ചെങ്ങന്നൂർ: റെയിൽവേ സ്റ്റേഷന് മുന്നിൽനിന്ന് സെൽഫി എടുക്കാൻ തോന്നുന്നതരത്തിൽ ടെർമിനൽ ഭംഗിയുള്ളതാക്കുമെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം.) സിരീഷ് കുമാർ സിൻഹ. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ശബരിമല അവലോകനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ശബരിലയുടെ പ്രവേശനകവാടമെന്ന പട്ടം ചാർത്തിക്കിട്ടിയിട്ടും ഒരു ആർച്ചുപോലും ഇല്ലാത്തത് ഏറെ കഷ്ടമാണ്. അടിയന്തരമായി ഇരുകവാടങ്ങളിലും ആർച്ച്‌ സ്ഥാപിക്കും. കേരളീയ ശൈലിയിൽ മനോഹരമായിട്ടാവും നിർമാണം. ഇതിന്റെ ചെലവ് എത്രയെന്ന് കണക്കാക്കി വൈകാതെ നടപടികൾ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമുകൾ ബന്ധിപ്പിച്ച് ഒരു നടപ്പാലംകൂടി സമീപഭാവിയിൽ നിർമിക്കുമെന്ന് യോഗത്തിൽ ആധ്യക്ഷം വഹിച്ച കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. ഇതിനായി നൽകിയ നിവേദനം ഡി.ആർ.എം. അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു. നടപ്പാലത്തിന്റെ സ്ഥലം എവിടെ വേണമെന്ന് എൻജിനീയറിങ്‌ വിഭാഗം പരിശോധന നടത്തി തീരുമാനിക്കും.

രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകൾക്കിടയിൽ ഒരു ലിഫ്റ്റ് കൂടി നിർമിക്കും. ഇവിടത്തെ ആസ്ബസ്‌റ്റോസ് മേൽക്കൂര മാറ്റി ഗാൽവനൈസ്ഡ് മേൽക്കൂര സ്ഥാപിക്കും. ഒന്നാം പ്ലാറ്റ്‌ഫോമിലെ എ.സി. വിശ്രമമുറികൾ ഈ മാസം അവസാനത്തോടെ തുറന്നുകൊടുക്കും.

തീർഥാടകരുടെ സൗകര്യാർഥം പോർട്ടബിൾ അൺറിസർവ്ഡ് ടിക്കറ്റ് (യു.ടി.എസ്.) മെഷീൻ സ്ഥാപിക്കും. പഴഞ്ചൻ കസേരകൾ മാറ്റി എയർപോർട്ടിൽ ഉപയോഗിക്കുന്ന തരത്തിലുള്ള സ്റ്റീൽകസേരകൾ സ്ഥാപിക്കും. ഒന്നാം പ്ലാറ്റ്‌ഫോമിലെ ശൗചാലയങ്ങളുടെ പണി സീസൺ തുടങ്ങുമ്പോഴേക്കും തീർക്കും.

തുച്ഛമായ ചെലവിൽ മെച്ചപ്പെട്ട ആഹാരം നൽകുന്ന ജൻ ആഹാർ കൗണ്ടറുകൾ പുനഃസ്ഥാപിക്കും. കൂടുതൽ വാട്ടർ കൂളറുകൾ, കസേരകൾ എന്നിവ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭാ ചെയർമാൻ കെ. ഷിബുരാജൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജി.വിവേക്, ഡെപ്യൂട്ടി കളക്ടർ ആർ.പി.എഫ്., അസിസ്റ്റന്റ് കമ്മിഷണർ ടി.എസ്.ഗോപകുമാർ, സ്റ്റേഷൻ മാനേജർ വർഗീസ് കുരുവിള, അസിസ്റ്റന്റ് ഓപ്പറേറ്റിങ് മാനേജർ പ്രമോദ് ജോർജ് തുടങ്ങിയവർ സംബന്ധിച്ചു.

സുരക്ഷ കൂട്ടും, കൈയേറ്റം ഒഴിപ്പിക്കും

അയോധ്യാവിധിയുടെ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ജാഗ്രത പുലർത്തും. ഇതിനായി 40 ആർ.പി.എഫ്. ഉദ്യോഗസ്ഥരെ കൂടുതലായി പോസ്റ്റ് ചെയ്യും. സ്‌റ്റേഷൻ പൂർണമായും ക്യാമറാ വലയത്തിൽ ആക്കും. ആർ.പി.എഫ്. സ്റ്റേഷന് സമീപത്തേക്കുള്ള പ്രവേശനകവാടത്തിനോടുചേർന്ന് ഒരു വീടും കടയും റെയിൽവേ ഭൂമി ൈകയേറിയാണ് നിർമിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

മലിനജലമൊഴുകിപ്പോകുന്ന ഓട അടച്ചുള്ള ഈ നിർമാണം കാരണമാണ് സ്റ്റേഷനിലെ വെള്ളക്കെട്ട്. അടിയന്തരമായി കൈയേറ്റം ഒഴിപ്പിക്കാൻ സഹായിക്കാൻ റെയിൽവേ സീനിയർ ഡിവിഷൺ കൊമേഴ്‌സ്യൽ മാനേജർ ഡോ. രാജേഷ് ചന്ദ്രൻ റവന്യൂ വകുപ്പിന്റെ സഹായംതേടി. തഹസിൽദാർ എസ്.മോഹനൻപിള്ളയോട് യോഗത്തിൽ വച്ചാണ് സഹായം ആവശ്യപ്പെട്ടത്.