ചേർത്തല: മാതൃഭൂമി തുടങ്ങിയത്.. ചുള്ളൻസ് ഏറ്റെടുത്തു. കുഞ്ഞു ദിൽഷയുടെ ചികിത്സക്കായി വേണ്ടതുക മൂന്നു ദിവസങ്ങൾ കൊണ്ടു സമാഹരിച്ചു. ഇരുപത്തിയാറ് യുവകലാകാരന്മാർ 11 കേന്ദ്രങ്ങളിൽ നടത്തിയ ശിങ്കാരിമേളപ്പെരുക്കത്തിലൂടെയായിരുന്നു ധനസമാഹരണം.

മത്സ്യത്തൊഴിലാളിയായ അർത്തുങ്കൽ അരേശേരിൽ തോമസിന്റെയും ഡിന്നുവിന്റെയും ഏകമകൾ ദിൽഷയാണ് തലച്ചോർ സംബന്ധിയായ അസുഖത്തിൽ ചികിത്സയിലുള്ളത്. ജനിച്ച് അഞ്ചാംദിനത്തിൽ ശസ്ത്രക്രിയക്കു വിധേയയായ ദിൽഷക്ക് അടിയന്തര ശസ്ത്രക്രീയ നിശ്ചയിച്ചിരിക്കുകയാണ്.

ഇതിനു പണത്തിനായി വിഷമിച്ചപ്പോഴാണ് മാതൃഭൂമി ദിൽഷയുടെ കൊഞ്ചലുകൾ തുടരാൻ എന്ന പേരിൽ ജൂൺ മൂന്നിനു വാർത്ത പ്രസിദ്ധീകരിച്ചത്. ഇതേ തുടർന്നാണ് കരുവയിലുള്ള ശിങ്കാരിമേളം ഗ്രൂപ്പായ ശ്രീവിനായക ചുള്ളൻസിന്റെ നേതൃത്വത്തിൽ ദിൽഷയുടെ കൊഞ്ചലുകൾ തുടരാൻ രംഗത്തിറങ്ങിയത്.

നേരിട്ടറിയാത്ത കുരുന്നിന്റെ ജീവനായി യുവാക്കൾ മനസ്സറിഞ്ഞു മേളംപെരുക്കം കാട്ടിയപ്പോൾ നാട്ടുകാരും മനസ്സലിഞ്ഞു സഹായിച്ചു. 11 കേന്ദ്രങ്ങളിൽ മേളം പിന്നിട്ടപ്പോൾ 1,40,220 രൂപയാണ് സമാഹരിച്ചത്. കലവൂർ, മണ്ണഞ്ചേരി, മുഹമ്മ, കെ.വി.എം, ചേർത്തല കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സ്റ്റാൻഡ്, നടക്കാവ്, തുറവൂർ, എരമല്ലൂർ, അരൂർ കേന്ദ്രങ്ങളിലായിരുന്നു കലാപ്രകടനം നടത്തിയത്.

സ്വരൂപിച്ച പണം ചേർത്തല സി.ഐ. വി.പി.മോഹൻലാൽ, പഞ്ചായത്ത് അംഗം സിബി പൊള്ളയിൽ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ദിൽഷയുടെ രക്ഷിതാക്കളെ ഏൽപിച്ചു. സാമൂഹ്യപ്രതിബദ്ധതയോടെയുള്ള പ്രവർത്തനത്തിനു സമൂഹത്തിലും സമൂഹമാധ്യമങ്ങളിലും അഭിനന്ദനമാണു ലഭിച്ചത്. ഗ്രൂപ്പിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ശരത്തും എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി ടി.ടി.ജിസ്‌മോനും എത്തി ആദരിച്ചു.