പുളിങ്കുന്ന്: പുളിങ്കുന്നിലുണ്ടായ സ്ഫോടനത്തിൽ നാലുകടകൾ നശിച്ചു. ആളപായമില്ല. ജങ്കാർ കടവിനു സമീപം പാടിയത്തറ ലാലിച്ചന്റെ ലിയോ ഏജൻസിയുടെ പരിസരത്താണ് പൊട്ടിത്തെറിയുണ്ടായത്. എന്നാൽ, പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ചൊവ്വാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം.

സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ സ്റ്റുഡിയോ, േബക്കറി, ഇരുമ്പുകട എന്നിവയ്ക്കും കേടുപാട്‌ സംഭവിച്ചു. പുലർച്ചെയായതിനാൽ അധികമാളുകൾ സമീപത്തില്ലാതിരുന്നതിനാലാണ് ആളപായമൊഴിവായത്. ഉഗ്രശബ്ദത്തോടെയുണ്ടായ സ്‌ഫോടനത്തെത്തുടർന്ന് അൻപതുമീറ്ററോളം ചുറ്റളവിൽ ചില്ലുകളും കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും മറ്റും റോഡിൽ ചിതറിത്തെറിച്ചു.

സ്ഫോടനത്തിൽ െഎസ്‌ക്രീം പാർലറിന്റെ ഇരുമ്പു ഷട്ടറുകൾ പത്തുമീറ്ററോളം അകലേക്ക് തെറിച്ചുപോയി. സ്‌ഫോടനശബ്ദം രണ്ടുകിലോമീറ്ററോളം ചുറ്റളവിൽ അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. സ്ഫോടനമുണ്ടായതായി സംശയിക്കുന്ന കടയ്ക്കുള്ളിൽ തീപ്പിടിത്തമൊന്നുമുണ്ടായിട്ടില്ല. ഗ്യാസ് സിലിൻഡറുകളും സുരക്ഷിതമാണ്.

ആദ്യം ഫ്രീസറിനുള്ളിലെ കംപ്രസർ പൊട്ടിത്തെറിച്ചതാണെന്ന നിഗമനത്തിലായിരുന്നു പോലീസും നാട്ടുകാരും. എന്നാൽ, റോഡിലേക്ക്‌ തെറിച്ചുവീണ ഫ്രീസറിലും പൊട്ടിത്തെറിയുടെ ലക്ഷണങ്ങൾ പ്രകടമല്ല. റോഡിൽ കിടന്നിരുന്ന വാഹനത്തിൽനിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പുളിങ്കുന്ന് പോലീസ് പറയുന്ന പ്രാഥമികവിവരം.

എന്നാൽ, കടയ്‌ക്കുമുന്നിൽ വാഹനങ്ങളൊന്നുമില്ലെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. പുളിങ്കുന്ന് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന് ഡോഗ് സ്‌ക്വാഡും ഫൊറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Content Highlights: explosion