മാവേലിക്കര: വാതിലുകൾ തുറന്നുവച്ചുള്ള സ്വകാര്യബസുകളുടെ പാച്ചിൽ യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തുന്നു. സ്വകാര്യബസ് ജീവനക്കാരുടെ നിരുത്തരവാദപരമായ സമീപനത്തിന്റെ ഒടുവിലത്തെ ഇരയാണ് കഴിഞ്ഞദിവസം മരിച്ച പൊന്നാരംതോട്ടം സ്വദേശിനിയായ പ്രസന്നകുമാരി (50) എന്ന വീട്ടമ്മ.

കഴിഞ്ഞ വെള്ളിയാഴ്ച മാവേലിക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ അമിതവേഗത്തിൽ വളവ് വീശിയെടുത്ത ബസിൽനിന്ന് തെറിച്ചുവീണ് ചികിത്സയിൽ കഴിയവേയാണ് മരണം.

സ്വകാര്യബസ് വ്യവസായം നഷ്ടത്തിലായതോടെ ചിലവ് ചുരുക്കലിന്റെ ഭാഗമായി ബസുകളിൽനിന്ന് ക്ലീനർമാർ ഒഴിവായി. ടിക്കറ്റ് കൊടുക്കുന്നതിനൊപ്പം വാതിലുകൾ ശ്രദ്ധിക്കുന്നതും കണ്ടക്ടർമാരുടെ ജോലിയായതിനാൽ മിക്ക ബസുകളിലും വാതിലുകൾ സ്ഥിരമായി തുറന്നുവച്ചിരിക്കുകയാണ്.

പുതിയ ബസുകളിൽ ഡ്രൈവർക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഹൈഡ്രോളിക് വാതിലുകളുണ്ടെങ്കിലും പെട്ടെന്ന് യാത്രക്കാരെ കയറ്റാനും ഇറക്കാനും അസൗകര്യമായതിനാൽ അവ തുറന്നുതന്നെവയ്ക്കുകയാണ് പതിവ്.

കെ.എസ്.ആർ.ടി.സി. യോടും മറ്റ് സ്വകാര്യബസുകളോടും മത്സരിച്ച് യാത്രക്കാരെ സ്വന്തമാക്കാനുള്ള വ്യഗ്രതയിൽ ബസിലുള്ളവരുടെ സുരക്ഷയ്ക്ക് ജീവനക്കാർ പരിഗണന നൽകാറില്ല. യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനുമുമ്പ് ബസ് മുന്നോട്ടെടുക്കുന്നത് പതിവ് സംഭവമാണ്.

പലപ്പോഴും തലനാരിഴ വ്യത്യാസത്തിനാണ് അപകടങ്ങൾ ഒഴിവാകുന്നത്. അമിതവേഗത്തിൽ റോഡിലെ ഹമ്പിൽ കയറുമ്പോൾ പിൻസീറ്റ് യാത്രക്കാർ ബസിനുള്ളിൽ തെറിച്ചുവീണ് നട്ടെല്ലൊടിഞ്ഞ സംഭവവും പലതവണ ഉണ്ടായിട്ടുണ്ട്.

പോലീസിന്റെയും മോട്ടോർവാഹന വകുപ്പിന്റെയും പരിശോധന കാര്യമായില്ലാത്തതും നിയമലംഘനങ്ങൾക്ക് പ്രോത്സാഹനമാകുന്നു.

എല്ലാവർഷവും മോട്ടോർ വാഹനവകുപ്പിന്റെ ഫിറ്റ്‌നസ് പരിശോധനയ്‌ക്കായി വാഹനങ്ങൾ എത്തിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്. എന്നാൽ, അന്ന്‌ വൈകീട്ടുതന്നെ വാതിലുകളും അധികസീറ്റുകളും അഴിച്ചുമാറ്റിയാണ് പിന്നീട് സ്വകാര്യബസുകളോടുന്നത്. അധികൃതർക്കും ഇത് അറിയാമെങ്കിലും പരിശോധനയോ പിഴയീടാക്കലോ ഇതിന്റെ പേരിൽ ഉണ്ടാകാറില്ല.