മഴ പെയ്തു, ഇനി തെങ്ങിന് വളമിടാം

By: പ്രമോദ് കുമാര്‍ വി.സി.
പണ്ടുകാലത്ത് കനത്തമഴ പെയ്യാന്‍ കാത്തുനില്‍ക്കുകയാണ് കേരകര്‍ഷന്‍. തെങ്ങിന് തടമെടുത്ത് വളമിടാന്‍. തെങ്ങിന്റെ ഇലച്ചാര്‍ത്തിന്റെ വട്ടത്തില്‍ തടം തുറന്നതിന് ശേഷം വേര് വേഗം പൊന്തി വളരാന്‍ ആദ്യം ചുവട്ടില്‍ കല്ലുപ്പു വിതറുന്നു. കായ് ഫലത്തിനും പുഷ്ടിക്കും പലതരം ഇലത്തോലുകളും, ചാണകവും വെണ്ണീറും തടത്തില്‍ നിറച്ച് മൂടുകയാണ് പതിവ്. തെങ്ങിന്റെ തടം തുറക്കലും വളമിടലും ശാസ്ത്രീയമായ രീതിയില്‍ പരിചയപ്പെടാം.
തടം തുറക്കല്‍
തെങ്ങിന്റെ തടം തുറക്കല്‍ ശാസ്ത്രീയമായ രീതിയില്‍ത്തന്നെ ചെയ്താലേ ഉദ്ദേശിച്ച ഫലം ലഭ്യമാവൂ. ആഴം കുറഞ്ഞാല്‍ തെങ്ങിന്റെ വേരില്‍ വളമെത്തില്ല. അത് ഒലിച്ചുപോവും. ആഴം കൂടിയില്‍ തെങ്ങിന്റെ നിലനില്‍പ്പിനെത്തന്നെ അത് ബാധിക്കും. തെങ്ങിന്‍ തടത്തിന്റെ വട്ടം അതിന്റെ ഇലച്ചാര്‍ത്തിന് സമാന്തരമായിരിക്കണം. കൂടിയാല്‍ തായ്ത്തടിയെ ബാധിക്കും. വ്യാസം രണ്ടുമീറ്ററില്‍ക്കൂടാന്‍ പാടില്ല. ആഴം അരമീറ്ററില്‍ കൂടരുത്. കാരണം മഴക്കാലത്ത് വേര് പൊന്തി, തെങ്ങ് മറിഞ്ഞു വീണുപോവും. മുകളിലേക്ക് പൊന്തിനില്‍ക്കുന്ന വേരുകള്‍ ചെത്തിയൊരുക്കി വൃത്തിയാക്കിയാണ് തടം തുറക്കേണ്ടത്.
വളം ചേര്‍ക്കല്‍
പണ്ട് നമ്മള്‍ തെങ്ങിന് ധാരാളം പച്ചിലവളം ചേര്‍ക്കുമായിരുന്നു. അത് ഇപ്പോഴും തുടരുന്നുണ്ടെങ്കിലും അതിന്റെ അളവ് ചേര്‍ക്കുന്ന പച്ചിലയുടെ ഗുണം ചേര്‍ക്കുന്ന രീതി എന്നിവയില്‍ നല്ല വ്യത്യാസം കണ്ടുവരുന്നുണ്ട്. ചെത്തിയൊരുക്കിയ തടത്തില്‍ ആദ്യം ഒരു കിലോ കുമ്മായമോ ഡോളമൈറ്റോ വിതറുക. മണ്ണിന്റെ അസിഡിറ്റി കുറയ്ക്കാനും മറ്റ് മൂലകങ്ങളെ മണ്ണില്‍ നിന്ന് വലിച്ചെടുക്കാനും ചേര്‍ക്കാന്‍ പോകുന്ന പച്ചിലവളം പെട്ടെന്ന് അഴുകി മണ്ണുമായിച്ചേരാനും ഇത് സഹായിക്കുന്നു.
അതിനുശേഷം ഒരാഴ്ച കഴിഞ്ഞ് ഓരോ തടത്തിലും 20-30 കിലോ ജൈവവളം ചേര്‍ത്തുകൊടുക്കാം, ചാണകം , കമ്പോസ്റ്റ്, കോഴിക്കാഷ്ഠം എന്നിവയാണ് ചേര്‍ക്കേണ്ടത്. പത്തു മാസത്തിനകം അതിനു മുകളില്‍ രണ്ടുകിലോ ഉപ്പ് വിതറിയതിനുശേഷം തടം കുറച്ച് മണ്ണ് വിതറി മൂടുക. നല്ല മഴയത്ത് അവ അലിഞ്ഞു കഴിഞ്ഞാല്‍ തടം മണ്ണിട്ടുമൂടുക.
വളത്തിന്റെ അളവ് മികച്ച വിളവിനായി പല കര്‍ഷകരും രാസവളങ്ങള്‍ ചേര്‍ത്തുവരുന്നുണ്ട.് കൃത്യമായ അളവില്ലാതെ ചേര്‍ക്കുന്ന രാസവളം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ദിവസേന നനയില്ലാത്ത നാടന്‍ ഇനം തെങ്ങുകള്‍ും കുട്ടനാടന്‍ തെങ്ങുകള്‍ക്കും ഒരു തടത്തിന് 350 ഗ്രാം യൂറിയയും 350 ഗ്രാം പൊട്ടാഷും 300 ഗ്രാം റോക്ക് ഫോസ്ഫേറ്റും നല്‍കാം.
തെങ്ങിന്റെ ഇനം സങ്കരവും ഉത്പാദനശേഷികൂടിയതും ആണെങ്കില്‍ ഇതിന്റെ അളവ് യഥാക്രമം 500ഗ്രാം, 600ഗ്രാം, 500ഗ്രാം എന്നിങ്ങനെ നല്‍കാം. തെക്കന്‍ കേരളത്തിലെ തെങ്ങുകള്‍ക്കും നനയ്ക്കുന്ന തെങ്ങുകള്‍ക്കും ഒരു തടത്തിന് 500 ഗ്രാം യൂറിയയും 500 ഗ്രാം പൊട്ടാഷും 400 ഗ്രാം റോക്ക് ഫോസ്ഫേറ്റും നല്‍കാം.
പ്രായം കുറവുള്ള തെങ്ങുകള്‍ക്ക് ഇതിന്റെ പകുതി നല്‍കിയാല്‍ മതി. ഒരുവര്‍ഷം മാത്രം പ്രായമുള്ള തൈത്തെങ്ങാണെങ്കില്‍ ഇതിന്റെ മൂന്നിലൊന്ന് നല്‍കിയാല്‍ മതി. വളം ചേര്‍ത്തതിന് ശേഷം തൈക്കുഴി ഭാഗികമായി മൂടാം. എല്ലാത്തിലും മീതെ മണ്ണറിഞ്ഞ് വളം നല്‍കുക എന്നതാണ്. പച്ചക്കറി കൃഷിപോലെത്തന്നെ കേരകൃഷിക്കും മണ്ണ് പരിശോധന വിളവിന്റെ വര്‍ധനയ്ക്കും തെങ്ങിന്റെ പുഷ്ടിക്കും സഹായകമാണ്.


VIEW ON mathrubhumi.com