ചെങ്ങന്നൂർ: 2009-ൽ ശബരിമലയുടെ പ്രവേശന കവാടമെന്ന് ചെങ്ങന്നൂരിനെ പ്രഖ്യാപിച്ചു. മൂന്നു വർഷം മുൻപ് 2016-ൽ തീർഥാടക സ്റ്റേഷൻ എന്ന പദവി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് ചാർത്തിക്കിട്ടി. ഏറെ കൈയടി നേടിയ പ്രഖ്യാപനങ്ങൾ പക്ഷേ പ്രവർത്തിയിൽ കണ്ടില്ല. ചെങ്ങന്നൂർ, കോട്ടയം എന്നീ റെയിൽവേ സ്‌റ്റേഷനുകളാണ് ശബരിമലയിലേക്ക് പോകാൻ അയൽസംസ്ഥാനക്കാരായ തീർഥാടകർ ഏറെ ആശ്രയിക്കുന്നത്. കോട്ടയവുമായി തുലനം ചെയ്യുമ്പോൾ ചെങ്ങന്നൂരിന്റെ സ്ഥാനം വളരെ പിന്നിലാണ്. പരിമിതമായ സൗകര്യങ്ങളുള്ള ഭക്ഷണശാലയും മതിയായ ഇരിപ്പിടങ്ങളില്ലാത്തതും പ്രത്യക്ഷത്തിൽ തന്നെ അറിയാം.

ഇടിഞ്ഞു കിടക്കുന്ന പ്ലാറ്റ്‌ഫോം

ഒരു മാസം മുമ്പ്, ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷൻ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിന്റെ ഭാഗം ഇടിഞ്ഞു വീണു. ചുറ്റുമതിലോട് കൂടി നിലംപൊത്തിയ പ്ലാറ്റ്‌ഫോം ഇനിയും ഉയർത്തെഴുന്നേറ്റിട്ടില്ല. തെക്കുഭാഗത്ത് എസ്‌കലേറ്ററിനോട് ചേർന്ന ഭാഗമാണ് ഇടിഞ്ഞത്.

ശൗചാലയ സമുച്ചയത്തിനും പാർക്കിങ്ങ് ഗ്രൗണ്ടിനും വേണ്ടി മണ്ണെടുക്കാൻ കുഴിച്ചതാണ് ഇടിയാൻ കാരണം. ശബരിമല തീർഥാടകർ വന്നിറങ്ങുന്ന പ്ലാറ്റ്‌ഫോമിൽ ആളുകൾ വീഴാതിരിക്കാൻ കയർകെട്ടി പടുത ഇട്ട് മറച്ചിരിക്കുന്നു. തിരക്കിൽ കാലുതെറ്റി ആരെങ്കിലും കുഴിയിൽ വീണാൽ കുറ്റം പറയരുതല്ലോ.

ശൗചാലയ സമുച്ചയം പണി ഇഴയുന്നു

പൊളിച്ച ശൗചാലയ സമുച്ചയത്തിന്റെ പണി ഇഴഞ്ഞു നീങ്ങാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. പണി തുടങ്ങി ഏറെ നാൾ കഴിയും മുമ്പേ കരാറുകാരൻ പണി ഉപേക്ഷിച്ചു കടന്നു. പിന്നെ മറ്റൊരാളെ കണ്ടെത്തിയാണ് പണി ആരംഭിച്ചത്.

തടസ്സം സാമ്പത്തികം അനുവദിക്കുന്നതിലെ കാലതാമസമെന്നാണ് പറയുന്നത്. ഒന്നാം ക്ലാസ് വിശ്രമമുറിയിലെ പൊളിച്ച ശൗചാലയങ്ങളും പണി തീർന്നിട്ടില്ല. തീർഥാടനകാലം തുടങ്ങും മുമ്പേ പണി തീരുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം.

പണി തീർക്കും

വനിതകൾക്കുള്ള ശൗചാലയത്തിന്റെ പണി 17-ന് മുൻപ് തീർക്കാർ തിരക്കിട്ട പ്രവർത്തനങ്ങൾ നടക്കുന്നു. ഇടിഞ്ഞ പ്ലാറ്റ്‌ഫോമിന്റെ ഭാഗത്ത് സംരക്ഷണ ഭിത്തിയുടെ പണിയും പുരോഗമിക്കുന്നു. ശൗചാലയ സമുച്ചയം ഈ സീസണിൽ തീർക്കാൻ കഴിയില്ല. അടുത്ത സീസണിന് മുൻപ് തീർക്കും-ജെ.ആർ. അനിൽ,സീനിയർ സെക്ഷൻ എൻജിനീയർ (വർക്ക്‌സ്),ദക്ഷിണ റെയിൽവേ

അവലോകനയോഗം തിങ്കളാഴ്ച

തിങ്കളാഴ്ച രാവിലെ റെയിൽവേയുടെ ശബരിമല അവലോകന യോഗം ചേരും. ഡിവിഷണൽ മാനേജർ എസ്.കെ. സിൻഹ പങ്കെടുക്കും. സൗകര്യങ്ങളെ കുറിച്ച് ചർച്ച ചെയ്ത് തീരുമാനം എടുക്കും-കൊടിക്കുന്നിൽ സുരേഷ് എം..പി.

(നാളെ- കെ.എസ്.ആർ.ടി.സിയെ പറ്റി)