പുന്നപ്ര: ഐസ് പ്ലാന്റിൽനിന്ന് അമോണിയയും മറ്റ്‌ രാസവസ്തുക്കളും തോട്ടിലേക്ക്‌ ഒഴുക്കിയതുമൂലം പരിസരവാസികൾ ദുരിതത്തിലായി. പുന്നപ്ര കളിത്തട്ട്-തീരദേശറോഡരികിലെ ഐസ് പ്ലാന്റിൽനിന്നാണ് വ്യാഴാഴ്ച രാത്രി രാസവസ്തുകലർന്ന മലിനജലം സമീപത്തെ കാപ്പിത്തോട്ടിലേക്ക്‌ ഒഴുക്കിയത്.

തോടിന് സമാന്തരമായുള്ള തുറയിൽ റോഡരികിലെ നിരവധി കുടുംബങ്ങളിലുള്ളവർക്ക് ശ്വാസംമുട്ടലുണ്ടായി. ഒരാൾ ചികിത്സതേടി. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. വെള്ളിയാഴ്ച രാവിലെ വീടുകളിൽനിന്ന് പുറത്തിറങ്ങിയപ്പോഴാണ് ജനങ്ങൾക്ക് അസ്വസ്ഥതകൾ തുടങ്ങിയത്. ശ്വാസംമുട്ടലിനെത്തുടർന്ന് പടിഞ്ഞാറെ പൊഴിക്കൽ വിനീഷിന്റെ ഭാര്യ നിഷ (32) പുന്നപ്രയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി. തോട്ടിലെ തവള, ആമ തുടങ്ങിയ ജീവികൾ ചത്തുപൊങ്ങി. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് സുധർമ ഭുവനേന്ദ്രനും ജനപ്രതിനിധികളും സ്ഥലത്തെത്തി.

തോട്ടിലേക്കും കാനയിലേക്കും മാലിന്യമൊഴുക്കുന്ന മുഴുവൻ കുഴലുകളും അടിയന്തരമായി നീക്കം ചെയ്യാൻ പ്രദേശത്തെ മുഴുവൻ ഐസ് പ്ലാന്റുകൾക്കും ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. ആരോഗ്യവകുപ്പ്, മലിനീകരണനിയന്ത്രണബോർഡ്, പോലീസ്, അഗ്നിസുരക്ഷാസേന എന്നിവരെ വിവരം അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സുധർമ ഭുവനേന്ദ്രൻ പറഞ്ഞു. തോട്ടിൽ ഒഴുക്കില്ലാത്തതിനാൽ തത്കാലം ഒന്നും ചെയ്യാൻ നിർവാഹമില്ല.

അസ്വസ്ഥതയുണ്ടാക്കുന്ന ഗന്ധം മാറുന്നതുവരെ കുട്ടികളെ തോടരികിലേക്ക്‌ ഇറക്കരുതെന്ന് രക്ഷിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തോട്ടിലേക്കും കാനയിലേക്കും മാലിന്യം ഒഴുക്കുന്നത്‌ ശക്തമായി തടയുമെന്നും അവർ പറഞ്ഞു.