കര്‍ഷകര്‍ക്ക് പ്രിയം ഗിഫ്റ്റ് മത്സ്യക്കൃഷി; ഒരു കിലോ ഗിഫ്റ്റിന് 400 രൂപ

By: രമേഷ് കുമാര്‍ വെള്ളമുണ്ട
കൃഷി ചെയ്യാനുള്ള മനസ്സും ഒരു കുളവും ഉണ്ടെങ്കില്‍ മറ്റൊന്നും ആലോചിക്കേണ്ട. ആര്‍ക്കും തുടങ്ങാം മത്സ്യകൃഷി. കേരളത്തില്‍ അതിവേഗം വളരുന്ന തൊഴില്‍ മേഖലയായി മത്സ്യകൃഷി മാറുകയാണ്. ജില്ലകളിലെല്ലാം പ്രവര്‍ത്തിക്കുന്ന ഫിഷറീസ് വകുപ്പ് മത്സ്യകൃഷിക്ക് എല്ലാവിധ സഹായങ്ങളുമായെത്തും. അതിനൂതനമായ മത്സ്യകൃഷിയില്‍ ഗിഫ്റ്റ് മത്സ്യകൃഷിയാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് പ്രിയം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ 'അക്വാചിക്കന്‍' എന്നാണ് 'ഗിഫ്റ്റ്' മത്സ്യം അറിയപ്പെടുന്നത്.
കല്‍പ്പറ്റ വെള്ളാരംകുന്നിലെ രാമന്‍കുട്ടിയുടെ കൃഷിയിടത്തില്‍ ഗിഫ്റ്റ് മത്സ്യം വിളവെടുപ്പ് നടത്തുന്നു : (ഫോട്ടോ: ബിജോയ് )
ശരീരവളര്‍ച്ചയ്ക്ക് അത്യാവശ്യമായ മാംസ്യം ധാരാളമുള്ളതും എന്നാല്‍ അന്നജത്തിന്റെ അളവില്ലാത്തതുമായ ഈ മത്സ്യം വിദേശരാജ്യങ്ങളിലെ രുചികരവും പ്രിയങ്കരവുമായ ഒരിനമാണ്. മലേഷ്യയിലെ വേള്‍ഡ് ഫിഷ് സെന്ററിന്റെ സാങ്കേതിക സഹകരണത്തോടെ വിജയവാഡയിലെ രാജീവ്ഗാന്ധി സെന്റര്‍ഫോര്‍ അക്വാകള്‍ച്ചര്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് ഇന്ത്യയില്‍ ഗിഫ്റ്റ് മത്സ്യത്തിന്റെ പ്രചരണത്തിനും പ്രജനനത്തിനും നേതൃത്വം നല്‍കുന്നത്.രോഗ പ്രതിരോധ ശേഷിയുള്ള നൈല്‍ തിലാപ്പിയ തള്ളമത്സ്യങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മുട്ടകളില്‍ നിന്നും വിരിയിച്ചെടുക്കുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് ഹോര്‍മോണ്‍ തീറ്റ നല്‍കി മുഴുവന്‍ മത്സ്യക്കുഞ്ഞുങ്ങളേയും ആണ്‍ മത്സ്യങ്ങളാക്കി, ത്വരിത വളര്‍ച്ചയും മികച്ച അതിജീവനശേഷിയും ഉറപ്പുവരുത്തുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗിഫ്റ്റ് ഉല്പാദിപ്പിക്കുന്നത്. ഇരുപത്തഞ്ച് ദിവസം പ്രായമായ ആണ്‍ മത്സ്യങ്ങളെ സാധാരണ മണ്‍കുളങ്ങളില്‍ സംഭരിച്ച് വളര്‍ത്തുന്നു. 10 മാസംകൊണ്ട് ഒരു കിലോഗ്രാം വരെ ഈ മത്സ്യം വളരും. സാധാരണയായി തിലാപ്പിയ ഓരോ ഇരുപത്തെട്ട് ദിവസം കഴിയുമ്പോഴും പ്രജനനം നടത്തുന്നതിനാല്‍ പരമാവധി ഭാരം 200 ഗ്രാമില്‍ ഒതുങ്ങും. പ്രത്യുല്പാദന പ്രക്രിയയില്‍ ധാരാളം ഊര്‍ജ്ജം ചെലവഴിക്കുന്നത് ഒഴിവാക്കാന്‍ പെണ്‍മത്സ്യങ്ങളെ ഈ കൃഷിയില്‍ പൂര്‍ണ്ണമായും ഒഴിവാക്കും. ഒരു കിലോ ഗിഫ്റ്റ് മത്സ്യത്തിന് ഇപ്പോള്‍ 400 രൂപ വരെയാണ് കര്‍ഷകന് ലഭിക്കുന്നത്.
ചുരുങ്ങിയത് അമ്പത് സെന്റ് വിസ്തീര്‍ണ്ണമുള്ള കുളങ്ങളിലാണ് ഗിഫ്റ്റ് മത്സ്യം വളര്‍ത്താനുള്ള അനുമതി സര്‍ക്കാര്‍ നല്‍കുന്നത്. പ്രോട്ടീന്‍ സാന്ദ്രതയേറിയ കൃത്രിമത്തീറ്റ നല്‍കിയാണ് ഇവയെ വളര്‍ത്തുന്നത്. ഫിഷറീസ് വകുപ്പിന്റെ നൂതന ജലകൃഷി രീതി പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി വയനാട്ടില്‍ നിരവധി കര്‍ഷകര്‍ ഗിഫ്റ്റ് മത്സ്യം കൃഷിചെയ്യുന്നുണ്ട്. വിപണിയിലും ഈ മറുനാടന്‍ മത്സ്യത്തിന് പ്രിയമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വയനാട് ജില്ലാ ഫിഷറീസ് ഓഫീസില്‍ നിന്നും അറിയാം.
Contact number : 04936 255214


VIEW ON mathrubhumi.com