ഹരിപ്പാട്: യു.ഡി.എഫ്. സ്ഥാനാർഥി ഷാനിമോൾ ഉസ്മാന് ജില്ലയിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ലഭിച്ചത് ഹരിപ്പാട് നിയോജകമണ്ഡലത്തിലാണ്. 5,844 വോട്ടാണ് ഷാനിമോൾ ഉസ്മാൻ ഹരിപ്പാട്ട് അധികം നേടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ്.സ്ഥാനാർഥി ഹരിപ്പാട്ടുനിന്ന്‌ നേടുന്ന വലിയ ഭൂരിപക്ഷങ്ങളിലൊന്നാണിത്.

2004-ലെ തിരഞ്ഞെടുപ്പിൽ വി.എം.സുധീരന് ഹരിപ്പാട് നിയോജകമണ്ഡലത്തിൽ ലഭിച്ചത് 1,243 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ്. 2009-ൽ കെ.സി.വേണുഗോപാലിന് കിട്ടിയത് 5,858 വോട്ടിന്റെ ഭൂരിപക്ഷമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ.സി.വേണുഗോപാൽ ലീഡ് 8,865 ആയി ഉയർത്തിയിരുന്നു.

ജില്ലയിൽ ശക്തമായ രാഷ്ട്രീയപോരാട്ടം നടക്കുന്ന മണ്ഡലമാണ് ഹരിപ്പാട്. ഇരുമുന്നണികളും പരമാവധി 5000 വോട്ടിനകത്ത് ഭൂരിപക്ഷം നേടുന്നതാണ് പതിവ്. ചില ഘട്ടങ്ങളിൽ ഭൂരിപക്ഷം 2000 വോട്ടിൽ താഴെയായിട്ടുണ്ട്.

1980-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ സി.ബി.സി.വാര്യർ ഹരിപ്പാട്ട് ജയിച്ചത് 3,409 വോട്ടിനാണ്.

കോൺഗ്രസിലെ ജി.പി.മംഗലത്തുമഠമായിരുന്നു എതിരാളി. 1982-ൽ രമേശ് ചെന്നിത്തല കന്നിയങ്കത്തിൽ സി.പി.എമ്മിലെ പി.ജി.തമ്പിയെ തോൽപ്പിച്ചത് 4,577 വോട്ടിനാണ്. 1987-ൽ രമേശ് ചെന്നിത്തല ആർ.എസ്.പി.നേതാവ് എ.വി.താമരാക്ഷനെ തോൽപ്പിച്ചു. ഭൂരിപക്ഷം-3,817. പിന്നീട് 1991-ൽ കോൺഗ്രസിലെ കെ.കെ.ശ്രീനിവാസന്റെ വിജയം 515 വോട്ടിനായിരുന്നു.

1996-ൽ എ.വി. താമരാക്ഷൻ കോൺഗ്രസ് നേതാവ് എൻ.മോഹൻകുമാറിനെ 7,218 വോട്ടിന് തോൽപ്പിച്ചു.

2001-ൽ സി.പി.എം.സ്ഥാനാർഥി ടി.കെ.ദേവകുമാർ, യു.ഡി.എഫിലെത്തിയ എ.വി.താമരാക്ഷനെ തോൽപ്പിച്ചു. ഭൂരിപക്ഷം 4,187 വോട്ടായിരുന്നു. 2006-ൽ ബി.ബാബുപ്രസാദ് 1,886 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി.കെ.ദേവകുമാറിനെ തോൽപ്പിച്ചത്.

2011-ൽ രമേശ് ചെന്നിത്തല ഹരിപ്പാട്ട് വിജയിച്ചത് 5,520 വോട്ടിനാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹരിപ്പാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ വിജയം. 18,261 വോട്ട്. രമേശ് ചെന്നിത്തല കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷം ഒഴികെ ഹരിപ്പാട് നിയോജകമണ്ഡലത്തിൽ 5,000 വോട്ടിനടുത്ത് ലഭിക്കുന്ന ഭൂരിപക്ഷം ഇക്കുറി ആറായിരത്തിനടുത്ത് എത്തിക്കാൻ കഴിഞ്ഞത് നേട്ടമായി യു.ഡി.എഫ്.നേതൃത്വം വിലയിരുത്തുന്നു.