മണ്ണഞ്ചേരി: ഉപ്പിലിട്ടതുമുതൽ ബിരിയാണിവരെയുള്ള കൊതിയൂറുന്ന ആഹാരങ്ങൾ ഞൊടിയിടകൊണ്ട് കുട്ടികൾ അകത്താക്കിയപ്പോൾ സമാഹരിക്കാനായത് അറുപത്തി ആറായിരം രൂപ.

മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ ഭക്ഷ്യമേളയിൽ അണിനിരന്ന വിഭവങ്ങൾ അവരവരുടെ വീടുകളിൽനിന്നാണ് കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നത്. മാതൃഭൂമി സീഡ് ക്ലബ്ബ് ഒരുക്കിയ ‘നറുതേൻ-2019’ എന്ന ഭക്ഷ്യമേളയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത് കട്‌ലറ്റിനും ഉപ്പിലിട്ടതിനും ബിരിയാണിക്കുമായിരുന്നു.

ഇലയട, കുമ്പിളപ്പം, ഉണ്ട, രസഗുള തുടങ്ങിയവയും കുട്ടികൾ മത്സരിച്ചാണ് കഴിച്ചുതീർത്തത്. പത്തിരി ഇറച്ചി, കപ്പ ഇറച്ചി, ചപ്പാത്തി, അപ്പം, വിവിധതരം മീൻകറികളും കുട്ടികൾ വയറുനിറയെ വാങ്ങിക്കഴിച്ചു. ഐസ്‌ക്രീമും സർബത്തും മേമ്പൊടിയായി ഉണ്ടായിരുന്നതും ആവേശത്തിലാക്കി. ഓംലെറ്റും ബുൾസെയും നിമിഷനേരംകൊണ്ട് തയ്യാറാക്കാൻ അധ്യാപകരും കുട്ടികളെ സഹായിച്ചു.

പുറത്തെ കടകളിൽനിന്ന് വാങ്ങിക്കുന്നതിലും വിലക്കുറച്ചായിരുന്നു കച്ചവടം. ഭക്ഷ്യമേളയിൽ ഒരു കൈക്ക് പത്തുരൂപ നിരക്കിൽ മൈലാഞ്ചി ഇട്ടുകൊടുത്തത് പെൺകുട്ടികൾക്ക് ഏറെ പ്രിയങ്കരമായി. അഞ്ചുമുതൽ പത്തുവരെയുള്ള ക്ലാസിലെ കുട്ടികൾ പ്രത്യേകമായി സ്റ്റാളുണ്ടായിരുന്നത് മേളയ്ക്ക് വീറുവാശിയും കൂട്ടി. വിൽപ്പന കൂട്ടുക എന്ന ലക്ഷ്യത്തിൽ തങ്ങളുടെ കസ്റ്റമേഴ്‌സിനെ സ്വീകരിക്കാനായി സെറ്റ് സാരിയിലും സാന്താക്ലോസിന്റെയും വേഷത്തിലാണ് കുട്ടികൾ ചില സ്റ്റാളുകളിൽ അണിനിരന്നത്.

പണം വാങ്ങലും, കച്ചവടം നടത്തലിനും എല്ലാത്തിനും കുട്ടികൾക്ക് കൈത്താങ്ങായി എസ്.എം.സി.ചെയർമാൻ സി.എച്ച്.റഷീദും സീഡ് കൺവീനർ ദീപാ ദിലീപ്, സീനിയർ അസിസ്റ്റന്റ് രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി സാജിദ, എസ്.പി.സി. സി.പി.ഒ.മാരായ സുനിക്കുട്ടൻ, മായ, അധ്യാപകരായ വിജയലക്ഷ്മി, ഷീല, മല്ലിക, റീന, സരസ്വതി, സാബിർ, എസ്.എം.സി.അംഗം ജോസ് എന്നിവരും ഉണ്ടായിരുന്നു. കിട്ടിയ പണം ശാരീരികമായി വെല്ലുവിളി നേരിടുന്നതും രോഗാവസ്ഥയിലുമായ കുട്ടികളെ സഹായിക്കാനായി വിനിയോഗിക്കുമെന്ന് ഹെഡ്മിസ്ട്രസ് എം.കെ.സുജാതാകുമാരി പറഞ്ഞു.