ഓലപ്പുഴുവിന്റെ പരാദപ്രാണികള്‍

By: സുരേഷ് മുതുകുളം
വളരെ ഫലവത്തായി ഉപയോഗിക്കാവുന്ന തെങ്ങോലപ്പുഴുവിന്റെ ശത്രുപരാദങ്ങളാണ് ഗോണിയോസസ് നെഫാന്റിഡിസ്, ബ്രാക്കണ്‍ ബ്രെവികോര്‍ണിസ്, എലാസ്മസ് നെഫാന്റിഡിസ്, ബ്രാക്കിമേറിയ നൊസട്ടോയ് എന്നിവ. പുഴുവിന്റെ വ്യത്യസ്ത വളര്‍ച്ചാദശകളെയാണ് ഇവ നശിപ്പിക്കുന്നത്. ഇവയെ വളര്‍ത്തി തെങ്ങിന്‍തോട്ടത്തില്‍ വിടുകയാണ് പതിവ്. രണ്ടാഴ്ചകൂടുമ്പോള്‍ തെങ്ങിന്റെ മണ്ടയിലാണ് പരാദങ്ങളെ തുറന്നുവിടുക. കീടനാശിനിയോ മറ്റോ തളിച്ചിട്ടുണ്ടെങ്കില്‍ മൂന്നാഴ്ച കഴിഞ്ഞേ ഇവയെ തുറന്നുവിടാവൂ.
ഇവയെ വളര്‍ത്തുന്ന പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷനുകള്‍ കൃഷിവകുപ്പിനുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ബ്രീഡിങ് സ്റ്റേഷനുകളില്‍നിന്ന് പ്രാണികളെ കിട്ടും. ഇതുവഴി 80-90 ശതമാനംവരെ പുഴുക്കളെ നിയന്ത്രിക്കാന്‍ കഴിയും.
സൗജന്യമായാണ് ഇവ നല്‍കുക. പരാദങ്ങളെ ആരുടെയും സഹായമില്ലാതെതന്നെ കെട്ടിടത്തിന്റെ മുകളില്‍നിന്നോ തറയില്‍നിന്നോ പറത്തിവിടുകയും ചെയ്യാം.


VIEW ON mathrubhumi.com