ചാരുംമൂട്: നവനീതിന്റെ മരണം ഏൽപ്പിച്ച ആഘാതത്തിൽനിന്ന്‌ ചുനക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മോചിതമായില്ല. തിങ്കളാഴ്ച ക്ലാസ് തുടങ്ങിയെങ്കിലും എങ്ങും ശോകമൂകമായ അന്തരീക്ഷം. സ്‌കൂൾ അസംബ്ലി ഒഴിവാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് എട്ടാം ക്ലാസിലെ രണ്ട് വിദ്യാർഥികൾ സ്‌കൂളിന് പിറകിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാറ്റിങ്ങിന് ഉപയോഗിച്ച തടിക്കഷണം തെറിച്ചുവീണായിരുന്നു ആറാം ക്ലാസുകാരൻ നവനീതിന്റെ മരണം. ഉച്ച ഭക്ഷണസമയത്തായിരുന്നു അപകടം. പി.ടി.എ. ഭാരവാഹികളും അധ്യാപകരും ചേർന്ന് ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാരുംമൂട് പുതുപ്പള്ളികുന്നം വിനോദ് ഭവനിൽ വിനോദി(സന്തോഷ്)ന്റെ മകനാണ് നവനീത്.

ക്രിക്കറ്റ് കളിച്ച കുട്ടികൾ തിങ്കളാഴ്ച സ്‌കൂളിലെത്തിയില്ല. അവർക്ക് സ്‌കൂളിലെ കൗൺസലർ പി.ചിത്ര വീട്ടിലെത്തി കൗൺസലിങ് നൽകിവരുന്നു. സംഭവത്തെത്തുടർന്ന് മാനസികമായി തകർന്ന കുട്ടികൾ സാധാരണ നിലയിലെത്തിയശേഷമേ സ്‌കൂളിലെത്തൂ.

ജില്ലാ പഞ്ചായത്തംഗവും അധ്യാപകനുമായ വിശ്വൻ പടനിലത്തിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച സ്‌കൂളിൽ യോഗംചേർന്ന് ഭാവിപരിപാടികൾ ചർച്ചചെയ്തു. അദ്ദേഹം നവനീതിന്റെ ക്ലാസിലെത്തി കുട്ടികൾക്ക് കൗൺസലിങ് നൽകി. സ്‌കൂളിലെ എല്ലാ ക്ലാസിലെ കുട്ടികൾക്കും കൗൺസലിങ് നൽകും.

ചൊവ്വാഴ്ച വൈകീട്ട് നാലിന് പി.ടി.എ. യോഗം വിളിച്ചിട്ടുണ്ട്. അധ്യാപകരും പി.ടി.എ. ഭാരവാഹികളും ചേർന്ന് വീടുകളിൽപ്പോയി കുട്ടികൾക്കെല്ലാം ബോധവത്കരണം നൽകാൻ തീരുമാനിച്ചു.

ചുനക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് പുലരി, പ്രഥമാധ്യാപിക കെ.വിജയകുമാരി,പി.ടി.എ. പ്രസിഡന്റ് ആർ.സുനിൽകുമാർ, സീനിയർ അസിസ്റ്റന്റ് എം.മധു, എസ്.ഗോപാലകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.