അമ്പലപ്പുഴ: തകഴിയിൽ ആലപ്പുഴ കുടിവെള്ളപദ്ധതിയുടെ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി. ചൊവ്വാഴ്ച രാവിലെ പമ്പിങ് പുനരാരംഭിക്കുമെന്നാണ് യൂഡിസ്മാറ്റ് അധികൃതർ പറയുന്നത്. എന്നാൽ, പമ്പിങ് ആരംഭിക്കുമ്പോൾ മറ്റെവിടെയെങ്കിലും പൈപ്പ് പൊട്ടാനുള്ള സാധ്യത അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്. തകഴിയിൽ പൊട്ടിയ ഭാഗത്ത് രണ്ടുമീറ്റർ പൈപ്പ് മുറിച്ചുമാറ്റി പുതിയത് സ്ഥാപിക്കുകയായിരുന്നു. ഇപ്പോൾ പൊട്ടിയ ഭാഗത്തിന്റെ 14 മീറ്റർ അകലെയായി പൈപ്പിന്റെ ഉള്ളിൽ 30 സെന്റിമീറ്റർ നീളത്തിൽ പുതുതായി ഒരു വിള്ളൽ കണ്ടെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച അറ്റകുറ്റപ്പണിക്കിടയിൽ തൊഴിലാളികളിലൊരാൾ പൈപ്പിന്റെ ഉള്ളിലൂടെ കയറി പരിശോധിച്ചപ്പോഴാണ് വിള്ളൽ കണ്ടെത്തിയത്. ഇക്കാര്യം യൂഡിസ്മാറ്റ് അധികൃതർ ജല അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് ചൊവ്വാഴ്ച രാവിലെ പൈപ്പ് വിശദമായി പരിശോധിച്ചശേഷം പമ്പിങ് ആരംഭിച്ചാൽ മതിയെന്ന നിർദേശം വന്നത്.

കഴിഞ്ഞമാസം 28-നാണ് തകഴി ലെവൽക്രോസിന് കിഴക്കുവശത്തായി പൈപ്പ് പൊട്ടിയത്. ഇതിന് മുമ്പ് പൊട്ടിയ ഭാഗത്ത് അറ്റകുറ്റപ്പണി നടത്തി പമ്പിങ് പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വീണ്ടും പൊട്ടൽ. ഇതേ സാഹചര്യം ആവർത്തിക്കാനിടയുണ്ടെന്ന ആശങ്കയാണ് അധികൃതർക്കുള്ളത്. തകഴി ഭാഗത്ത് പലയിടത്തും ഇതേപോലെ പൈപ്പിൽ വിള്ളൽ കാണാനിടയുണ്ടെന്നും അധികൃതർ കരുതുന്നു. ആലപ്പുഴ നഗരത്തിലെയും സമീപത്തെ എട്ട് പഞ്ചായത്തുകളിലെയുമായി രണ്ടരലക്ഷം കുടുംബങ്ങൾക്ക് ആലപ്പുഴ കുടിവെള്ളപദ്ധതിയിൽനിന്നുള്ള കുടിവെള്ളം മുടങ്ങിയിട്ട് തിങ്കളാഴ്ച പന്ത്രണ്ടുദിവസമായി.

പദ്ധതിയിലെ അഴിമതിക്കെതിരേ പ്രക്ഷോഭങ്ങൾ ശക്തമായിരിക്കുകയാണ്. ഭരണകക്ഷിയായ സി.പി.ഐ.യുടെ ജില്ലാ നേതൃത്വമടക്കം അഴിമതിക്കെതിരേ പരസ്യമായി രംഗത്തിറങ്ങി. പൈപ്പിനുള്ളിൽ പൊട്ടലുണ്ടോയെന്ന് പരിശോധിച്ചശേഷം പമ്പിങ് തുടങ്ങുമെന്ന് യൂഡിസ്മാറ്റ് ചീഫ് എൻജിനീയർ പറഞ്ഞു.