കലവൂർ: ആഹാരമാലിന്യങ്ങൾ റോഡരികിലും വീടുകളുടെ മുൻവശങ്ങിലും തള്ളിയ രണ്ടംഗ സംഘത്തെ പോലീസ് പിടികൂടി. മണ്ണഞ്ചേരി അമ്പനാകുളങ്ങര വെളി അബ്ദുൽവഹാബ്(50), മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡ് വടക്കനാര്യാട് ഈഴാംകര ഹംസ(36) എന്നിവരെയാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്. മാലിന്യത്തിൽനിന്ന് കിട്ടിയ രേഖകളാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.

കാറ്ററിങ് സ്ഥാപനത്തിൽനിന്ന് മാലിന്യം കൊണ്ടുപോകാൻ കരാർ എടുത്തവരാണ് പ്രതികൾ.

കാറ്ററിങ് മാലിന്യങ്ങൾ കൊണ്ടുവന്ന പെട്ടിവണ്ടിയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

നേതാജി ജങ്ഷൻ പടിഞ്ഞാറ് മറുതാച്ചിക്ഷേത്രംമുതൽ കൃഷ്ണപിള്ളജങ്ഷന് പടിഞ്ഞാറുവരെയുള്ള സ്ഥലങ്ങളിലാണ് മാലിന്യങ്ങൾ കൊണ്ടിട്ടത്. കൂരീക്കാട് കാവിന് മുൻപിലും ഇറച്ചികലർന്ന മാലിന്യങ്ങൾ തള്ളിയിരുന്നു.

തിങ്കളാഴ്ച രാത്രിയിലാണ് മാലിന്യങ്ങൾ നിക്ഷേപിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്താലാണ് വാഹനം ഉൾപ്പടെ പിടികൂടാനായത്. പോലീസീന്റെ സാന്നിദ്ധ്യത്തിൽ മാലിന്യങ്ങൾ നീക്കം ചെയ്തു. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് മണ്ണഞ്ചേരി എസ്.ഐ. പി.ജി മധു പറഞ്ഞു.