പള്ളിപ്പാട്: മുട്ടം-പള്ളിപ്പാട് റോഡിൽനിന്ന് മണക്കാട്ട് ക്ഷേത്രത്തിലേക്ക് തിരിയുന്ന ഭാഗത്ത് ഓടയുടെ സ്ലാബ് തകർന്നത് അപകടഭീഷണിയാകുന്നു. ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡായതിനാൽ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്.

സ്ലാബ് തകർന്ന ഭാഗത്ത് കുറ്റക്കാടുള്ളതിനാൽ ഒറ്റനോട്ടത്തിൽ ഇത് ശ്രദ്ധയിൽപ്പെടില്ല. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് ഇവിടെ കൂടുതലായി അപകടത്തിൽപ്പെടുന്നത്.

സമീപപ്രദേശങ്ങളിലെ നിരവധി സ്കൂൾവണ്ടികൾ ഇതുവഴി പോകുന്നുണ്ട്. എതിരേ വരുന്ന വാഹനങ്ങൾക്ക് വഴികൊടുക്കാൻ വാഹനങ്ങൾ റോഡരികിലേക്ക് മാറ്റിയാൽ അപകടത്തിൽപ്പെടാം. രണ്ടുമാസം മുൻപാണ് ഇവിടെ ഓടയുടെ സ്ലാബ് തകർന്നുതുടങ്ങിയത്. പിന്നീട് പലപ്പോഴായി വാഹനങ്ങൾ കയറി കൂടുതൽ പൊട്ടി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.