കുരുമുളക് വള്ളി പടര്‍ത്താന്‍ പെര്‍ക്കൊലേറ്റര്‍ ഫെര്‍ട്ടിഗേഷന്‍ പോസ്റ്റ്

By: ഡി.അജിത് കുമാര്‍
കുരുമുളകുവള്ളി കയറ്റിവിടാന്‍ പറ്റിയ മരങ്ങള്‍ കുറവാണെന്നത് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളിലൊന്നാണ്. വളര്‍ന്ന മരത്തില്‍ വള്ളി പടരാന്‍ താമസംവരും. വള്ളി നന്നായി വളര്‍ന്നാല്‍ മരം ഉണങ്ങിപ്പോകുന്നതും സാധാരണം. കാലാകാലങ്ങളില്‍ മരങ്ങളുടെ ശിഖരങ്ങള്‍ മുറിക്കണമെന്ന പ്രശ്‌നവുമുണ്ട്.
എന്നാല്‍, ഇതിനൊക്കെ പരിഹാരം കണ്ടിരിക്കുകയാണ് കോതമംഗലം തട്ടേക്കാട് കുരിശുംമൂട്ടില്‍ ജോബി സെബാസ്റ്റ്യന്‍. കുരുമുളകുവള്ളി പടര്‍ത്താന്‍ പെര്‍ക്കൊലേറ്റര്‍ ഫെര്‍ട്ടിഗേഷന്‍ പോസ്റ്റ് ആണ് ഇദ്ദേഹം കണ്ടെത്തിയിട്ടുള്ളത്. പോറസ് കോണ്‍ക്രീറ്റില്‍ നിര്‍മിച്ച, രണ്ടടി ഉയരമുള്ള വളയങ്ങള്‍ മുകളില്‍മുകളിലായിവെച്ചാണ് പോസ്റ്റ് തയ്യാറാക്കുന്നത്. പത്തടി ഉയരംവരെ പോസ്റ്റ് ഇടാമെന്ന് ജോബി പറഞ്ഞു. റിങ്ങുകള്‍ പ്രത്യേകാനുപാതത്തിലുള്ള സിമന്റ് മിശ്രിതം ഉപയോഗിച്ചാണ് ഉറപ്പിക്കുന്നത്. ഇതിനോട് ചേര്‍ത്ത് മുക്കാലി ചാരിവെച്ച് കുരുമുളക് പറിച്ചെടുക്കാം.
ഈ പോസ്റ്റിന്റെ സവിശേഷതകള്‍ കുരുമുളക് വളരാന്‍ സഹായിക്കുന്നതാണ്. റിങ്ങിന് ഉള്‍വശം പൊള്ളയാണ്. മണ്ണ്, ചകിരിച്ചോര്‍, ജൈവവളം എന്നിവ ഇതില്‍ നിറയ്ക്കാം. നിലത്തുനിന്ന് റിങ്ങുകള്‍ വെച്ചുതുടങ്ങാം. റിങ്ങിന്റെ നാലുചുറ്റിലുമായി മണ്ണിലാണ് കുരുമുളകുവള്ളികള്‍ നടേണ്ടത്. ചുവട്ടിലെ മണ്ണില്‍നിന്നും പിടിച്ചുകയറുന്ന പോസ്റ്റിനുള്ളില്‍നിന്നും വെള്ളവും വളവും കിട്ടുന്നതോടെ ഈ ചെടിക്ക് കുറ്റിക്കുരുമുളകിന്റെകൂടി സ്വഭാവം കൈവരും. വശങ്ങളിലേക്ക് കൂടുതല്‍ തലപ്പുകള്‍ കിളിര്‍ക്കും. അതിലെല്ലാം വര്‍ഷംമുഴുവന്‍ കുരുമുളക് കായ്ക്കും.
ഇരട്ടിവേഗത്തില്‍ ചെടി വളരുമെന്നും ജോബി പറയുന്നു. വേരുകള്‍ക്ക് പിടിച്ചുകയറാന്‍ പോറസ് കോണ്‍ക്രീറ്റിലെ പരുക്കന്‍പ്രതലവും സുഷിരങ്ങളും സഹായകമാകും. നഴ്‌സറി ആവശ്യത്തിനുള്ള വള്ളികള്‍ വളര്‍ത്തി മുറിച്ചെടുക്കാനും പെര്‍ക്കൊലേറ്റര്‍ പോസ്റ്റ് ഉപയോഗിക്കാം. താങ്ങുമരത്തില്‍ കുരുമുളക് വളര്‍ത്തിയാല്‍ ശിഖരങ്ങള്‍ സൂര്യപ്രകാശം മറയ്ക്കുന്നത് വിളവു കുറയ്ക്കും. സൂര്യപ്രകാശം കിട്ടാതാകുന്നതോടെ ചെടികള്‍ക്ക് രോഗസാധ്യതയും കൂടും. പോസ്റ്റില്‍ പടര്‍ത്തിയാല്‍ ഇതെല്ലാം ഒഴിവാകും. ഒരുവര്‍ഷംകൊണ്ട് കായ്ച്ചുതുടങ്ങും. നാലിരട്ടി വിളവും കിട്ടുമെന്ന് ഇദ്ദേഹം പറയുന്നു.
പോസ്റ്റുകള്‍ അടുത്തടുത്ത് സ്ഥാപിക്കാം. ഒരേക്കറില്‍, സാധാരണയുള്ളതിന്റെ 50 ശതമാനം അധികം വള്ളികള്‍ നടാം. ഭാര്യ ലൗലി, മക്കളായ പ്രിയ, പ്രീതി, പ്രിന്‍സ, റോസ് എന്നിവരും കൃഷിയില്‍ ജോബിക്ക് പിന്തുണയുമായുണ്ട്.
ഫോണ്‍: 9048365013.


VIEW ON mathrubhumi.com