പള്ളിപ്പുറം: ഒരുപാട് മോഹങ്ങളുമായാണ് ശാലിനി പി.ശശി എന്ന കൊച്ചുമിടുക്കി 2007-ൽ ബെംഗളൂരുവിൽ നഴ്‌സിങ് പഠനത്തിന് പോയത്. നാലുവർഷത്തെ കോഴ്‌സ് അവസാനിക്കാൻ ആറുമാസം മാത്രം ബാക്കിയുള്ളപ്പോൾ അവളെ രോഗം തളർത്തി. കിടപ്പിലായ അവളുടെ അവസ്ഥ പടിഞ്ഞാറെ മാനശ്ശേരിൽ എന്ന കുടുംബത്തേയും തളർത്തി.
അതിനിടെയാണ് പഠനത്തിനായി ബാങ്കിൽ നിന്നെടുത്ത വായ്പത്തുക പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന നിർദേശം വന്നത്. മകളുടെ ചികിത്സയ്ക്ക് വഴിതേടുന്ന കുടുംബത്തിന് ബാങ്കിന്റെ നിർദേശം ഇപ്പോൾ ഇരുട്ടടിയായിരിക്കുകയാണ്.
ചേന്നംപള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാർഡിലാണ് പടിഞ്ഞാറെ പടിഞ്ഞാറെ മാനശ്ശേരിൽ വീട്. പ്ലസ്‌ടു പഠനം കഴിഞ്ഞാണ് ശാലിനി നഴ്‌സിങ് പഠനത്തിന് പോയത്. ഈ സമയം പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നു നാലുലക്ഷം രൂപ വിദ്യാഭ്യാസ വായ്പയും എടുത്തു.
2011 ഡിസംബറിൽ ശാലിനി ബെംഗളൂരുവിലെ കോളേജിൽ പൊടുന്നനെ തലചുറ്റി വീഴുകയായിരുന്നു. വീട്ടുകാർ എത്തി ശാലിനിയെ നാട്ടിലെത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി തളർന്ന് കിടപ്പിലായി. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ മൂന്നുമാസത്തോളം ചികിത്സിച്ചു. ഒന്നര ലക്ഷത്തോളം അപ്പോൾ ചെലവായി. ഇപ്പോഴും തുടർചികിത്സകൾ നടന്നുവരുന്നു.
ശാലിനിക്ക് പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണിന്ന്. അമ്മയുടെ താങ്ങിൽ വീട്ടിൽ മൂന്നോ നാലോ ചുവടുകൾ മാത്രം വെക്കുവാനാണ് ഇന്ന് ശാലിനിക്ക് കഴിയുക. 2014-ൽ ശാലിനിയുടെ അച്ഛൻ ശശിധരൻ പിള്ള കുഴഞ്ഞുവീഴുകയും മരിക്കുകയും ചെയ്തു.
ഇതോടെ ഏകസഹോദരൻ ഹോട്ടൽ ജീവനക്കാരനായ ശരത് കുമാറിന്റെ ചുമലിലായി വീട്. ശാലിനിയെ പരിചരിക്കുന്നതും മറ്റും അമ്മ വിജയമ്മയാണ്. സംസാരിക്കാൻ പോലും പ്രയാസപ്പെടുന്ന മകൾക്ക് മാസം 5000 രൂപയ്ക്ക് മേൽ ചികിത്സാ ചെലവ് വരുമെന്ന് ഇവർ പറയുന്നു.
ഇതിനിടെയാണ് എടുത്ത ലോൺ പലിശ സഹിതമടക്കണമെന്ന നിർദേശം ഇവർക്ക് ലഭിച്ചത്. കഴിഞ്ഞയാഴ്ച നടന്ന അദാലത്തിൽ പങ്കെടുത്തപ്പോഴും ഒൻപതുലക്ഷത്തിൽപ്പരം രൂപ അടയ്ക്കണമെന്നാണ് മറുപടി കിട്ടിയത്. ഇല്ലെങ്കിൽ നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പും ലഭിച്ചത്രേ.
അതോടെ വിഷമത്തിലായ കുടുംബം തങ്ങളുടെ ദുരിതങ്ങൾ കാട്ടി മുഖ്യമന്ത്രി, ബാങ്കിങ് ഓംബുഡ്‌സ്‌മാൻ, മനുഷ്യാവകാശ കമ്മിഷൻ, കളക്ടർ, കെ.സി.വേണുഗോപാൽ എം.പി. തുടങ്ങിയവർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ്.