പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ഗവ. ആശുപത്രിയെ സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയപ്പോൾ നാട്ടുകാർക്ക് ഒത്തിരി പ്രതീക്ഷകളായിരുന്നു. 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാകുമെന്നോർത്ത് ആശ്വാസംകൊണ്ടു. അടിസ്ഥാന സൗകര്യങ്ങളും ഡോക്ടർമാരുടെ എണ്ണവും വർധിച്ചുവെന്നത് ശരി. എന്നാൽ, ഡോക്ടർമാരുടെ സേവനം രാത്രിയിലില്ല.

തൈക്കാട്ടുശ്ശേരി പ്രദേശങ്ങളിലെ രോഗികളിൽ പലർക്കും രാത്രി ചേർത്തലയിലെയോ തുറവൂരിലെയോ ആശുപത്രികളിൽ പോകേണ്ട സ്ഥിതിയാണ്. തൈക്കാട്ടുശ്ശേരിയിൽ മുഴുവൻ സമയവും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങൾക്ക് മുൻപ് നിരവധി ജനകീയസമരങ്ങൾ നടന്നിട്ടുണ്ട്.

വർഷങ്ങൾ പിന്നിട്ടപ്പോൾ നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് ആശുപത്രിയെ സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. എന്നിട്ടും ഡോക്ടറുടെ സേവനത്തോടെയുള്ള അത്യാഹിതവിഭാഗം പ്രവർത്തനം തുടങ്ങിയിട്ടില്ല.

അതേസമയം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സായാഹ്ന ഒ.പി. തുടങ്ങിയത് രോഗികൾക്ക് ആശ്വാസമായി. 52 കിടക്കകൾ ഉള്ള ആശുപത്രിയാണിത്. എന്നാൽ, ഏതാനും രോഗികളെ മാത്രമേ ഇവിടെ കിടത്തി ചികിത്സിക്കുന്നുള്ളൂ. രോഗതീവ്രത കൂടുതലുള്ളവരെ ഇവിടെ പ്രവേശിപ്പിക്കുന്നില്ല. അങ്ങനെയുള്ള രോഗികൾക്ക് മറ്റ് ആശുപത്രികളിലേക്ക് പോകേണ്ടിവരുന്നെന്നാണ് പരാതി.

രാത്രികാല സേവനത്തിന് കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെങ്കിൽ അതിന് അധികൃതർ തയ്യാറാകണം. സായാഹ്ന ഒ.പി.യിലേത് ഉൾപ്പെടെ നാല് ഡോക്ടർമാർ നിലവിലുണ്ട്. മറ്റൊരു ഡോക്ടർ ലീവിലുമാണ്.

bbആവശ്യങ്ങൾ

bb24 മണിക്കൂറും ഡോക്ടർമാരുടെ സേവനം വേണം. ഡോക്ടർമാർ ആശുപത്രിക്ക് അടുത്ത് താമസിക്കണം. ആംബുലൻസ് സൗകര്യം,

പോസ്റ്റുമോർട്ടത്തിനുള്ള സൗകര്യം എന്നിവയും ഏർപ്പെടുത്തണം.

bbപ്രശ്‌നങ്ങൾ പരിഹരിക്കും

bbആശുപത്രിയിൽ കൂടുതൽസമയം ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് സായാഹ്ന ഒ.പി. തുടങ്ങിയത്. ഡോക്ടർമാരുടെ 24 മണിക്കൂർ സേവനത്തിനാവശ്യമായ സൗകര്യങ്ങൾ (ഡോക്ടർമാരുടെ എണ്ണത്തിൽ ഉൾപ്പെടെ) വർധിപ്പിക്കണമെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അരൂക്കുറ്റി ആശുപത്രിയിലും ഡോക്ടർമാരുടെ രാത്രികാല സേവനത്തിന് ശ്രമിക്കുന്നുണ്ട്.

-നിർമ്മലാ ശെൽവരാജ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്