ആലപ്പുഴ : ആലപ്പുഴയിൽ മണിക്കൂറുകൾക്കിടയിൽ നടന്ന രണ്ടു രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളെ കണ്ടെത്താൻ തുമ്പുണ്ടാക്കിയ സച്ചിന് ഗുഡ്സ് സർവീസ് എൻട്രി. ആലപ്പുഴ കെ-9 സ്ക്വാഡിലെ ട്രാക്കർ നായയാണ് സച്ചിൻ. അഞ്ചുവയസ്സുകാരനായ സച്ചിൻ ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെടുന്നതാണ്. രണ്ടു കൊലപാതകങ്ങളും നടന്ന സ്ഥലത്തെത്തിച്ച സച്ചിൻ മണംപിടിച്ചു പിന്തുടർന്ന് കിലോമീറ്ററുകൾ ഓടി.

നായ ഓടിയ റൂട്ടിലെ സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് പ്രതികളെക്കുറിച്ചുള്ള തുമ്പ് പോലീസിനു ലഭിക്കുന്നത്. മധ്യപ്രദേശിൽ പരിശീലനം നടത്തിയ സച്ചിൻ നാലുവർഷം മുൻപാണ് ആലപ്പുഴ കെ-9 സ്ക്വാഡിന്റെ ഭാഗമാകുന്നത്. ദിവസവും മണിക്കൂറുകൾ നീണ്ട പരിശീലനം നടത്താറുണ്ട്. മണംപിടിച്ച് എട്ടുകിലോമീറ്റർവരെ സച്ചിന് ഓടാൻ സാധിക്കും.

ഗുഡ് സർവീസ് എൻട്രി ലഭിക്കുന്നത് ആദ്യമായാണ്. കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചിങ്ങോലി കാവിൽപ്പടി ദേവീക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ പ്രതിയെ പിടിക്കുന്നതിനു നിർണായകമായ തെളിവ് മണംപിടിച്ചു കണ്ടെത്തിയിരുന്നു. ഇതുംകൂടി മുൻനിർത്തിയാണ് ഗുഡ് സർവീസ് എൻട്രി നൽകിയത്. സച്ചിന്റെ പരിശീലകരായ എസ്. ശ്രീകാന്ത്, നിതിൻ പ്രഭാഷ് എന്നിവർക്കും ഗുഡ് സർവീസ് എൻട്രി ലഭിച്ചു.

Content Highlights: Police dog good service entry found guilty of political assassinations