വന്‍കിട തോട്ടങ്ങളില്‍ റബ്ബറിന്റെ ആവര്‍ത്തന കൃഷി നിലച്ചു

മുണ്ടക്കയം: വന്‍കിട റബ്ബര്‍ തോട്ടങ്ങളില്‍ ആവര്‍ത്തന കൃഷി നിലച്ചതോടെ കൈതകൃഷിയും പ്രതിസന്ധിയില്‍. തടി വെട്ടിമാറ്റുന്നതു സംബന്ധിച്ച് സര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ വന്‍കിട തോട്ടങ്ങളില്‍ ആവര്‍ത്തന കൃഷി നടക്കുന്നില്ല. വന്‍കിട തോട്ടങ്ങളില്‍ ആവര്‍ത്തന കൃഷിയുടെ വിസ്തൃതി കൂടിയതിനാല്‍ ഏക്കര്‍ കണക്കിന് സ്ഥലങ്ങളില്‍ കൈതകൃഷി സാധ്യമായിരുന്നു. കൂടുതല്‍ പ്രദേശം കൃഷിചെയ്യുന്നത് ചെലവുകുറവും ആദായകരവുമായിരുന്നു. ഇക്കാരണങ്ങളാല്‍ കൈത കൃഷിക്കാര്‍ കൂടുതലും ആശ്രയിച്ചിരുന്നത് വന്‍കിട തോട്ടങ്ങളെയായിരുന്നു. എന്നാല്‍ മരം മുറിച്ചുമാറ്റല്‍ അനിശ്ചിതത്തിലായതോടെ നിലച്ചതോടെ ചെറുകിട തോട്ടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ കൈത കൃഷിക്കാരെത്തുന്നത്.
വന്‍കിട തോട്ടങ്ങളായ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍, ടി.ആര്‍.ആന്‍ഡ് ടി. എസ്റ്റേറ്റ് എന്നിവിടങ്ങളിലെ റബ്ബര്‍ മരങ്ങളാണ് സര്‍ക്കാര്‍ ഭൂമിയാണെന്നുള്ള തര്‍ക്കത്താല്‍ മുറിച്ചുനീക്കാന്‍ കഴിയാത്തത്. ഇതോടെ ഇവിടങ്ങളില്‍ ആവര്‍ത്തന കൃഷി നിലച്ചതാണ് കൈതകൃഷിക്കു വിനയായത്. ചെറുകിട പ്രദേശങ്ങളിലേക്ക് കൈതലോബികള്‍ എത്തിയതോടെ പാട്ടത്തുകയിലും വര്‍ധനയുണ്ടായി. ചെറുകിട തോട്ടങ്ങളില്‍ ഏക്കറിന് ഒരുവര്‍ഷത്തേക്ക് 50,000 രൂപ വരെ പാട്ടത്തുകയായി നല്‍കുന്നുണ്ട്. പാട്ടത്തുകയിലുണ്ടായ വര്‍ധന വിലയിടിവില്‍ നട്ടം തിരിയുന്ന ചെറുകിട റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പരിധിവരെ ആശ്വാസമായിട്ടുണ്ട്. കൈതകൃഷി നടത്തുന്ന കാലയളവായ മൂന്നു വര്‍ഷത്തേക്ക് റബ്ബര്‍ തൈകള്‍ നട്ട് പരിപാലിക്കാനാണ് മിക്ക കൈതകര്‍ഷകരും പ്രോത്സാഹിപ്പിക്കുന്നത്.
റബ്ബര്‍തോട്ടങ്ങളില്‍ ഇടവിളയായി കൈതയും വാഴയും കപ്പയും കൃഷി ചെയ്യുന്നുണ്ടെങ്കിലും സാമ്പത്തിക നേട്ടം കൂടുതലുള്ളത് കൈതയ്ക്കാണ്. കപ്പയും റബ്ബറും ഒരേ വര്‍ഗത്തില്‍പെടുന്നതിനാല്‍ കപ്പയ്ക്ക് വരുന്ന രോഗങ്ങള്‍ റബ്ബറിനെയും ബാധിക്കുമെന്നതിനാല്‍ റബ്ബര്‍ ബോര്‍ഡ് ഇടവിളയായി കപ്പകൃഷിയെ പ്രോത്സാഹിപ്പിക്കുന്നില്ല. മുന്തിയ ഇനം റബ്ബര്‍ നടുന്നതിനാല്‍ രണ്ടുവര്‍ഷം കഴിയുന്നതോടെ റബ്ബര്‍ തൈകള്‍ വളര്‍ന്ന് പൊങ്ങുന്നതില്‍ വാഴകൃഷി പ്രായോഗികമല്ല. ഇക്കാരണത്താല്‍ കര്‍ഷകര്‍ സമ്പത്തികമെച്ചം ഏറെയുള്ള കൈതകൃഷിയിലേക്ക് മാറുകയാണ്.


VIEW ON mathrubhumi.com