ഡയറി ഫാം ലാഭകരമാക്കാന്‍

By: ഡോ. പി.കെ. മുഹ്‌സിന്‍
പശുക്കളെ വേണ്ടരീതിയില്‍ പരിപാലിച്ചാല്‍ ഡയറിഫാം ലാഭകരമാക്കാന്‍ കഴിയും. സങ്കരയിനത്തില്‍പ്പെട്ട പശുക്കള്‍ 25 മുതല്‍ 30 മാസംവരെയും ഇന്ത്യന്‍ ജനുസ്സില്‍പ്പെട്ടവ ശരാശരി 40 മാസം പ്രായമാകുമ്പോഴുമാണ് സാധാരണഗതിയില്‍ പ്രസവിക്കുന്നത്.
പശുക്കുട്ടികള്‍ക്ക് വേണ്ടത്ര തീറ്റ കൊടുത്തില്ലെങ്കില്‍ കൂടുതല്‍ക്കാലം കഴിഞ്ഞതിനുശേഷമേ ഇണചേര്‍ക്കാന്‍ സാധിക്കുകയുള്ളൂ. ക്ഷീരോത്പാദനത്തിനാകുന്ന ചെലവിന്റെ 70 മുതല്‍ 80 ശതമാനവും കാലിത്തീറ്റയുടെ വിലയാണ്.
കന്നുകാലികള്‍ അവയുടെ ശരീരാവശ്യങ്ങള്‍ക്ക് വേണ്ട തീറ്റ ഉപയോഗിച്ചതിനുശേഷമുള്ള തീറ്റയാണ് ക്ഷീരോത്പാദനത്തിനായി ഉപയോഗിക്കുക. അതിനാല്‍ കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന പശുക്കള്‍ക്ക് കൂടുതല്‍ തീറ്റയും ആവശ്യമാണ്.
പശു പ്രസവിച്ച് അതിന്റെ കറവവറ്റുന്നതുവരെയുള്ള കാലത്തെ ക്ഷീരണകാലം എന്ന് പറയുന്നു. സാധാരണയായി ഇത് 300 ദിവസമാണ്.
ഡെയറിഫാം നടത്തുമ്പോള്‍ അത് കൂടുതല്‍ ലാഭകരമാക്കാനും ചില റെക്കോഡുകള്‍ നിര്‍ബന്ധമായും സൂക്ഷിക്കണം. ഏറ്റവും പ്രധാനമായത് പശുവില്‍നിന്ന്കിട്ടുന്ന പാലിന്റെയും അതിന്റെ തീറ്റയുടെയും വിവരമാണ്. കൂടാതെ പശുവിനെ ഗര്‍ഭധാരണത്തിനായി കുത്തിവെച്ച തീയതി, പ്രസവദിവസം, വിരമരുന്ന് പ്രതിരോധകുത്തിവെപ്പുകള്‍ നല്‍കിയ വിവരം എന്നിവയും കൃത്യമായി സൂക്ഷിക്കണം. കന്നുകാലികളെ ദിവസവും നിരീക്ഷിക്കണം.
പശുക്കളുടെ ബാഹ്യസ്വഭാവത്തില്‍ മാറ്റം വരുമ്പോള്‍തന്നെ രോഗത്തെപ്പറ്റി ഒരു ഏകദേശരൂപം ലഭിക്കും. മേയാന്‍ വിടല്‍ പതിവുള്ളതാണെങ്കില്‍ തൊഴുത്തില്‍ നിന്ന് ഇറങ്ങുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും നിരീക്ഷിക്കണം. രോഗബാധയുള്ളവയാണെങ്കില്‍ മേച്ചില്‍ സ്ഥലത്ത് കിടക്കുകയോ ഒറ്റപ്പെട്ടുനില്‍ക്കുകയോ ചെയ്യും.
പാല്‍കറക്കല്‍, തീറ്റയും വെള്ളവും കൊടുക്കലും, കുളിപ്പിക്കല്‍ എന്നിവ എല്ലാദിവസവും കൃത്യസമയത്തുതന്നെ നടത്തണം. മഴക്കാലത്ത് കറവപ്പശുക്കളെ ദിവസേന കുളിപ്പിക്കേണ്ടതില്ല. ദിവസേന കുളിപ്പിക്കുമ്പോള്‍ അവയുടെ ശരീരത്തിലുള്ള മെഴുപ്പ് നഷ്ടപ്പെടുകയും രോമങ്ങള്‍ക്ക് മിനുമിനുപ്പ് കുറയുകയും ചെയ്യുന്നു. പശുവിനെ കുളിപ്പിക്കാത്ത ദിവസങ്ങളില്‍ ഒരു ബ്രഷുകൊണ്ട് ശരീരം തുടച്ച് വൃത്തിയാക്കണം. കുടിക്കാന്‍ സദാസമയവും തൊഴുത്തില്‍ ശുദ്ധജലം ലഭ്യമാക്കണം. തക്കതായ മരുന്നുകള്‍ ഉപയോഗിച്ച് കാലികളുടെ ശരീരത്തിലും തൊഴുത്തിലുമുള്ള ബാഹ്യപരാദങ്ങളെ ഉന്മമൂലനം ചെയ്യുകയും വേണം.


VIEW ON mathrubhumi.com