സര്‍, വാതരോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ പ്രതിരോധശേഷി ഉണ്ടാക്കാന്‍ കാരണമാകുന്നു. ചെന്നെല്ലിന്റെ വകഭേദമായ 'കുഞ്ഞിനെല്ല്' മഞ്ഞപ്പിത്തില്‍ നിന്ന് മുക്തി നേടാന്‍ രോഗികള്‍ക്ക് നല്‍കുന്നുണ്ട്.
'നവര'യെപ്പോലെ ചെന്നെല്ലിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് വേണ്ടത്ര പഠനങ്ങള്‍ നടന്നിട്ടില്ലെന്നതാണ് വാസ്തവം. ഈയിനം ഉള്‍പ്പെടെ 21 വയനാടന്‍ നെല്ലിനങ്ങള്‍ക്ക് കേന്ദ്ര ആക്ടിനുകീഴില്‍ രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുണ്ട്. വയനാട്ടിലെ ചില പ്രദേശങ്ങളില്‍ മാത്രമായി അവശേഷിക്കുന്ന ചെന്നെല്ലിന്റെ കൃഷിക്ക് മുന്തിയ പരിഗണന ലഭിക്കേണ്ടിയിരിക്കുന്നു.


VIEW ON mathrubhumi.com