ചാരുംമൂട്: അപകടത്തെത്തുടർന്ന് പഞ്ചറായ ടയറുമായി കാറോടിച്ചുവന്ന യുവാവിനെ നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുകിലോമീറ്ററോളം ദൂരമാണ് ഇയാൾ മുമ്പിൽ വലതുവശത്തെ ടയറില്ലാതെ കാറോടിച്ചുവന്നത്.

ഡിസ്‌ക് റോഡിലുരഞ്ഞ് തീപ്പൊരിപ്പടർത്തി വന്ന വാഹനം ചാരുംമൂട് ജങ്ഷന് സമീപം മുമ്പിൽ പോയ വാഹനം ബ്രേക്കിട്ടതിനെ തുടർന്നാണ് നിന്നത്. അടൂർ സ്വദേശി അതുലിനെ (20)യാണ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ചരാത്രി എട്ടോടെയായിരുന്നു സംഭവം. ഇതേ കാറിടിച്ച് പരിക്കുപറ്റിയ യുവാക്കൾ തൊട്ടുപിന്നാലെ വന്ന് വാഹനം തടഞ്ഞിട്ട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഓച്ചിറ അഴീക്കൽനിന്ന്‌ വരികയായിരുന്ന കാറ് കായംകുളം രണ്ടാംകുറ്റിഭാഗത്ത് വച്ച് രണ്ട് ഓട്ടോറിക്ഷകളിൽ ഇടിച്ചതായും പോലീസ് പറഞ്ഞു. അതുലിനൊപ്പ്ം കൂട്ടുകാർ ഉണ്ടായിരുന്നതായും ഇവർ വഴിയിൽ ഇറങ്ങിയതായും പറയുന്നു.

എവിടെയോ ഇടിച്ച് കാറിന്റെ മുൻവശം തകരുകയും ടയർ പഞ്ചറാവുകയും ചെയ്തു. രക്ഷപ്പെടാൻ കാർ ഓടിച്ചുവരുകയായിരുന്നുവെന്ന് കരുതുന്നു.