പുന്നപ്ര: കരാർ ജീവനക്കാരുടെ സമരത്തെത്തുടർന്ന് ’കേപ്പി’ന് കീഴിലെ ഏക ആശുപത്രിയായ പുന്നപ്ര സാഗര സഹകരണ ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെട്ടു. ഡിസംബറിലെ ശമ്പളം ഇതേവരെ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു.വിന് കീഴിലുള്ള കേപ്പ് കോൺട്രാക്ട് എംപ്ലോയീസ് യൂണിയനാണ് അനിശ്ചിതകാലസമരം തുടങ്ങിയത്.

ആശുപത്രിയിൽ കിടത്തിച്ചികിത്സ തേടുന്ന രോഗികളെ, സമരത്തെത്തുടർന്ന് മറ്റ് ആശുപത്രികളിയേക്ക് അയച്ചുതുടങ്ങി. സമരം തുടരുന്നപക്ഷം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ ആശുപത്രി പ്രവർത്തിക്കില്ലെന്നു കാട്ടി മാനേജ്‌മെന്റ് നോട്ടീസ് പതിച്ചു. ഡോക്ടർമാരും നഴ്‌സുമാരുമൊഴികെയുള്ള ഭൂരിപക്ഷം ജീവനക്കാരും കരാർ തൊഴിലാളികളാണ്.

മിനിമംവേതനം അനുവദിക്കണമെന്ന ഇവരുടെ കാലങ്ങളായുള്ള ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല. അതിനിടെയിലാണ് ഈമാസം ഒന്നിന് ലഭിക്കേണ്ട ശമ്പളം മാസം പകുതികഴിഞ്ഞിട്ടും ലഭിക്കാത്തത്. വെള്ളിയാഴ്ച അത്യാഹിതം, ഡയാലിസിസ്, ലേബർറൂം എന്നിവയൊഴികെ മറ്റൊരു വിഭാഗങ്ങളിലും കരാർ ജീവനക്കാർ ജോലിയ്ക്ക് കയറിയില്ല.

280 കരാർ ജീവനക്കാരാണുള്ളത്. ഒ.പി. അടക്കമുള്ള വിഭാഗങ്ങൾ വെള്ളിയാഴ്ച പ്രവർത്തിച്ചില്ല. 30 രോഗികളാണ് കിടത്തിചികിത്സ തേടുന്നത്. ഇവരിൽ എട്ടുപേർ ഗുരുതരനിലയിലുള്ളവരാണ്.

മുപ്പതോളം പർ ഇവിടെ ഡയാലിസിസ് നടത്തിവരുന്നുണ്ട്. ജീവനക്കാർ സമരം തുടങ്ങിയ വിവരം വകുപ്പുമന്ത്രി, കേപ്പ് ഡയറക്ടർ തുടങ്ങിയവരെ അറിയിച്ചതായി ആശുപത്രി മാനേജ്‌മെന്റ് വിശദമാക്കി.

ആശുപത്രികളിൽ സമരം ചെയ്യുമ്പോൾ പതിനഞ്ച് ദിവസം മുമ്പെങ്കിലും നോട്ടീസ് നൽകണമെന്ന വ്യവസ്ഥ പാലിക്കാതെയാണ് കരാർ ജീവനക്കാർ സമരം തുടങ്ങിയത്. സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധിമൂലമാണ് ശമ്പളം വൈകുന്നത്. ലാഭത്തിലെത്തി നല്ലനിലയിൽ പ്രവർത്തിക്കുന്ന ആശുപത്രിയുടെ സൽപേരിന് മങ്ങലേൽപ്പിക്കാനേ, രോഗികളെ ബുദ്ധിമുട്ടിച്ചുള്ള സമരത്തിന് സാധിക്കുവെന്നും മാനേജ്‌മെന്റ് കുറ്റപ്പെടുത്തി.

സമരത്തിലേയ്ക്ക് തള്ളിവിട്ടു

മൂന്നുമാസത്തിനകം മിനിമം വേതനം അനുവദിക്കാമെന്ന ഉറപ്പ് പാലിക്കാൻ കേപ്പ് ഡയറക്ടർ തയ്യാറായില്ല. തുച്ഛമായ ശമ്പളംപോലും ഈമാസം 17 ആയിട്ടും കിട്ടിയില്ല. ഈസാഹചര്യത്തിലാണ് പണിമുടക്കിലേയ്ക്ക് നീങ്ങേണ്ടിവന്നത്.

കെ.യു.മധു,

സെക്രട്ടറി,

കേപ്പ് കോൺട്രാക്ട് എംപ്ലോയീസ് യൂണിയൻ

ശമ്പളം ഉടൻ ലഭിക്കും

സർക്കാർ ഫണ്ട് ലഭിക്കാത്തതുമൂലമാണ് ശമ്പളം വൈകുന്നത്. തിങ്കളാഴ്ചയോടെ ശമ്പളം നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമരം ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിച്ചതിനാലാണ് പ്രവർത്തനം നിർത്തിവയ്ക്കാൻ നോട്ടീസ് പതിച്ചത്.

ടി.കെ.ഗോപാലകൃഷ്ണൻനായർ,

സെക്രട്ടറി, സാഗര സഹകരണ ആശുപത്രി, പുന്നപ്ര.