ആലപ്പുഴ: കയറിന്റെ കച്ചവടവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ആലപ്പുഴ നഗരം തുറന്നിടുന്നത് അനന്തസാധ്യതകളെന്ന് സെമിനാർ.

കയറുമായി ബന്ധപ്പെട്ടുള്ള ജീവിതരീതികളാണ് നഗരത്തിലുള്ളത്. ഇത് ആലപ്പുഴ പൈതൃക സംരക്ഷണ പദ്ധതിയിലൂടെ സംരക്ഷിക്കാനാകും. നഗരത്തിലെ കയർ മ്യൂസിയങ്ങൾ വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് സഹായകമാകും. കയർ മേഖലയുടെ സംഭാവനകളും ചരിത്രവും എല്ലാത്തരം ജനങ്ങളിലേക്കുമെത്തിക്കാനാണ് മ്യൂസിയങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

നഗരത്തിലെ കയർ ഫാക്ടറികളെയും കയർ വ്യവസായവുമായി ബന്ധപ്പെട്ട പരമ്പരാഗത ഉപകരണങ്ങളെയും എല്ലാം ഉൾപ്പെടുത്തിയാണ് പൈതൃക പദ്ധതിക്ക് രൂപംകൊടുക്കുന്നത്. കയർ വ്യവസായത്തിന്റെ പരിച്ഛേദമായി മാറാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും സെമിനാർ വിലയിരുത്തി.

മുസിരിസ് പ്രോജക്‌ട്സ് എം.ഡി. പി.എം.നൗഷാദ് വിഷയാവതരണം നടത്തി. പ്രൊഫ. മൈക്കിൾ തരകൻ മോഡറേറ്ററായി. പ്രൊഫ. കേശവൻ വെളുത്താട്ട്, ഡോ. കെ.ആർ.അനിൽ, ഫൗസിയ ഫാത്തിമ, ജി.ശ്രീകുമാർ, ആർ.സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.