പശു വളര്‍ത്താന്‍ 10 കോടിയുടെ ധനസഹായവുമായി നബാര്‍ഡ്

ആലപ്പുഴ: പശു വളര്‍ത്തലിന് പത്തുകോടി രൂപയുടെ സഹായവുമായി നബാര്‍ഡ് രംഗത്ത്. പശുവളര്‍ത്തല്‍ വ്യാപിപ്പിക്കുകയും ശുദ്ധമായ പാല്‍ ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രാമീണമേഖലയില്‍ ഇത്രയും രൂപ സബ്സിഡിയായി നല്കുന്നത്. സംസ്ഥാനത്ത് ക്ഷീരവികസനവകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതും വകുപ്പാണ്.
ബാങ്കുകള്‍ വഴിയാണ് വായ്പ ലഭ്യമാക്കുക. ആറുലക്ഷം രൂപവരെ വായ്പയായും വായ്പയുടെ 25 ശതമാനം വരെ സബ്സിഡിയായും ലഭിക്കും. ഒന്നോ രണ്ടോ പശുവിനെ വാങ്ങുന്നതിനോ കൂട്ടമായി വാങ്ങുന്നതിനോ സഹായം ലഭിക്കും. പൊതുമേഖലാ ബാങ്കുള്‍ക്കും സഹകരണബാങ്കുകള്‍ക്കും വായ്പ നല്കുന്നതിന് നബാര്‍ഡ് നിര്‍ദേശം നല്കി.
പട്ടിക വിഭാഗങ്ങള്‍ക്ക് 33 ശതമാനം വരെ സബ്സിഡിക്ക് അര്‍ഹതയുണ്ട്. ഒരു ലക്ഷം രൂപ വായ്പയെടുത്താല്‍ രണ്ട് പശുക്കളെ വാങ്ങണം. ബാക്കി തുക മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഉപയോഗിക്കാം. തിരിച്ചടയ്ക്കുന്നതിന് ആറുമാസം വരെ സാവകാശം ലഭിക്കും. വായ്പ വാങ്ങുന്ന സമയത്ത് എന്നുമുതല്‍ തിരിച്ചടവ് തുടങ്ങാനാവുമെന്ന് ബാങ്കുകാര്‍ക്ക് ഉറപ്പു നല്കണം.
പശുവളര്‍ത്തുന്നവര്‍ക്കും, പശുവളര്‍ത്തലില്‍ പരിശീലനം ലഭിച്ചവര്‍ക്കും സ്ത്രീകള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും വായ്പയ്ക്ക് മുന്‍ഗണനയുണ്ട്. സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. ആദ്യം വായ്പ ലഭിക്കുന്നവര്‍ക്കാണ് സബ്സിഡി.


VIEW ON mathrubhumi.com