കായംകുളം: കൃഷ്ണപുരത്ത് കോഴിവളർത്തൽ കേന്ദ്രത്തിൽ കയറി 135 കോഴികളെയും 37 താറാവുകളെയും തെരുവുനായ്ക്കൾ കൊന്നു. കാപ്പിൽ കിഴക്ക് വസന്താലയത്തിൽ സുശീലന്റെ കോഴികളെയും താറാവുകളെയുമാണ് തെരുവുനായ്ക്കൾ കടിച്ചുകീറിയത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കോഴികളെയും താറാവിനെയും ഇട്ടിരുന്ന വല കടിച്ചുകീറി എട്ടോളം നായ്ക്കളാണ് ആക്രമണം നടത്തിയത്.

ശക്തമായ മഴയും ഇടിയും മിന്നലും ഉണ്ടായിരുന്നതിനാൽ കോഴികൾ ബഹളം വെച്ചത് പുറത്തുകേട്ടില്ല. ബാങ്കിൽനിന്ന് വായ്പയെടുത്താണ് സുശീലൻ കോഴിവളർത്തൽ കേന്ദ്രം ആരംഭിച്ചത്. മുട്ടയിടാൻ ആരംഭിച്ച കോഴികളായിരുന്നു. രണ്ടുദിവസം മുൻപ് വെളിയിൽ മധുവിന്റെ വീട്ടിലെ എട്ട് കോഴികളെ തെരുവുനായ്ക്കൾ കൊന്നിരുന്നു.

കൃഷ്ണപുരം പഞ്ചായത്തിൽ തെരുവുനായ്ക്കളുടെ ആക്രമണം പതിവായിരിക്കുകയാണ്. കുറക്കാവ് ക്ഷേത്രദർശനത്തിന് വന്ന മൂന്ന് സ്ത്രീകളെ നേരത്തേ തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. തെരുവുനായ കുറുകേ ചാടിയതിനെത്തുടർന്ന് മാമ്പ്രക്കന്നേൽ വെച്ച് സ്കൂട്ടറിൽനിന്നുവീണ് ദമ്പതിമാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.