പള്ളിപ്പുറം: ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തിനെ ’മാതൃക ഭക്ഷ്യ സുരക്ഷാ ഗ്രാമപ്പഞ്ചായത്ത്’ പദവിയിലേക്കുയത്തുന്നു. സംസ്ഥാനത്ത് ഒരു നിയോജകമണ്ഡലത്തിൽ ഒാരോ സാമ്പത്തിക വർഷവും ഒരു പഞ്ചായത്തിനെയാണ് ഈ പദ്ധതിക്കായി തിരഞ്ഞെടുക്കുന്നത്.

അരൂർ ഭക്ഷ്യസുരക്ഷാ സർക്കിളിന്റെ പരിധിയിൽ ഈ വർഷം ചേന്നം പള്ളിപ്പുറം പഞ്ചായത്തിനെയാണ് തിരഞ്ഞെടുത്തത് . ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ ജനവിഭാഗങ്ങൾക്ക് ബോധവത്കരണ ക്ലാസുകൾ, ഭക്ഷണപദാർഥങ്ങൾ കൈകാര്യം ചെയ്യുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കുമുള്ള ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ മേളകൾ, പരിശോധകൾ, പരാതിപരിഹാരങ്ങൾ എന്നിവ സംഘടിപ്പിക്കും. ഇതിന്റെഭാഗമായി ചേർന്ന യോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ഹരിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. അരൂർ സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ രാഹുൽ രാജ് സുരക്ഷിതാഹാരരീതികളെക്കുറിച്ച് ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേന്ദ്രൻ, കുടുംബശ്രീ ചെയർപേഴ്‌സൺ വിജിമോൾ, ഭക്ഷ്യസുരക്ഷാ വകുപ്പിലെ ജീവനക്കാരായ ജോൺ മത്തായി, ഉണ്ണിരാജ് തുടങ്ങിയവർ പ്രസംഗിച്ചു.