ഹരിപ്പാട്: മൂന്നുകോടി ചെലവിൽ നഗരസഭാ കാര്യാലയത്തിന്റെ നിർമാണം തുടങ്ങി. പ്രീ-ഫാബ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് നിർമാണം. ജനുവരി പകുതിയോടെ പൂർത്തിയാകും. ഫാക്ട് ആർ.സി.എഫ്. ബിൽഡിങ് പ്രോഡക്‌സ്ടിനാണ് (എഫ്.ആർ.ബി.എൽ.) നിർമാണച്ചുമതല.
പൈലിങ്ങിനുശേഷം അടിത്തറയുടെ കോൺക്രീറ്റിനുള്ള ജോലിയാണ് ഇപ്പോൾ നടക്കുന്നത്. ഇതിനുശേഷം ഭിത്തിയുടെ സ്ഥാനത്ത് ജിപ്‌സം ബോർഡ് (പ്രീ-ഫാബ്) ഉറപ്പിക്കും. സാധാരണ കെട്ടിടങ്ങൾ നിർമിക്കുന്ന രിതിയിൽ ഭിത്തികെട്ടി തേക്കേണ്ടിവരില്ല. ഇതിനാൽ നിർമാണ സാമഗ്രികൾ, കൂലിച്ചെലവ് എന്നീ ഇനങ്ങളിൽ വലിയ ലാഭമുണ്ടാകും. വളരെവേഗം പണി പൂർത്തിയാക്കാനും കഴിയും.
മൂന്നുനിലകളിലായി 7,500 ചതുരശ്ര അടിയാണ് വിസ്തീർണം. മുകൾനിലയിൽ വിശാലമായ കോൺഫറൻസ് ഹാളാണ്. പ്രധാന ഓഫീസ്, ചെയർമാൻ, വൈസ് ചെയർമാൻ എന്നിവർക്ക് പ്രത്യേക മുറികൾ, കൗൺസിലർമാർക്കുള്ള ക്യാബിനുകൾ എന്നിവ ഒരുക്കും. എൻജിനീയറിങ് വിഭാഗം, ആരോഗ്യവിഭാഗം, എ.ഡി.എസ്. എന്നിവയ്ക്കും ഓഫീസുകളുണ്ടാകും. ലിഫ്റ്റ് സൗകര്യവും ഏർപ്പെടുത്തും.
ഹരിപ്പാട് ഗ്രാമപ്പഞ്ചായത്ത് ഓഫീസാണ് പിന്നീട് നഗരസഭാ ആസ്ഥാനമായി മാറിയത്. ഇവിടെയുണ്ടായിരുന്ന പഞ്ചായത്ത് ഓഫീസ്, കമ്മ്യൂണിറ്റി ഹാൾ എന്നിവ പൊളിച്ചുമാറ്റിയാണ് നഗരസഭാ കാര്യാലയം നിർമിക്കുന്നത്.