ചേർത്തല : ഒരുകോടിയിലേറെ വിലവരുന്ന നിരോധിത പുകയില ഉത്‌പന്നം കടത്തിയ ലോറിയിൽനിന്നു കണ്ടെടുത്ത 280 ചാക്ക് ഉരുളക്കിഴങ്ങ് ഭക്ഷ്യയോഗ്യമല്ലെന്നു സിവിൽ സപ്ലൈസ് വകുപ്പിന്റെ റിപ്പോർട്ട്. പുകയില ഉത്‌പന്നങ്ങൾ കടത്താനാണ്‌ ഉരുളക്കിഴങ്ങുകൾ നിറച്ച ചാക്ക് ലോറിക്കുമുകളിൽ അടുക്കിയത്. ആറിനു പുലർച്ചേയാണ് ഉരുളക്കിഴങ്ങ് ചാക്കുകൾക്കുതാഴെ ഒളിപ്പിച്ചുകടത്തിയ 100 ചാക്ക് നിരോധിത പുകയില ഉത്‌പന്നം വാഹനപരിശോധനയ്ക്കിടെ അർത്തുങ്കൽ ബൈപ്പാസിനുസമീപം പോലീസ് പിടികൂടിയത്.

ഇതിന്റെ റിപ്പോർട്ട് കോടതിക്കു കൈമാറി. എന്നാൽ, ഇതിനൊപ്പം കണ്ടെടുത്ത ഉരുളക്കിഴങ്ങ് നീക്കാൻ പോലീസ് കളക്ടർക്കു റിപ്പോർട്ടു നൽകിയെങ്കിലും നടപടികളായിരുന്നില്ല. സിവിൽ സപ്ലൈസ് വകുപ്പുവഴി സർക്കാർ ഏറ്റെടുക്കുന്നതാണ് പൊതുവായ നടപടിക്രമം.

ദിവസങ്ങൾ കഴിഞ്ഞിട്ടും ഏറ്റെടുക്കൽ നടന്നിരുന്നില്ല. വ്യാഴാഴ്ച വൈകീട്ട് സിവിൽ സപ്ലൈസ് വകുപ്പധികൃതരും സപ്ലൈകോ ഉദ്യോഗസ്ഥർ, ഗുണനിലവാര പരിശോധനാവിഭാഗം എന്നിവരുടെയും നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ചിലതിനു കിളിർപ്പുവന്നതും ചീഞ്ഞുതുടങ്ങിയതും ഉൾപ്പെടെയുള്ള കാരണങ്ങൾ കാട്ടി ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തി.

ഇത് റിപ്പോർട്ടാക്കി കളക്ടർക്കു നൽകുമെന്നു സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ പറഞ്ഞു. ഒരാഴ്ചയായി പോലീസ് സ്റ്റേഷനുമുന്നിൽ ഇവ അടുക്കി മൂടിവച്ചിരിക്കുകയായിരുന്നു. അതിനിടെ വെയിലും മഴയും ഏറ്റതുമൂലമാകാം ചീത്തയായി പോയതെന്നാണ് സൂചന. 44 കിലോയാണ് ഒരുചാക്ക് ഉരുളക്കിഴങ്ങ്. കിലോഗ്രാമിന് 40 രൂപയാണ് നിലവിലെ വില.

നാലരലക്ഷത്തോളം രൂപ വിലവരുന്ന കിഴങ്ങാണു നശിച്ചത്. പുകയില ഉത്‌പന്നങ്ങൾ കടത്തിയതിനു പിടിയിലായ സേലം സ്വദേശികൾക്കു ജാമ്യംലഭിച്ചിരുന്നു.

Content Highlights: Potatoes used for smuggling tobacco products are unfit for human consumption says Civil Supplies Department