ചെങ്ങന്നൂർ: പാണ്ടനാട്ടിലെ മിത്രമഠം പാലത്തിൽനിന്ന് കമിതാക്കൾ പമ്പാനദിയിലേക്ക് ചാടിയെന്ന് അഭ്യൂഹം. തിങ്കളാഴ്ച ഉച്ചയോടെയാണ് വാർത്ത പരക്കുന്നത്. ചാടുന്നതുകണ്ടെന്ന് ചിലർ അവകാശപ്പെടുന്നുണ്ടെങ്കിലും എത്രപേർ എന്നതിൽ വ്യക്തതയില്ല. വ്യത്യസ്തമായ മൊഴികൾ പോലീസിനെ കുഴപ്പിക്കുന്നു.

ഇതിനിടെ ചാടിയവരുടേതെന്ന് തോന്നിക്കുന്ന ഒരു എഴുത്ത് പാലത്തിന്റെ കൈവരിയിൽ കണ്ടതും ആകാംക്ഷ വർധിപ്പിക്കുന്നു. കൈവരിക്ക്‌ സമീപത്തുനിന്ന്‌ പേനയും പോലീസിന് ലഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച 12-ഓടെ നദിയിലേക്ക് ഒരാൾ ചാടിയെന്നാണ് ആദ്യം വാർത്തപരന്നത്. പിന്നീട് അത് രണ്ടുപേരായി. ഇതിനിടെ കൈവരിയിൽ എഴുത്തും കണ്ടതോടെ കമിതാക്കളാണ് ചാടിയതെന്നമട്ടിലാണ് അന്വേഷണം നടക്കുന്നത്. എന്നാൽ, ഒരാൾ ചാടുന്നത് കണ്ടതിനുമാത്രമാണ് സ്ഥിരീകരണം ലഭിച്ചതെന്ന് പോലീസും റവന്യൂ അധികൃതരും പറയുന്നു. രണ്ടുപേർ ചാടുന്നതുകണ്ടെന്ന് മൊഴിനൽകിയ വയോധികനായ ആളിന് അതുറപ്പിച്ച് പറയാൻ സാധിക്കുന്നില്ല എന്നതാണ് അധികൃതരെ കുഴക്കുന്നത്.

ഒരു പെൺകുട്ടിയും ചെറുപ്പക്കാരനും മിത്രമഠം പാലത്തിനുസമീപത്ത്‌ രാവിലെമുതൽ ചുറ്റിത്തിരിയുന്നുണ്ടായിരുന്നെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു.

പോലീസിനോട്‌ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ആരെയെങ്കിലും കാണാതായെന്ന് സമീപ സ്റ്റേഷനുകളിലൊന്നും പരാതി കിട്ടിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്തായാലും ചെങ്ങന്നൂരിലേതുകൂടാതെ പത്തനംതിട്ടയിലും തിരുവല്ലയിൽനിന്നുമുള്ള അഗ്നിരക്ഷാസേനാസംഘവും സ്‌കൂബായൂണിറ്റും തിരച്ചിലിന് എത്തിയിരുന്നു. ഇരുട്ടുവീഴുന്നതുവരെ നടത്തിയതിരച്ചിൽ വിഫലമായിരുന്നു. തിരച്ചിൽ ചൊവ്വാഴ്ച തുടരും.