മുട്ടം: കൂലിപ്പണിക്കാരനായ അച്ഛൻ. മണ്ണുമാന്തിയന്ത്രത്തിൽ സഹായിയായി പോകുന്ന ചേട്ടൻ. ഈ നിർധന കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു ചെങ്ങന്നൂരിൽ ബൈക്കപകടത്തിൽ മരിച്ച അഭിരാജ്. പത്താം ക്ലാസ് നല്ല മാർക്കോടെ ജയിച്ച അഭിരാജ് ഐ.ടി.ഐ.യിൽ ചേർന്നത് എത്രയും വേഗമൊരു ജോലിയെന്ന സ്വപ്‌നത്തോടെയായിരുന്നു. ആ സ്വപ്നം കൈയെത്തും ദൂരത്തെത്തിയപ്പോഴായിരുന്നു ദുരന്തം.
അച്ഛൻ ഭാസി കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. ചെങ്ങന്നൂരിലെ തൊഴിൽമേള വലിയ പ്രതീക്ഷയോടാണ് അഭിരാജ് നോക്കിക്കണ്ടിരുന്നത്. അച്ഛനാണ് അഭിരാജിനെ ചെങ്ങന്നൂരിലേക്ക് പോകുന്നതിനായി രാവിലെ ബൈക്കിൽ മുട്ടം ചൂണ്ടുപലക ജങ്ഷനിലെത്തിച്ചത്.
അച്ഛനോട് യാത്രപറഞ്ഞുപോയ അഭി തൊഴിൽ മേളയിൽ പങ്കെടുത്തശേഷമാണ് സുഹൃത്തിനൊപ്പം ബൈക്കിൽ പോയത്. രണ്ട് ചെറുപ്പക്കാർ ചെങ്ങന്നൂരിൽ അപകടത്തിൽ മരിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് നാട്ടുകാർ അറിയുന്നത്. അതിലൊന്ന് തങ്ങളുടെ നാട്ടുകാരനാണെന്ന് പിന്നീടാണ് എല്ലാവരും തിരിച്ചറിഞ്ഞത്. അപ്പോഴേക്കും അഭിരാജിന്റെ വീട്ടിൽ കൂട്ടക്കരച്ചിലായി.
അടുത്ത ബന്ധുക്കൾ ചെങ്ങന്നൂരിലേക്ക് പോയി. ഗുരുതരമായ പരിക്കുണ്ടെന്ന് മാത്രമാണ് അപ്പോഴും വീട്ടുകാർ പ്രതീക്ഷിച്ചത്. പക്ഷേ, ഏറെ വൈകാതെ ദുരന്തവാർത്തയെത്തി. അഭിരാജിന്റെ സഹോദരൻ അനുരാജ് മണ്ണുമാന്തിയന്ത്രത്തിൽ സഹായിയായി പോകുകയാണ്.
അഭിരാജിന്റെ പിതൃസഹോദരൻ സുധാകരൻ ഗുജറാത്തിലാണ്. സുധാകരൻ നാട്ടിലെത്തിയശേഷമേ ശവസംസ്‌കാരം നടത്തുകയുള്ളെന്ന് ബന്ധുക്കൾ പറഞ്ഞു. വിവരമറിഞ്ഞ് സുധാകരൻ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
Content Highlights: Two died in a bike accident at Chengannur