ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ റിട്ട.അധ്യാപികയെ ആക്രമിച്ചു മാല കവർന്ന സംഭവത്തിൽ പ്രതി പോലീസിന്റെ പിടിയിലായത് എട്ടുമണിക്കൂറിനുള്ളിൽ. തുറവൂർ ചാവടി പട്ടത്താളിൽ അനന്തപ്പൈ (49)യാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ റിട്ട.അധ്യാപികയെ വീട്ടിൽ കയറി ആക്രമിച്ച് അഞ്ചുപവന്റെ മാലയുടെ മുക്കാൽഭാഗവും പറിച്ചെടുത്ത് ഇയാൾ രക്ഷപ്പെടുകയായിരുന്നു.

ആലപ്പുഴ എ.എൻ.പുരം വാർഡിൽ കുളങ്ങര കണ്ണമംഗലത്തിൽ എസ്. വിനയഭായി (75)യാണ് ആക്രമിക്കപ്പെട്ടത്. കഴുത്തിൽ തോർത്തുകെട്ടി ശ്വാസംമുട്ടിച്ചു വിനയഭായിയെ നിലത്തുതള്ളിയിട്ടു മാലയുമായി കടക്കുകയായിരുന്നു. ഇവരുടെ അകന്ന ബന്ധുവാണു പ്രതി.

വീടിനുസമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് പ്രതി മോഷണത്തിനുശേഷം രക്ഷപ്പെട്ട ബൈക്കിന്റെ നമ്പർ പോലീസിനു ലഭിച്ചതാണു പെട്ടെന്ന് ഇയാളിലേക്ക് അന്വേഷണമെത്താൻ കാരണം. പരിശോധനയ്ക്കെത്തിയ പോലീസ് നായ, മോഷ്ടാവ് ബൈക്കിൽ പോയ വഴിയേ കുറെ ദൂരം ഓടിയിരുന്നു. ഈ വഴിയിൽനിന്ന് അധികം ദൂരെയല്ലാതെ സ്ഥാപിച്ചിരുന്ന സി.സി.ടി.വി.യിൽനിന്നാണ് മോഷ്ടാവ് കടന്നുപോയ ബൈക്കിന്റെ നമ്പർ ലഭിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇയാൾത്തന്നെയാണു പ്രതിയെന്നു വ്യക്തമായി. തുറവൂരിൽ ഇയാൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിലെത്തി പിടികൂടുകയായിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും തെളിവുകൾ ഹാജരാക്കിയപ്പോൾ കുറ്റം സമ്മതിച്ചു.

ഇടയ്ക്കിടെ പണമാവശ്യപ്പെട്ടിരുന്നയാൾ

പരാതിക്കാരുടെ അകന്ന ബന്ധുവായ മോഷ്ടാവ് ഇടയ്ക്കിടെ ഇവരുടെ വീട്ടിൽ വരുമായിരുന്നു.

ചെറിയ തുകകൾ ആവശ്യപ്പെട്ടാൽ അതു നൽകിയിരുന്നു. കുറച്ചു ദിവസങ്ങളായി വിനയഭായിയുടെ മകനെ നിരന്തരം ഫോണിൽ വിളിച്ചു പണം ചോദിക്കുമായിരുന്നു. മോഷണം നടക്കുന്നതിന്റെ തലേന്നും ഇയാൾ വിളിച്ചു. എന്നാൽ, മകൻ സ്ഥലത്തില്ലായിരുന്നു. ഇതു മനസ്സിലാക്കിയാണു വ്യാഴാഴ്ച ഇയാൾ മോഷണത്തിന് എത്തിയത്.

പ്രതി പരിചയക്കാരിൽ ആരെങ്കിലുമാകാൻ സാധ്യതയുണ്ടെന്ന് പോലീസ് ആദ്യമേ സംശയിച്ചിരുന്നു. അല്ലെങ്കിൽ പകൽ സമയത്ത് ആരും ധൈര്യത്തോടെ വീടിനകത്തുകയറി ഇങ്ങനെ ആക്രമിക്കാനുള്ള സാധ്യതകുറവാണ്.

നിരന്തരമായി പണം ചോദിക്കുന്നതിനാൽ വിനയഭായിയുടെ മകനും ഇയാളെക്കുറിച്ചു ചെറിയസംശയം പോലീസിനോടു പങ്കുവച്ചു. തുടർന്നു തെളിവു കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്. അപ്പോഴാണ് സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിക്കുന്നത്.

മാല വിറ്റു, പുതിയതു വാങ്ങി

മാല കൈക്കലാക്കിയ പ്രതി അത് എരമല്ലൂരിലെ ഒരു സ്വർണക്കടയിൽ വിറ്റ് അവിടെനിന്നു പുതിയമാല വാങ്ങി. ഇതു ബാങ്കിൽ പണയം വെച്ചു പണമാക്കിയെന്നും പോലീസ് കണ്ടെത്തി. സ്വർണക്കടയിലെയും ബാങ്കിലെയും ഉൾപ്പെടെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ചെറിയ കട നടത്തുന്നയാളാണ് ഇയാൾ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.