കറുത്ത പൊന്നിന്റെ പ്രതാപം വീണ്ടെടുക്കാന്‍ 'കുരുമുളക് ഗ്രാമം' പദ്ധതി

By: വീണാറാണി ആര്‍.
ആഗോളവിപണിയില്‍ മലബാര്‍ പെപ്പര്‍ എന്നപേരില്‍ നമ്മുടെ കറുത്തപൊന്ന് പ്രതാപം പിടിച്ചെടുത്തിരിക്കയാണ്. വില കൂടുന്നതിനനുസരിച്ച് കര്‍ഷകര്‍ക്കും കുരുമുളകിനോട് താത്പര്യം കൂടുന്നു. തിരുവാതിര ഞാറ്റുവേലയാണ് കുരുമുളകിന്റെ നടീല്‍ക്കാലം. ഉത്പാദനശേഷി കൂടിയതും രോഗപ്രതിരോധശേഷിയുള്ളതുമായ ഇനങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്.
കണ്ണൂര്‍ ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമമായ പന്നിയൂരിന് അന്താരാഷ്ട്രപ്രശസ്തി നേടിക്കൊടുത്തത് പന്നിയൂര്‍1 മുതല്‍ 7 വരെയുള്ള ഇനങ്ങളാണ്. അത്യുത്പാദനശേഷിയുള്ള കുരുമുളകുതൈകള്‍ കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിനായി ധാരാളം പദ്ധതികളാണ് പന്നിയൂര്‍ കൃഷിവിജ്ഞാനകേന്ദ്രം ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്.
ലോകത്തിലെ ആദ്യത്തെ സങ്കരയിനം കുരുമുളകാണ് പന്നിയൂര്‍1. ഉതിരന്‍കൊട്ടയും ചെറിയ കന്നിയക്കാടനും മാതാപിതാക്കളായ പന്നിയൂര്‍1 തുറസ്സായ സ്ഥലത്തേക്ക് യോജിച്ച ഇനമാണ്. കുരുമുളകിന്റെ ഗുണമേന്മ നിര്‍ണയിക്കുന്ന ഒളിയോറൈസിനും പൈപ്പറിനും പന്നിയൂര്‍1ല്‍ കൂടിയതോതില്‍ അടങ്ങിയിരിക്കുന്നു.
വെള്ളക്കുരുമുളക് തയ്യാറാക്കാന്‍ ഏറ്റവും യോജിച്ച ഇനം പന്നിയൂര്‍1 ആണ്. ബാലന്‍കൊട്ടയില്‍നിന്ന് ഉരുത്തിരിച്ചെടുത്ത ഇനമാണ് പന്നിയൂര്‍2. തെങ്ങിന്‍തോട്ടത്തിലെ ഇടവിളയാക്കാന്‍ യോജിച്ച ഇനമാണിത്. തെങ്ങിന്‍ചുവട്ടില്‍ നിന്ന് രണ്ടുമീറ്റര്‍ അകലെയായി വടക്കുഭാഗത്തായാണ് തൈ നടേണ്ടത്. ഒരു ഹെക്ടറില്‍ 25-70 കിലോഗ്രാംവരെ ഉത്പാദനം തരാന്‍ പന്നിയൂര്‍2ന് കഴിയും.
ഉതിരന്‍കൊട്ടയുടെയും ചെറിയ കന്നിയക്കാടന്റെയും സങ്കരണത്തിലൂടെ പുറത്തിറക്കിയ ഹൈബ്രിഡാണ് പന്നിയൂര്‍3. ഒളിയോറൈസിന്റെ അളവ് കൂടുതലായ ഈ ഇനം എല്ലാ സ്ഥലത്തും നന്നായി വളരും. കുതിരവാലിയില്‍നിന്ന് ഉരുത്തിരിച്ചെടുത്ത പന്നിയൂര്‍4ന് കാലാവസ്ഥാപ്രശ്‌നങ്ങളെ തരണംചെയ്ത് മുന്നേറാനുള്ള കഴിവുണ്ട്.
പെരുംകൊടിയുടെ പിന്മുറക്കാരനാണ് പന്നിയൂര്‍5. നഴ്‌സറിയില്‍ രോഗാവസ്ഥ വളരെ കുറയുമെന്നതാണ് അഞ്ചാമന്റെ പ്രധാന പ്രത്യേകത. കുരുമുളകിനെ മൂടോടെ നശിപ്പിച്ചുകളയുന്ന ദ്രുതവാട്ടരോഗത്തെ പ്രതിരോധിക്കാന്‍ കഴിവുള്ള ഇനങ്ങളാണ് പന്നിയൂര്‍6, പന്നിയൂര്‍7 എന്നിവ.
കര്‍ഷകര്‍ക്കിടയില്‍ ഗുണമേന്മയുള്ള ഇനങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി കുരുമുളകുഗ്രാമം പദ്ധതി നടപ്പാക്കുന്നുണ്ട്. തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് അത്യുത്പാദനശേഷിയുള്ള നടീല്‍ വസ്തുക്കള്‍ നല്‍കുകയും നാഗപതിയുള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ തൈകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുകയുമാണ് ലക്ഷ്യമെന്ന് പന്നിയൂര്‍ കൃഷിവിജ്ഞാനകേന്ദ്രം തലവനും പ്രോഗ്രാം കോഓര്‍ഡിനേറ്ററുമായ ഡോ. പി. ജയരാജ് പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 04602226087.


VIEW ON mathrubhumi.com