ആലപ്പുഴ: വെള്ളമിറങ്ങിയതോടെ ജില്ലയിലെ വിവിധ ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് പോകുന്നവരുടെ എണ്ണം കൂടി. ഇനി ജില്ലയിൽ അവശേഷിക്കുന്നത് 26 ക്യാമ്പുകളാണ്. ഇതിലെല്ലാമായി 8805 പേരാണുള്ളത്.
സ്കൂളുകൾ പ്രവർത്തിക്കേണ്ടതിനാൽ ക്യാമ്പുകൾ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ആലപ്പുഴ നഗരത്തിലെ എസ്.ഡി.വി. സ്കൂളുകളിലെ ക്യാമ്പിൽ താമസിച്ചിരുന്നവരെ കൈനകരിയിലെ ക്യാമ്പുകളിലേക്ക് മാറ്റി. കൈനകരിയിലുള്ളവർ നഗരത്തിലെ ക്യാമ്പുകളിലാണ് അഭയം തേടിയിരുന്നത്. രണ്ട് ക്യാമ്പുകളിൽ കഴിഞ്ഞവരെ കൈനകരി കെ.ഇ.കാർമൽ സ്കൂൾ ഓഡിറ്റോറിയത്തിലേക്കാണ് മാറ്റിയിട്ടുള്ളത്.
സ്കൂളുകളിൽനിന്ന് മറ്റു ക്യാമ്പുകളിലേക്ക് പോകാൻ ചിലർ വിസമ്മതിച്ചെങ്കിലും സ്കൂൾ തുറന്നുപ്രവർത്തിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തി ഉദ്യോഗസ്ഥർ മാറ്റുകയായിരുന്നു.
ജില്ലയിൽ കൂടുതൽ ക്യാമ്പുകൾ ഇപ്പോൾ പ്രവർത്തിക്കുന്നത് ചെങ്ങന്നൂരാണ്. ഇവിടെ പത്ത് ക്യാമ്പുകളുണ്ട്. കുട്ടനാട്-5, കാർത്തികപ്പള്ളി-5, മാവേലിക്കര-3, ചേർത്തല-1 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ ക്യാമ്പുകൾ. അമ്പലപ്പുഴയിലെ അഞ്ച് ക്യാമ്പുകൾ തിങ്കളാഴ്ച കുട്ടനാട്ടിലേക്ക് മാറ്റി. നിലവിൽ 2574 കുടുംബങ്ങളാണ് ഇനിയും സ്വന്തം വീടുകളിൽ താമസിക്കാൻ കഴിയാതെയുള്ളത്.
ഇതിൽ പലരുടെയും വീടുകളിലും വെള്ളം ഇറങ്ങിയെങ്കിലും വീട് ശുചിയാക്കാത്തതാണ് പ്രശ്നം. വെയിൽ തെളിഞ്ഞുനിൽക്കുന്നതിനാൽ ക്യാമ്പുകൾ താമസിയാതെ പിരിച്ചുവിടാനാകുമെന്നാണ് ഉദ്യോഗസ്ഥരും പറയുന്നത്.