ചെങ്ങന്നൂർ: ശബരിമലതീർഥാടന കാലയളവിൽ ചെങ്ങന്നൂർ നഗരത്തിൽ വന്നുപോകുന്നത് ലക്ഷക്കണക്കിന് ശബരിമല തീർഥാടകരാണ്. തീവണ്ടി ഇറങ്ങിയെത്തുന്ന തീർഥാടകർ മഹാദേവക്ഷേത്രത്തിൽ ദർശനം നടത്തി നഗരത്തിൽനിന്ന്‌ സാധനങ്ങൾ വാങ്ങിയുമാണ് മടങ്ങാറ്. ഇത്രയധികം തീർഥാടകർ വന്നുപോകുന്ന ഇടമായിട്ടും പലപ്പോഴും ഇവർക്ക്‌ നേരിടേണ്ടിവരുന്നത് ദുരിതമാണ്.

പൊതു ശൗചാലയങ്ങളില്ലാത്തതാണ് തീർഥാടകർ നേരിടേണ്ടിവരുന്ന പ്രധാന ബുദ്ധിമുട്ട്.

കുന്നത്ത് മഹാദേവക്ഷേത്രത്തിനുസമീപം താത്‌കാലിക ശൗചാലയങ്ങൾ ഒരുക്കാറുണ്ടെങ്കിലും പലപ്പോഴും വെള്ളം ഉണ്ടാകാറില്ല. കഴിഞ്ഞവർഷങ്ങളിൽ പലപ്പോഴും തെരുവുനായ്ക്കൾ ശബരിമല തീർഥാടകരെ ആക്രമിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ കടിയേറ്റ് ഭക്തന് പരിക്കേറ്റിരുന്നു. ഇക്കുറി പട്ടിപിടിത്തക്കാരെ നഗരസഭ നേരത്തേതന്നെ നിയമിച്ചിട്ടുണ്ട്. ഇത് എത്രമാത്രം ഫലപ്രദമെന്ന് കണ്ടറിയണം.

വെള്ളക്കെട്ടിന്റെ ദുരിതം

ചെങ്ങന്നൂർ റെയിൽവേസ്റ്റേഷന് മുന്നിലെ റോഡിൽ മഴപെയ്താൽ വെള്ളക്കെട്ടുണ്ടാകും. ഓടകളിൽനിന്ന് വെള്ളം ശരിയായി ഒഴുകാത്തതാണ് കാരണം. നഗരസഭയും റെയിൽവേയും പരസ്പരം പഴിചാരുന്നതല്ലാതെ പ്രശ്‌നത്തിന് പരിഹാരം കണാനായിട്ടില്ല.

നഗരത്തിലേക്ക് ഷോപ്പിങ്ങിനിറങ്ങിയാൽ തീർഥാടകർ കുഴിയിലും വീണേക്കാം. ഓടകൾക്ക് പലതിനും മൂടിയില്ല. കെ.എസ്.ടി.പി.ക്കാണ് ഓടകളുടെയും റോഡുകളുടെയും പരിപാലനച്ചുമതലയെന്ന് അതിനും ന്യായമുണ്ട്.

വെളിച്ചക്കുറവ്

റെയിൽവേസ്റ്റേഷനിൽ ഇറങ്ങി പടിഞ്ഞാറേനട ഭാഗത്തുകൂടിയാണ് തീർഥാടകർ വിരിവെക്കാൻ ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലേക്ക് പോകുന്നത്. ഈ ഭാഗത്ത് കുറ്റാക്കൂരിരുട്ടാണ്. ഇവിടെനിന്ന്‌ കുളിക്കാൻ പോകുന്ന മിത്രപ്പുഴക്കടവ് ഭാഗത്തെ സ്ഥിതിയും വ്യത്യസ്തമല്ല.

