ആലപ്പുഴ: അരൂരിലെ ഓരോ സ്ത്രീകളുടെയും വാശിയാണ് തന്നെ വിജയിപ്പിച്ചതെന്ന് നിയുക്ത എം.എൽ.എ. ഷാനിമോൾ ഉസ്മാൻ. ആലപ്പുഴ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അവർ.

മത്സരത്തിനിടയിൽ ഓരോ സ്ത്രീയുടെയും അരികിൽ ചെല്ലുമ്പോൾ അവരിൽ ആ വാശി പ്രകടമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർഥിയോടുള്ള സഹതാപമല്ല, വിജയിക്കണമെന്നുള്ള വാശിയായിരുന്നു അത്. അതു മണ്ഡലത്തിലാകെ പ്രകടമായി. അതാണ് വിജയത്തിന് അടിത്തറയായതെന്നും ഷാനിമോൾ പറഞ്ഞു.

പൂതന പരാമർശം ഗുണകരമായോ?

കെ.എസ്.യു.വിലൂടെ രാഷ്ട്രീയ പ്രവർത്തനം നടത്തി രംഗത്തുവന്നയാളാണ് ഞാൻ. ജി.സുധാകരനെപ്പോലൊരാൾ മുഖത്തുനോക്കി നടത്തിയ പൂതന പരാമർശം ഏറെ വേദനിപ്പിച്ചു. പൊതു രംഗത്തുനിൽക്കുന്ന സ്ത്രീയെന്ന നിലയിൽ ഇത്തരം പരാമർശം വിഷമിപ്പിച്ചു.

റോഡുപണി തടസ്സപ്പെടുത്തിയതും കേസെടുത്തതും

സത്യത്തിൽ റോഡുപണി തടസ്സപ്പെടുത്തുകയല്ല ചെയ്തത്. സ്ഥാനാർഥിയായി പാർട്ടിനേതൃത്വം തീരുമാനം അറിയിച്ചയുടൻ മണ്ഡലത്തിലെത്തി. രാത്രിയിൽ മണ്ഡലത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് റോഡ് നിർമാണം ശ്രദ്ധയിൽപ്പെട്ടത്. റോഡ് പൊളിച്ച് ടൈൽ ഇടാൻ നോക്കുകയായിരുന്നു. നാട്ടുകാർ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം ഏറ്റെടുക്കുകയായിരുന്നു.

വികസനമാണെങ്കിൽ എന്തിന് ഇരുളിന്റെ മറവിൽ ചെയ്യുന്നു എന്നാണ് ചോദിച്ചത്. അതിനെതിരേയുള്ള ഭീഷണി ജനങ്ങൾ തിരിച്ചറിഞ്ഞു.

സമുദായ നേതാക്കൾ ഉൾപ്പെടെ ഒറ്റപ്പെടുത്തിയെന്ന തോന്നലുണ്ടോ?

പൊതുപ്രവർത്തകർ എപ്പോഴും പൂമാലമാത്രം പ്രതീക്ഷിക്കരുത്. കല്ലേറും പ്രതീക്ഷിക്കണം. സമുദായ നേതാക്കളെ ബഹുമാനിക്കുന്നു. അവരുടെ അഭിപ്രായങ്ങളെ മാനിക്കുന്നു. അതിലൊന്നും അസ്വാഭാവികത കാണുന്നില്ല. അഭിപ്രായം ഇനിയും പറയും.

ചരിത്ര വിജയത്തിന് പിന്നിലെ രഹസ്യം?

ചരിത്രപരമായ യഥാർഥ വിജയം അരൂരിൽ സംഭവിച്ചത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ്. നിയമസഭയിലെ ആരിഫിന്റെ 38,500 ഭൂരിപക്ഷം മറികടന്ന് 648 വോട്ട് കൂടുതൽ വോട്ട് നേടിയപ്പോഴായിരുന്നു അത്. ഇക്കുറി അതിന്റെ ബാക്കി മാത്രമാണ് ഉണ്ടായത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണയില്ലാതെ വികസനം സാധ്യമാകുമോ?

രോഗചികിത്സയ്ക്ക് പണം ചോദിക്കുമ്പോൾ രോഗി കഴിഞ്ഞതിരഞ്ഞെടുപ്പിൽ ഏതു സ്ഥാനാർഥിക്കാണ് വോട്ടുചെയ്തതെന്ന് ചോദിക്കുമോ? തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടെ ഉള്ളവയുടെ സഹകരണത്തിൽ വികസനപ്രവർത്തനം നടത്തും. റോഡുകൾ വീടുകൾ, കുടിവെള്ളം, മാലിന്യ സംസ്കരണം എന്നിവയെല്ലാം നടപ്പാക്കാൻ പരിശ്രമിക്കും.

ഇത്രയധികം പരാജയത്തിലും വിജയപ്രതീക്ഷ നൽകിയതെന്താണ്?

ഈശ്വര വിശ്വാസിയാണ് ഞാൻ. ദൈവനിയോഗമായിട്ടാണ് മത്സരത്തെ കണ്ടത്. പരാജയങ്ങളെല്ലാം നിമിത്തമായികണ്ടു. ജീവിതത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ ദൈവനിയോഗമായി കാണുകയാണ് ചെയ്യുന്നത്. കഴിഞ്ഞതിരഞ്ഞെടുപ്പുകളിൽ നിന്ന്‌ വ്യത്യസ്തമായി പരമാവധി ആളുകളെ മുഖാമുഖം കാണുന്നവിധത്തിലുള്ള സംഘടനാ പ്രവർത്തനം നടത്തിയതും ഗുണകരമായി.