bjp
പാണ്ടനാട്: ജില്ലയില്‍ ബി.ജെ.പി. ഭരിക്കുന്ന ഏക ഗ്രാമപ്പഞ്ചായത്തായ പാണ്ടനാട്ടില്‍ പ്രസിഡന്റ് ആശാ വി. നായര്‍ രാജിവെച്ചു. ഇതോടൊപ്പം ഗ്രാമപ്പഞ്ചായത്ത് അംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചിട്ടുണ്ട്. പഞ്ചായത്തില്‍ നേരത്തേ ബി.ജെ.പി. യുടെ വൈസ് പ്രസിഡന്റിനെ സി.പി.എം. കൊണ്ടുവന്ന അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂലായ് ആറിനു നടത്താനിരിക്കെയാണ് പ്രസിഡന്റ് രാജിവെച്ചത്.
പ്രസിഡന്റിനെതിരേ അവിശ്വാസം കൊണ്ടുവന്നിരുന്നില്ല. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറിന്റെ പഞ്ചായത്തു കൂടിയാണിത്. പാണ്ടനാടുകൂടി നഷ്ടമായതോടെ ജില്ലയില്‍ ബി.ജെ.പി. ഭരിക്കുന്ന പഞ്ചായത്തുകള്‍ ഇല്ലാതായി. ചെന്നിത്തല, കോടംതുരുത്ത് പഞ്ചായത്തുകളിലും ഭരണം നഷ്ടപ്പെട്ടിരുന്നു. പാണ്ടനാട് പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയില്‍ ബി.ജെ.പി.-6, സി.പി.എം.-5, കോണ്‍ഗ്രസ്-2 എന്നിങ്ങനെയാണു കക്ഷിനില. പാണ്ടനാടുപഞ്ചായത്ത് ഏഴാംവാര്‍ഡ് വന്മഴി വെസ്റ്റില്‍നിന്നുള്ള പ്രതിനിധിയായിരുന്നു ആശ.
ബി.ജെ.പി.ക്കു രാഷ്ട്രീയ അന്ധതയെന്ന് ആരോപണം
രാഷ്ട്രീയാന്ധതമൂലം വികസനത്തെ എതിര്‍ക്കുന്ന ബി.ജെ.പി.യുടെ നിലപാടിനൊപ്പം തുടരാന്‍ കഴിയില്ലെന്ന് ആശ വി. നായര്‍ പറഞ്ഞു. വൈസ് പ്രസിഡന്റിനെതിരേ അവിശ്വാസം പാസായതിനെത്തുടര്‍ന്ന് പഞ്ചായത്തു പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ടും വ്യക്തിപരമായി ആക്ഷേപിച്ചും ബി.ജെ.പി. പ്രവര്‍ത്തകരും അനുഭാവികളും സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടു. ബി.ജെ.പി. നേതൃത്വത്തിന്റെ ശ്രദ്ധയില്‍കൊണ്ടുവന്നിട്ടും പ്രയോജനമുണ്ടായില്ല.
മന്ത്രിയും ചെങ്ങന്നൂര്‍ എം.എല്‍.എ. യുമായ സജി ചെറിയാന് പഞ്ചായത്തില്‍ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടിയോളം രൂപ അനുവദിച്ചിരുന്നു. ജില്ലാ പഞ്ചായത്തു വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സല ഒരുകോടി രൂപയോളം ജില്ലാപഞ്ചായത്തില്‍നിന്നു തന്നു. പഞ്ചായത്തിന്റെ വികസനം ശരിയായി മുന്നോട്ടുകൊണ്ടുപോകുന്നതിനു മന്ത്രിയുടെയും മറ്റു ജനപ്രതിനിധികളുടെയും സഹായവും സഹകരണവും അത്യന്താപേക്ഷിതമാണ്. ജനങ്ങളിലാണു വിശ്വാസം. അവരോടു നീതിപുലര്‍ത്താന്‍ അനുവദിക്കാത്ത ബി.ജെ.പി. യുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നു. ബി.ജെ.പി. ബാനറില്‍ ജയിച്ച മെമ്പര്‍ സ്ഥാനവും പ്രസിഡന്റുസ്ഥാനവും രാജിവെക്കുന്നു. തുടര്‍ന്നും ജനങ്ങളോടൊപ്പമുണ്ടാകുമെന്നും ആശ പത്രക്കുറിപ്പില്‍ പറഞ്ഞു.
ഇടതുപാളയത്തിലേക്കെന്നു സൂചന; കോണ്‍ഗ്രസ് നിലപാടും നിര്‍ണായകമാകും
ആശ വി. നായര്‍ ഇടതു പാളയത്തിലേക്കു പോകാനുള്ള സാധ്യതയാണു നിലവിലുള്ളത്. വൈസ് പ്രസിഡന്റിനെതിരേ മാത്രമായി ഇടതുപക്ഷം അവിശ്വാസം കൊണ്ടുവന്നപ്പോള്‍ത്തന്നെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ കേട്ടിരുന്നു.
പ്രദേശവാസിയായ ജില്ലാ പഞ്ചായത്തംഗത്തിനെ പഞ്ചായത്തിന്റെ പരിപാടികളില്‍നിന്നു മുന്‍ വൈസ് പ്രസിഡന്റ് ഒഴിവാക്കുന്നതായുള്ള ആരോപണങ്ങള്‍ സി.പി.എം. നേരത്തേ ഉന്നയിച്ചിരുന്നു. തുടര്‍ന്നായിരുന്നു അവിശ്വാസം.
മെമ്പര്‍ സ്ഥാനവും രാജിവെച്ചതിനാല്‍ ഒരു മാസത്തിനകം പ്രസിഡന്റ് തിരഞ്ഞെടുപ്പുവരുമ്പോള്‍ ബി.ജെ.പി. ക്കും സി.പി.എമ്മിനും അഞ്ചുസീറ്റ് വീതമുണ്ടാകും.
രണ്ടു സീറ്റുള്ള കോണ്‍ഗ്രസിന്റെ നിലപാട് നിര്‍ണായകമാകും. വൈസ് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിനുള്ളിലും ചില പടലപ്പിണക്കങ്ങളുണ്ട്.
അന്നു പിന്തുണ സംബന്ധിച്ചു മണ്ഡലം പ്രസിഡന്റും പാണ്ടനാട്ടിലെ ഡി.സി.സി. ഭാരവാഹിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായി. വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനുനല്‍കി സി.പി.എം. ഭരണത്തിലേറാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..