ചേർത്തല: ഇടവേളയ്ക്കുശേഷം വീണ്ടും ചേർത്തലക്കാരുടെ ജീവിതത്തിനു ഭീഷണിയായി മോഷ്ടാക്കളുടെ വിളയാട്ടം. ഒരുമാസത്തിനുള്ളിൽ താലൂക്കിൽ പലയിടങ്ങളിലാണു മോഷണവും മോഷണശ്രമങ്ങളും അരങ്ങേറിയത്. വലിയ കവർച്ചകളരങ്ങേറിയിട്ടില്ലെങ്കിലും വീടുകളുടെ അടുക്കളവാതിൽ കുത്തിതുറന്നു മോഷ്ടാക്കൾ അകത്തുകയറിയുണ്ടാക്കിയ പൊല്ലാപ്പുകൾ ചില്ലറയല്ല.

വാരനാട് കാളികുളം ഭാഗങ്ങളിൽനടത്തിയ മോഷണത്തിനിടെ മോഷ്ടാക്കളുടെ ചിത്രങ്ങളടക്കം സി.സി.ടി.വി. ക്യാമറകളിൽ പതിഞ്ഞെങ്കിലും ആരെയും പിടികൂടാനായിട്ടില്ല. വാരനാട്ടും വെള്ളിയാകുളത്തും നഗരത്തിലെ വല്ലയിൽഭാഗത്തും പള്ളിപ്പുറത്തുമെല്ലാം മോഷ്ടാക്കൾ ഭീഷണിയുയർത്തുന്നുണ്ട‌്‌.

മാലപൊട്ടിക്കൽ സംഘങ്ങളുയർത്തുന്ന ഭീഷണിക്കുപുറമേയാണു രാത്രികാലങ്ങളിൽ വീടുകളിലും കടകളിലുമുയരുന്ന ഭീഷണി. അടുക്കളവാതിൽ കുത്തിത്തുറന്നും ജനൽക്കമ്പികൾ അറുത്തുമാറ്റിയുമാണു മോഷ്ടാക്കൾ അകത്തുകടക്കുന്നത്.

അന്വേഷണത്തിനു പ്രത്യേകസംഘം

ചേർത്തല താലൂക്കിൽ അടുത്തിടെനടന്ന മോഷണങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനു പ്രത്യേകസംഘത്തെ നിയോഗിച്ചു. ചേർത്തല ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ എട്ടംഗങ്ങളുൾപ്പെടുന്ന സംഘം അന്വേഷണം തുടങ്ങി.

ഇതര സംസ്ഥാനത്തുനിന്നുള്ളവരാണ് സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളതെന്നാണു നിഗമനം. മോഷണം തടയുന്നതിനു ശക്തമായ പ്രവർത്തനങ്ങൾ പോലീസ് നടപ്പാക്കുമെന്നു ഡിവൈ.എസ്.പി. ടി.ബി. വിജയൻ പറഞ്ഞു.

പോലീസ് നൽകുന്ന നിർദേശങ്ങൾ

  • പകൽ വീടിനുസമീപവും ഇടറോഡുകളിലും സംശയകരമായി കാണുന്നവരെക്കുറിച്ചും വാഹനങ്ങളെക്കുറിച്ചും വിവരങ്ങൾ പോലീസിനു കൈമാറണം.
  • അപരിചിതരെ വീട്ടിൽക്കയറ്റിയുള്ള ഇടപെടലുകൾ കഴിവതും ഒഴിവാക്കണം. ഇതിൽ ജാഗ്രതയോടെയുള്ള നടപടികൾ പാലിക്കണം.
  • വീടുകളും വഴികളും അറിയാൻ മോഷണസംഘങ്ങൾ തൊഴിലാളികളായും പലതരത്തിലുള്ള സാമഗ്രികൾ വിൽക്കുന്നവരായും വീടുകളിലെത്തുന്നുണ്ട്. ഇത്തരക്കാരുമായുള്ള ഇടപെടലുകളും ഒഴിവാക്കണം.
  • രാത്രികാലങ്ങളിൽ അസാധാരണമായ ശബ്ദംകേട്ടാൽ വാതിൽതുറന്നു പുറത്തിറങ്ങാൻ ശ്രമിക്കരുത്.
  • വീടിന്റെ മുൻവാതിലിലുള്ള സുരക്ഷപോലെതന്നെ അടുക്കളയുൾപ്പെടുന്ന പിൻവാതിലുകളും സുരക്ഷിതമാക്കണം.
  • വീടിനുവെളിയിലെ ലൈറ്റുകൾ രാത്രികാലങ്ങളിൽ തെളിക്കണം.
  • അയൽവാസികളും അയൽക്കൂട്ടങ്ങളും റെസിഡന്റ്‌സ്‌ അസോസിയേഷനുകളും കൂട്ടായ്മകളും വളർത്തണം.
  • സംശയകരമായ സാഹചര്യമുണ്ടായാൽ പോലീസ് സഹായംതേടണം.

പോലീസ് പട്രോളിങ് കാര്യക്ഷമമാക്കണം

ഇടറോഡുകളിൽ ഉൾപ്പെടെ രാത്രികാലങ്ങളിൽ പോലീസ് പട്രോളിങ് ശക്തമാക്കണം. ജനമൈത്രി പോലീസിന്റെ പ്രവർത്തനം ശക്തിപ്പെടുത്തണം.

പി.എസ്. മാമ്മച്ചൻ, പ്രസിഡന്റ്,പ്രതീക്ഷ റെസിഡന്റ്‌സ്‌ അസോ., പട്ടണക്കാട്

പോലീസ് റെസിഡന്റ്‌സ്‌ അസോസിയേഷനുകളുമായി സഹകരിക്കണം

പ്രദേശത്തെയും വീടുകളെയുംകുറിച്ചറിയാവുന്ന റെസിഡന്റ്‌സ്‌ അസോസിയേഷനുകളെയും പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കണം. രാത്രികാലങ്ങളിൽ പരിശോധന ശക്തമാക്കുകയും വേണം. അതിനൊപ്പം നഗരസഭയും പഞ്ചായത്തുകളും പ്രധാനകവലകളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണം.

എസ്.പി. സുനിൽ, പ്രസിഡന്റ്, നഗരസഭ 24, 25 വാർഡ് തണൽ റെസിഡന്റ്‌സ്‌ അസോ.

പരിശോധന ശക്തമാക്കണം

പോലീസ് പരിശോധനകൾ കാര്യക്ഷമമാക്കണം. ഇതിനൊപ്പം പ്രധാനകവലകളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു സുരക്ഷയൊരുക്കണം.

കെ. ബഷീർ, വ്യാപാരി, ചേർത്തല