അരൂർ: ഇടിയും മഴയും എതിരിട്ട് അരൂരിലെ 82 ശതമാനംപേരും സമ്മതിദാനാവകാശം വിനിയോഗിച്ചു. മൂന്ന്‌ മുന്നണിയിലെയും പ്രവർത്തകരുടെ ആവേശമാണ് വോട്ടർമാരെ ബൂത്തിലെത്തിച്ചത്.

തിങ്കളാഴ്ച രാവിലെ ഏഴുമണിക്ക് പോളിങ്‌ ആരംഭിക്കുമ്പോൾ പല ബൂത്തിലും ഒരാൾപോലും എത്തിയിരുന്നില്ല.

ഇരുട്ടും മഴയും ഇടിയും പേടിച്ചാണ് ആളുകൾ എത്താതിരുന്നത്. എന്നാൽ, കടുത്ത മഴയെയും ചെറുത്ത് ആളുകൾ എത്തിത്തുടങ്ങി. ക്രമേണ പോളിങ്‌ ശതമാനം ഉയരുകയായി.

ആദ്യ ഒരുമണിക്കൂറിനുള്ളിൽ 5.69 ശതമാനംപേർ എത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പത്തുശതമാനംവരെ എത്തിയ സ്ഥാനത്താണ് കുറവുകണ്ടത്. എറണാകുളത്തും മറ്റുമായി ജോലിചെയ്യാൻ പോകുന്നവർ ഉൾപ്പെടെയാണ് രാവിലെ വോട്ടുചെയ്തത്.

ക്രമേണ പോളിങ്‌ ശതമാനം കൂടിക്കൂടിവന്നു. ഉച്ചയോടെ ഇത് 37 ശതമാനത്തോളമായി. എന്നാൽ, ഒരുമണിക്കും രണ്ടുമണിക്കുമിടയിൽ പോളിങ്ങിൽ അഭൂതപൂർവമായ ഉയർച്ചയാണ് ഉണ്ടായത്. പോളിങ്‌ ശതമാനം 50.12 വരെയായി. ഇത് വൈകീട്ട് ആറുമണിയോടെ എത്തുമ്പോൾ 80 ശതമാനത്തിലേറെയായി മാറുകയും ചെയ്തു.

ഇതിനിടയിൽ പലയിടത്തും യന്ത്രങ്ങൾ പണിമുടക്കി. യന്ത്രം നന്നാക്കാൻ കൂടുതൽ സമയമെടുത്ത 14 ബൂത്തുകളിൽ പോളിങ്‌ ഒരുമണിക്കൂർ നീട്ടിനൽകി. 183 പോളിങ്‌ ബൂത്തുകളിലും കാര്യമായ പ്രശ്നങ്ങളില്ലാതെയാണ് വോട്ടെടുപ്പ് പൂർത്തിയായത്. മൂന്ന്‌ മുന്നണിസ്ഥാനാർഥികൾക്കുപുറമേ മൂന്ന്‌ സ്വതന്ത്രസ്ഥാനാർഥികളും ബൂത്തുകളിലൂടെ പര്യടനം നടത്തി.

ഓരോ മണിക്കൂറിലെയും പോളിങ് ശതമാനം

രാവിലെ 8.00- 5.69, 9.00- 8.92, 10.00- 12.76, 11.00-24.68, 12.00- 28.10, 1.00- 36.55, 2.00 -50.18 3.00- 53.52, 4.00- 68.41, 5.00- 72.38, 6.00- 82.38.