ആലപ്പുഴ: മനുഷ്യരെപ്പോലെതന്നെ മൃഗങ്ങളുടെ കാര്യത്തില്‍ ചോദിക്കാനും പറയാനും ആളുകള്‍ വേണ്ടേ? അതിനുകഴിയുന്ന സൊസൈറ്റിയുടെ പ്രവര്‍ത്തനം ജില്ലയില്‍ നിലച്ചിട്ടു നാളുകള്‍ ഏറെക്കഴിഞ്ഞു.

മൃഗങ്ങളോടുള്ള അതിക്രമം തടയാനുള്ളതാണ് സൊസൈറ്റി ഫോര്‍ പ്രിവെന്‍ഷന്‍ ഓഫ് ക്രുവെല്‍റ്റി ടു ആനിമല്‍ (എസ്.പി.സി.എ.) എന്ന സംഘടന. മറ്റെല്ലാ ജില്ലകളിലും ഇതു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആലപ്പുഴയില്‍ അവതാളത്തിലാണ്.

മൃഗങ്ങളോടുള്ള അക്രമം തുടരുമ്പോഴും സൊസൈറ്റി പ്രവര്‍ത്തിക്കാത്തത് മൃഗസ്‌നേഹികളെ ആശങ്കയിലാക്കുന്നു. ഇടുക്കി, വയനാട് ജില്ലകളില്‍ അതതു ജില്ലാ കളക്ടറും മറ്റു ജില്ലകളില്‍ ജില്ലാ പഞ്ചായത്തുമാണു പദ്ധതിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.

മൃഗസംരംക്ഷണ വകുപ്പിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥനെ സംഘടനയുടെ സെക്രട്ടറിയായും ഉള്‍പ്പെടുത്തിയാണു കമ്മിറ്റി രൂപവത്കരിക്കുന്നത്.

ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍, ഓഫീസ് സ്റ്റാഫ് എന്നിങ്ങനെ മൂന്നു തസ്തികയുമുണ്ട്. മൃഗക്ഷേമവുമായി ബന്ധപ്പെട്ടവരെയാണ് ഈ തസ്തികകളില്‍ നിയമിക്കുക. മൃഗങ്ങളെ ഉപദ്രവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ സൊസൈറ്റിക്കു സ്വമേധയാ കേസെടുക്കാനാകും.

അടുത്തിടെ ഒട്ടേറെ അക്രമങ്ങളാണു ജില്ലയിലുണ്ടായത്. തുറവൂരില്‍ നായയെ അരിവാളുകൊണ്ടു വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം ഏറെ ചര്‍ച്ചയായിരുന്നു. ചേര്‍ത്തലതെക്ക് കുറുപ്പന്‍കുളങ്ങരയില്‍ ആളില്ലാതിരുന്ന വീട്ടില്‍ വളര്‍ത്തിയിരുന്ന നായയെ വെട്ടിക്കൊല്ലുകയും മറ്റൊന്നിന്റെ കൈയും കാലും തല്ലിയൊടിക്കുകയും ചെയ്ത സംഭവവും വെള്ളിയാഴ്ചയാണു പുറത്തറിയുന്നത്.

സൊസൈറ്റി പുനഃസംഘടിപ്പിക്കും

എസ്.പി.സി.എ. അധികം വൈകാതെ പുനഃസംഘടിപ്പിക്കും. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ സംരക്ഷിക്കുന്നതിനായി പഞ്ചായത്തുതലത്തിൽ ഒാരോ കേന്ദ്രങ്ങൾ ആരംഭിക്കുന്നത് ആലോചനയിലാണ്.

കെ.ജി. രാജേശ്വരി

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Content Highlights;spca in alappuzha is not working properly