ആലപ്പുഴ: തീക്ഷ്ണാനുഭവങ്ങളുടെ കരുത്തുമായി അരങ്ങിലെത്തുന്ന സോബിക്ക് അഭിനയം ജീവിതം തന്നെയാണ്. കോവിഡുകാലത്ത് വേദിയില്ലാതെവന്നപ്പോൾ പെയിന്ററായും ഹൗസ്ബോട്ട് ജീവനക്കാരനായും ജീവിതവേഷംകെട്ടി വീണ്ടും അരങ്ങിലേക്കുവരാൻ തയ്യാറെടുക്കുമ്പോഴാണ് സോബിയെത്തേടി മികച്ച നാടകനടനുള്ള സംസ്ഥാന പുരസ്കാരമെത്തുന്നത്. വിശ്വസാഹിത്യകാരൻ ഷേക്സ്പിയറായി വേഷമിട്ടു ഫലിപ്പിച്ചതിനുള്ള അംഗീകാരം. തിരുവനന്തപുരം സൗപർണികയുടെ ‘ഇതിഹാസം’ എന്ന നാടകത്തിലൂടെയാണു സോബിയെത്തേടി ഷേക്സ്പിയർ എന്ന കഥാപാത്രമെത്തുന്നത്. പുരസ്കാരവിവരം അറിയിക്കുമ്പോൾ കണ്ണൂരുള്ള സഹോദരിയുടെ വീട്ടിലായിരുന്നു സോബി.

പുന്നമട മാറാട്ടുകളം തോമസ് -ആനിമ്മ ദമ്പതിമാരുടെ മകനായ സോബി, നടൻ രാജൻ പി.ദേവിന്റെ അനന്തരവനാണ്. ചെറുപ്പത്തിൽ തത്തംപള്ളിയിലെ ത്രീസ്റ്റാർ ക്ലബ്ബിലും സി.വൈ.എം.എ.യിലും അഭിനയിച്ചുനടക്കുമ്പോൾ ബൈബിൾ നാടകങ്ങളുടെ കുലപതിയായ സെയ്ത്താൻ ജോസഫിന്റെ ആലപ്പി തിയേറ്റേഴ്സിലേക്കു ക്ഷണംകിട്ടി. അതിനടുത്തവർഷം അമ്മാവൻ രാജൻ പി.ദേവ് തന്റെ ജൂബിലി തിയേറ്റേഴ്സിലേക്കു വിളിച്ചു. അവിടെ 12 വർഷം. തുടർന്ന് പാലാ കമ്യൂണിക്കേഷൻസ്, കൊട്ടാരക്കര ആശ്രയ, കൊല്ലം അസീസി എന്നീ നാടകസമിതികളിൽ പ്രവർത്തിച്ചശേഷമാണു സൗപർണികയിലെത്തുന്നത്. സൗപർണിക പങ്കെടുത്ത 27 മത്സരങ്ങളിൽ ഷേക്സ്പിയറുടെ ജീവിതം ആസ്പദമാക്കിയുള്ള ‘ഇതിഹാസം’ പുരസ്കാരം നേടിയിരുന്നു. സംഗീതനാടക അക്കാദമി വിധികർത്താക്കൾക്കു മുന്നിൽ രണ്ടുതവണ സോബിയുടെ കഥാപാത്രങ്ങളെത്തിയിരുന്നു. ‘ഇക്കുറി ഈശ്വരൻ തുണച്ചു’ എന്നാണു സോബി പറയുന്നത്.

ഇടയ്ക്കു സീരിയലുകളിലേക്ക് ഓഫറുകൾ വന്നെങ്കിലും നാടകംവിടാൻ സോബിക്ക് മനസ്സുവന്നില്ല. ഷേക്സ്പിയറാകാനായി താടിയും മുടിയും വളർത്തിയിരുന്നു. 170 -ഓളം വേദികൾ പിന്നിട്ടപ്പോഴാണു കോവിഡെത്തിയത്. പക്ഷേ, കൂലിപ്പണിയെടുത്ത് സോബി പിടിച്ചുനിന്നു. ഭാര്യ മേഴ്സിയും പ്ലസ്‌വൺ വിദ്യാർഥിനിയായ സ്നേഹയുമാണു സോബിയുടെ കരുത്ത്.