ചെങ്ങന്നൂർ: നാട്ടിൽ എല്ലാവർക്കും പ്രിയങ്കരരായിരുന്നു വൃദ്ധദമ്പതിമാരായ കുഞ്ഞുമോൻ എന്ന് അറിയപ്പെടുന്ന എ.പി.ചെറിയാനും ഭാര്യ ലില്ലിയും. ജീവിതത്തിന്റെ നല്ലൊരു പങ്കും കേരളത്തിനുപുറത്തും വിദേശത്തുമാണ് ഇവർ ജോലി ചെയ്തിരുന്നത്.

ശിഷ്ടകാലം സന്തോഷത്തോടെ ജീവിച്ചുതീർക്കുമ്പോഴാണ് അന്യസംസ്ഥാനത്തൊഴിലാളികളുടെ അടിയേറ്റ് ഇരുവരും കൊല്ലപ്പെടുന്നത്. നാട്ടിലെ പൊതുകാര്യങ്ങൾക്കെല്ലാം സജീവമായി ഇടപെട്ടിരുന്ന ഇരുവരും കോടുകുളഞ്ഞി ക്രൈസ്റ്റ് ചർച്ചിലെ പ്രാർഥനാ കൂട്ടായ്മയുടെ സംഘാടകരും ആയിരുന്നു.

ചൊവ്വാഴ്ച രാവിലെ 6.30-ന് സുഹൃത്തുക്കളും ബന്ധുവും ചേർന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതകം വെളിവാകുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചെറിയാൻ സുഹൃത്തിനെ ഫോണിൽ വിളിച്ചിരുന്നു.

വീടിനുചുറ്റും ബന്ധുക്കളും സുഹൃത്തുക്കളുമാണ് താമസിച്ചിരുന്നതെങ്കിലും പെരുമഴയിൽ നടന്ന ദാരുണ കൊലപാതകം പുറംലോകം അറിഞ്ഞത് ഇന്നലെ രാവിലെ മാത്രമാണ്.

വെണ്മണി ഗ്രാമപ്പഞ്ചായത്തിലെ സാധാരണക്കാരായ കർഷകർ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന പാറച്ചന്തഗ്രാമത്തിൽ നടന്ന കൊലപാതകം നാട്ടുകാർ ഞെട്ടലോടെയാണ് ശ്രവിച്ചത്. ഇതോടെ ഗ്രാമമൊന്നാകെ ആഞ്ഞിലിമൂട്ടിലേക്ക് ഒഴുകിയെത്തി. ഇവരെ നിയന്ത്രിക്കാൻ രാവിലെ പോലീസും നന്നേ വിഷമിച്ചു. പരിശോധനകളെല്ലാം പൂർത്തിയാക്കി മൃതദേഹപരിശോധനയ്കായി മൃതശരീരങ്ങൾ ആശുപത്രിയിലേക്ക് മാറ്റുന്നതുവരെ ഇവർ അക്ഷമരായി ഇവിടെത്തന്നെ നിലകൊണ്ടു.

പദ്ധതിയിട്ടത് ഉല്ലാസയാത്രയ്ക്ക്‌ ; പക്ഷേ,

ഉച്ചയ്ക്ക് 2.30 വരെ വാട്സ്‌ആപ്പിലും അദ്ദേഹം ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചേ ചെറിയാനും സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന 15 അംഗ സംഘം ആലപ്പുഴ കായലിൽ ബോട്ടിങ്ങിനുപോകാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ വിവരങ്ങൾ അറിയുന്നതിനായി വൈകീട്ട് നാലുമുതൽ രാത്രി 9.30വരെ സുഹൃത്തുക്കൾ ഇദ്ദേഹത്തെ ലാൻഡ്‌ ഫോണിലും മൊബൈലിലും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. ചൊവ്വാഴ്ച നടക്കുന്ന യാത്രയെപ്പറ്റി എല്ലാവരോടും സംസാരിച്ചിരുന്നതായും അതിനുവേണ്ട വാഹനമുൾപ്പെടെയുള്ള ക്രമീകരണങ്ങൾ നടത്തിയത് എ.പി.ചെറിയാനാണെന്നും സുഹൃത്തായ കൊച്ചുബേബി പറഞ്ഞു.

അന്വേഷിച്ചെത്തിയ സ്നേഹിതർ കണ്ടത്‌ രക്തത്തിൽക്കുളിച്ച്

തിങ്കളാഴ്ച രാവിലെ സുഹൃത്തുക്കളായ എം.എൻ.ചാണ്ടി, കെ.എം.വർഗീസ്, പാപ്പച്ചൻ എന്നിവർ എ.പി.ചെറിയാന്റെ വീട്ടിലെത്തി. മുൻഭാഗത്ത് വൈകുന്നേരം കൊണ്ടുവന്നുവെക്കുന്ന പാൽ എടുക്കാത്തത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. അസുഖത്തെത്തുടർന്ന്‌ ശരീരത്തിന്റെ ഒരുഭാഗം തളർന്ന ചെറിയാൻ ഇതിൽനിന്ന്‌ മോചിതനായശേഷം കാറിലാണ് സഞ്ചരിച്ചിരുന്നത്. ഇക്കാരണത്താൽ കാർപോർച്ചിന്റെ ഷട്ടർ ഉയർത്തി നോക്കിയപ്പോൾ കാറ് അവിടെ ഉള്ളതായി കണ്ടു. ഇതേത്തുടർന്ന് വീടിന്റെ പിൻഭാഗത്ത്‌ എത്തിയപ്പോൾ കതക് ചാരിയ നിലയിലായിരുന്നു.

ചാണ്ടിയും വർഗീസും വീടിനുള്ളിൽക്കയറി നോക്കിയപ്പോഴാണ് ലില്ലിയെ കൊല്ലപ്പെട്ടനിലയിൽ അടുക്കളയിൽ രക്തത്തിൽക്കുളിച്ച് കണ്ടെത്തിയത്. ഇരുവർക്കും തലകറങ്ങുന്നപോലെ തോന്നി. ഉടൻതന്നെ കിടപ്പുമുറിയിൽ ഇവർ കയറി നോക്കിയെങ്കിലും എ.പി.ചെറിയാനെ കണ്ടെത്താൻ കഴിഞ്ഞില്ല. മുറിയിലെ അലമാരയിൽനിന്ന്‌ വസ്ത്രങ്ങൾ വാരിവലിച്ചിട്ടനിലയിലും വീടിന്റെഹാളിലെ കസേരകൾ മറിഞ്ഞുകിടക്കുന്ന നിലയിലുമായിരുന്നു. ഇതേത്തുടർന്ന് വീടിനുപുറത്തിറങ്ങിയ ഇവർ വെണ്മണി പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ചെറിയാന്റെ മൃതദേഹം വീടിനുപിൻഭാഗത്തെ സ്റ്റോർറൂമിൽ കമഴ്ന്നുകിടക്കുന്നനിലയിൽ കണ്ടെത്തിയത്.