മാസപൂജയ്ക്ക് നടതുറന്നപ്പോൾ മിതപ്പുഴക്കടവിന് ഇരുവശത്തുമുള്ള വീട്ടുകാർ ലൈറ്റ് പുറത്തുകിട്ടുന്ന തരത്തിൽ ഇടുകയായിരുന്നു. ക്ഷേത്രത്തിനുമുന്നിലുള്ള ഹൈമാസ്റ്റ് വിളക്കുപോലും കത്താറില്ലായിരുന്നു. മാതൃഭൂമി വാർത്തയെത്തുടർന്ന് നഗരസഭാ ചെയർമാനും എം.പി.യുടെ ഓഫീസും ഇടപെട്ടാണ് ലൈറ്റ് ശരിയാക്കിയത്.

പ്രീപെയ്ഡ് കൗണ്ടർ വേണം

കഴിഞ്ഞദിവസം ചെങ്ങന്നൂരിലെ രണ്ട് ഓട്ടോക്കാരെ മോട്ടോർ വാഹനവകുപ്പ് പിടികൂടി 500രൂപ വീതം പിഴ ഈടാക്കി. കുറ്റം ചെറുതല്ല ഓട്ടോയിൽ ഭിന്നശേഷിക്കാരിയായ കുട്ടിയുമായി രാത്രികയറിയ കുടുംബത്തെ മറ്റൊരു ദീർഘദൂര ഓട്ടം വന്നപ്പോൾ ഇറക്കിവിട്ടു.

ശാസ്താംപുറം ചന്തവരെപോയ യാത്രക്കാരനോട് അമിതകൂലി ആവശ്യപ്പെട്ടു. ചോദ്യം ചെയ്തതിന് അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചു. റെയിൽവേസ്റ്റേഷനിൽ വന്നിറങ്ങിയ യാത്രക്കാർക്കാണ് ഈ ദുരനുഭവം നേരിട്ടത്. പ്രീപെയ്ഡ് കൗണ്ടർ കാര്യക്ഷമമായി പ്രവർത്തിച്ചില്ലെങ്കിൽ ന്യായമായി ഓടുന്ന ഓട്ടോക്കാർക്കുകൂടി ഇത്തരം സംഭവങ്ങൾ നാണക്കേടുണ്ടാക്കും.

ലൈസൻസ് റദ്ദാക്കും

തീർഥാടകരോട് മോശമായി പെരുമാറുന്ന ഓട്ടോ-ടാക്സിക്കാരുടെ ലൈസൻസ് റദ്ദാക്കും. ഇത്തരക്കാർക്കെതിരേ കർശമായ നടപടിയെടുക്കും. ചെറിയ സവാരി പോകാനും മടി പാടില്ല.

ഡി.ജയരാജ്

ജോയിന്റ് ആർ.ടി.ഒ.

ചെങ്ങന്നൂർ

ഇരുൾ നീക്കണം

സന്ധ്യകഴിഞ്ഞാൽ ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിനുമുന്നിലും സമീപറോഡുകളിലും കൂരിരുട്ടാണ്. നഗരസഭ അധികൃതരോടടക്കം പലതവണ പരാതിപ്പെട്ടിട്ടുണ്ട്.

ജയകുമാർ

പൂജക്കട

കിഴക്കേനട

മുന്നൊരുക്കങ്ങൾ തുടങ്ങി

എല്ലാ സർക്കാർ വിഭാഗങ്ങൾക്കും ഇൻഫർമേഷൻ കൗണ്ടർ നേരത്തേ സജ്ജീകരിക്കും. ശുചീകരണത്തിന് തൊഴിലാളികളെ സജ്ജമാക്കിയിട്ടുണ്ട്. വെളിച്ചത്തിന് സംവിധാനം ഉണ്ടാകും. ലഭിക്കുന്ന സർക്കാർ ഫണ്ട് വിനിയോഗം സംബന്ധിച്ച് തീരുമാനം എടുത്തു. ശൗചാലയസമുച്ചയം പണിയാൻ ദേവസ്വം ബോർഡിന്റെ സ്ഥലം ഇക്കുറി അനുവദിച്ചു. അടുത്ത സീസണിന് മുൻപ് ശൗചാലയ സമുച്ചയം പൂർത്തീകരിക്കും.

കെ.ഷിബുരാജൻ

ചെയർമാൻ

ചെങ്ങന്നൂർ നഗരസഭ