കായംകുളം: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ ഒക്ടോബർ എട്ടിന് നടക്കുന്ന ഇരുപത്തിയെട്ടാം ഓണമഹോത്സവത്തിനുള്ള കെട്ടുകാഴ്ചകളുടെ നിർമാണം കരകളിൽ പുരോഗമിക്കുന്നു. കരകളെല്ലാം കാളകെട്ടിന്റെ ആവേശത്തിമിർപ്പിലാണ്.

ക്ഷേത്രവുമായി ബന്ധപ്പെട്ട് കാർത്തികപ്പള്ളി, മാവേലിക്കര, കരുനാഗപ്പള്ളി താലൂക്കുകളിലായി 52 കരകളാണുള്ളത്. ഓണാട്ടുകരയുടെ കാർഷിക പാരമ്പര്യം വിളിച്ചോതുന്ന ജോഡി കാളകളാണ് കെട്ടുകാഴ്ചകളായി ഒരുക്കുന്നത്.

കരസമിതികളുടെ നേതൃത്വത്തിലുള്ള നന്ദികേശൻമാർക്കുപുറമേ യുവജന സമിതികളുടേയും കൊച്ചുകുട്ടികളുടേയുംവരെ നേതൃത്വത്തിൽ കെട്ടുകാഴ്ചകൾ ഒരുക്കുന്നുണ്ട്. തടിയുടെ ചട്ടക്കൂടിൽ വൈക്കോൽ പൊതിഞ്ഞ് ചുവപ്പും വെള്ളയും പട്ട് പുതപ്പിച്ചാണ് ജോഡിക്കാളകളുടെ നിർമാണം.

നന്ദികേശ ശിരസ്സ് സ്ഥാപിച്ച് ആടയാഭരണങ്ങളും അണിയിച്ചാണ് കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലെത്തിക്കുന്നത്. മാമ്പ്രക്കന്നേൽ യുവജന സമിതിയുടെ നേതൃത്വത്തിലുള്ള ഓണാട്ടുകതിരവൻ എന്ന നന്ദികേശ ശില്പത്തിന്റെ ശിരസ്സ് ഉറപ്പിക്കൽ കഴിഞ്ഞ ദിവസം നടന്നു.

കരസമിതികളായ കൃഷ്ണപുരം, കാപ്പിൽ കിഴക്ക്, കാപ്പിൽ മേക്ക്, പുതുപ്പള്ളി, കൊച്ചുമുറി, പുതിയിടം, ഒറ്റാക്കാലിൽ, കാഞ്ഞിരപ്പള്ളി, കാപ്പിൽ യുവജന സമിതി, വെളിയിൽ മുക്ക് പൗരസമിതി എന്നിവിടങ്ങളിലും കെട്ടുകാഴ്ച നിർമാണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

എല്ലാ കേന്ദ്രങ്ങളിലും അന്നദാനം, ഭജന, നിറപറസമർപ്പണം, വിവിധ കലാപരിപാടികൾ എന്നിവ നടക്കുന്നുണ്ട്. ഒക്ടോബർ എട്ടിന് ഘോഷയാത്രയുടെ അകമ്പടിയോടെ എല്ലാ കെട്ടുകാഴ്ചകളും ക്ഷേത്രത്തിലെത്തും.