ആലപ്പുഴ: ഷാനിമോൾ ഉസ്‌മാൻ വിജയിക്കുമ്പോൾ അതിന്റെനേട്ടം യു.ഡി.എഫ്.കെട്ടുറപ്പിനാണ്. അതിന്റെ അമരക്കാരൻ പി.ടി.തോമസ് എം.എൽ.എ.യാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിലെ ഒരേയൊരുപരാജയത്തിന്റെ പഴികേട്ട ഡി.സി.സി. പ്രസിഡന്റ് എം.ലിജുവിന് ഇത് മധുരപ്രതികാരം കൂടിയായി.

സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പുതന്നെ അരൂർ കേന്ദ്രീകരിച്ച് പി.ടി.തോമസ് പ്രവർത്തനം ആരംഭിച്ചിരുന്നു. കോൺഗ്രസിൽ പിണങ്ങിനിന്നവരെയെല്ലാം ഒരുമിപ്പിക്കലായിരുന്നു ആദ്യദൗത്യം. പാർലമെന്റ് തിരഞ്ഞെടുപ്പു പരാജയത്തിന്റെ പേരിൽ പഴികേട്ട് മാറിനിന്നവരെയെല്ലാം സാന്ത്വനിപ്പിച്ച് ഒരുമിപ്പിക്കാൻ അദ്ദേഹത്തിനായി.

തുറന്നമനസ്സോടെ എം.ലിജുവും ഒപ്പംചേർന്നപ്പോൾ ബൂത്ത് കമ്മിറ്റികളെല്ലാം നന്നായി പ്രവർത്തിച്ചു.

സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽനിന്ന്‌ എത്തിയവരെ വോട്ടിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ച് രംഗത്തിറക്കാൻ കഴിഞ്ഞു. എൽ.ഡി.എഫിലേക്ക് ചോരുമെന്നു സംശയിച്ച വോട്ടുകളെല്ലാം തടഞ്ഞുനിർത്താൻ കഴിഞ്ഞതാണ് ഏറ്റവും വലിയനേട്ടം. ക്രൈസ്തവവോട്ടുകൾ ലക്ഷ്യമിട്ട സി.പി.എം.നീക്കം മണത്തറിഞ്ഞ് പ്രതിരോധിക്കാനായത് തിരദേശമേഖലയിലുൾപ്പെടെ വൻനേട്ടമായി.

സംസ്ഥാന സർക്കാരിനെതിരേ പിണങ്ങിനില്ക്കുന്ന ഓരോരുത്തരെയും പ്രത്യേകം കണ്ട് വോട്ടുറപ്പിച്ചു.എൻ.എസ്.എസ്, കെ.പി.എം.എസ്, ധീവരസഭ എന്നിവയുടെയെല്ലാം പിന്തുണ ഉറപ്പിക്കുന്നതിനു നടത്തിയ നീക്കങ്ങൾ ഫലപ്രദമായി.

ഇതിനുപുറമേ വെള്ളാപ്പള്ളിനടേശൻ എൽ.ഡി.എഫിനു അനുകൂലമായി പരസ്യനിലപാടെടുക്കാത്തവിധം ഇടപെടലുകൾ നടത്തി.

ഷാനിമോൾ ഉസ്‌മാൻ സ്ഥാനാർഥിയാകുന്നതിനെതിരേതന്നെ ശക്തമായ പ്രതിഷേധമാണുണ്ടായിരുന്നത്. ഒരുഗ്രൂപ്പിലുമില്ലാത്തതായിരുന്നു അവരുടെ ഏറ്റവും വലിയ ദൗർബല്യം. എന്നാൽ, മഹിളാകോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാസുഭാഷ് ഷാനിമോൾക്കുവേണ്ടി ഉറച്ചുനിന്ന്‌ വാദിച്ചു.

രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയുമായി ചർച്ച നടത്തി. ഒടുവിൽ ഐ. ഗ്രൂപ്പിന്റെ കോന്നി സീറ്റ് എ.ഗ്രൂപ്പിനുനൽകിയപ്പോൾ ഐ.ഗ്രൂപ്പിന് അരൂർ ലഭിച്ചു. ഇവിടെ പുതുമുഖത്തെ രംഗത്തിറക്കാൻ തീരുമാനിച്ചിരിക്കേയാണ് ലതികാ സുഭാഷിന്റെ ശക്തമായ ഇടപെടലുകളിലൂടെ സീറ്റ് ഷാനിമോൾക്ക് ലഭിച്ചത്.

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നിച്ച് പ്രചാരണത്തിന് രംഗത്തിറങ്ങിയതും ഗുണകരമായി. ഷാനിമോളോടു മണ്ഡലത്തിലാകെയുണ്ടായിരുന്ന സഹതാപതരംഗം തട്ടിയുണർത്താൻ ഇരുനേതാക്കൾക്കും കഴിഞ്ഞു. യു.ഡി.എഫ്.അനുഭാവികളായ വിഭാഗങ്ങളുടെ വോട്ടുറപ്പിക്കാനും ഇവർക്കു കഴിഞ്ഞു.

പണത്തിന്റെ കുറവുണ്ടായിരുന്നെങ്കിലും കലാജാഥ ഉൾപ്പെടെ മണ്ഡലം നിറഞ്ഞുനില്ക്കുംവിധം പ്രചാരണം നടത്താൻ ഡി.സി.സി.നേതൃത്വത്തിനുകഴിഞ്ഞതും എടുത്തു പറയേണ്ടതാണ്.

മന്ത്രി ജി.സുധാകരൻ ഉൾപ്പെടെയുള്ളവരുടെ ആരോപണങ്ങളെ ചെറുക്കുന്നതിനു എം.ലിജുവിന്റെയും ഡി.സുഗതന്റെയും നേതൃത്വത്തിൽ നടത്തിയ തന്ത്രപരമായ നീക്കങ്ങളും നേട്ടങ്ങൾക്ക് നിമിത്തമായി.