ആലപ്പുഴ: ആലപ്പുഴയില്‍ മണിക്കൂറുകള്‍ക്കിടയില്‍ നടന്ന രണ്ടു രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളെ കണ്ടെത്താന്‍ തുമ്പുണ്ടാക്കിയ സച്ചിന് ഗുഡ്‌സ് സര്‍വീസ് എന്‍ട്രി. ആലപ്പുഴ കെ-9 സ്‌ക്വാഡിലെ ട്രാക്കര്‍ നായയാണ് സച്ചിന്‍. അഞ്ചുവയസ്സുകാരനായ സച്ചിന്‍ ജര്‍മന്‍ െഷപ്പേഡ് ഇനത്തില്‍പ്പെടുന്നതാണ്. രണ്ടു കൊലപാതകങ്ങളും നടന്ന സ്ഥലത്തെത്തിച്ച സച്ചിന്‍ മണംപിടിച്ചു പിന്തുടര്‍ന്ന് കിലോമീറ്ററുകള്‍ ഓടി.

നായ ഓടിയ റൂട്ടിലെ സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് പ്രതികളെക്കുറിച്ചുള്ള തുമ്പ് പോലീസിനു ലഭിക്കുന്നത്. മധ്യപ്രദേശില്‍ പരിശീലനം നടത്തിയ സച്ചിന്‍ നാലുവര്‍ഷം മുന്‍പാണ് ആലപ്പുഴ കെ-9 സ്‌ക്വാഡിന്റെ ഭാഗമാകുന്നത്. ദിവസവും മണിക്കൂറുകള്‍ നീണ്ട പരിശീലനം നടത്താറുണ്ട്. മണംപിടിച്ച് എട്ടുകിലോമീറ്റര്‍വരെ സച്ചിന് ഓടാന്‍ സാധിക്കും.

ഗുഡ് സര്‍വീസ് എന്‍ട്രി ലഭിക്കുന്നത് ആദ്യമായാണ്. കരീലക്കുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ചിങ്ങോലി കാവില്‍പ്പടി ദേവീക്ഷേത്രത്തില്‍ നടന്ന മോഷണത്തില്‍ പ്രതിയെ പിടിക്കുന്നതിനു നിര്‍ണായകമായ തെളിവ് മണംപിടിച്ചു കണ്ടെത്തിയിരുന്നു. ഇതുംകൂടി മുന്‍നിര്‍ത്തിയാണ് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയത്. സച്ചിന്റെ പരിശീലകരായ എസ്. ശ്രീകാന്ത്, നിതിന്‍ പ്രഭാഷ് എന്നിവര്‍ക്കും ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ചു.