പള്ളുരുത്തി : 'രാത്രി ഇൗ സ്‌റ്റേജിൽ കഴിച്ച് കൂട്ടും. പകൽ സമയത്ത് പള്ളുരുത്തിയിലെ ബസ് സ്റ്റോപ്പിൽ പോയിരിക്കും. ആരെങ്കിലും ഭക്ഷണം തരും. മറ്റെന്ത് ചെയ്യാനാ.. '75 കഴിഞ്ഞ ജോസഫ് പറയുന്നു. കഴിഞ്ഞ മൂന്ന് മാസമായി ജോസഫും, ഭാര്യ ആലീസും കഴിയുന്നത് തെരുവിലാണ്. ജോസഫ് രോഗിയാണ്. വയറ്റിൽ ഉടനെ ശസ്ത്രക്രിയ ചെയ്യണം.

അതിന് നിവൃത്തിയില്ല. ശസ്ത്രക്രിയ നടത്തിയാൽ തന്നെ 20 ദിവസം വിശ്രമം വേണമെന്ന് പരിശോധിച്ച ഡോക്ടർ പറഞ്ഞിട്ടുണ്ട്. കയറിക്കിടക്കാൻ ഒരിടമില്ലാതെ എങ്ങനെയാണ് വിശ്രമിക്കുക. ജോസഫ് ചോദിക്കുന്നു. ചെല്ലാനം ഗ്രാമത്തിലെ ചെറിയകടവിൽ കടലോരത്ത് ജോസഫിന് വീടുണ്ടായിരുന്നു. അമ്മയ്ക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. അമ്മയെ ചികിത്സിക്കാനുള്ള പണത്തിന് വേണ്ടിയാണ് വീട് വിറ്റതെന്ന് ജോസഫ് പറയുന്നു. ഒരു മകനും, മകളുമുണ്ട്.

പക്ഷേ, അവരൊന്നും അന്വേഷിക്കുന്നില്ല. വർക്ക് ഷോപ്പ് തൊഴിലാളിയായിരുന്നു ജോസഫ്. നല്ല അധ്വാനിയായിരുന്നു. വീട് വിറ്റെങ്കിലും വാടകയ്ക്കാണ് താമസിച്ചിരുന്നത്. രോഗം തളർത്തിയതോടെ, വാടകവീട് വിട്ട് തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. അദ്ദേഹത്തിന് ഉടനെ ഓപ്പറേഷൻ നടത്തണം. അതിന് വേണ്ടിയാണ് ഇപ്പോൾ ശ്രമിക്കുന്നത്. കുറച്ചുദിവസം താമസിക്കാൻ ഒരു സ്ഥലം കിട്ടിയാൽ ഓപ്പറേഷൻ നടത്താം. അതെങ്കിലും നടന്നാൽ മതി... ആലീസ് പറയുന്നു. ഉച്ചയാകുമ്പോൾ, ജീവകാരുണ്യ പ്രവർത്തകൻ ജൂഡ്‌സൺ ഇവർക്ക് ഭക്ഷണം എത്തിച്ച് കൊടുക്കും. രാത്രിക്കുള്ള ഭക്ഷണവും അതോടൊപ്പം കൊടുക്കും.

രാവിലെ കുളിക്കാൻ തോപ്പുംപടിയിലെ നഗരസഭയുടെ ബാത്ത് റൂം വരെ നടക്കും. അവിടെ പൈസ കൊടുത്താണ് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത്.

അതിനുള്ള പൈസ ആരെങ്കിലുമൊക്കെ കൊടുക്കും. പള്ളുരുത്തി ചിറയ്ക്കലിലെ പാർക്കിൽ ഒരു ഓപ്പൺ സ്റ്റേജുണ്ട്. രാത്രി രണ്ടുപേരും അവിടെയെത്തും. കൊതുകുശല്യമുള്ളതിനാൽ ഉറങ്ങാനാവില്ല. എന്നാലും ആരും ഓടിക്കാത്തതുകൊണ്ട് അവിടെ കിടക്കും. ആലീസ് പറയുന്നു.

മക്കൾ നോക്കാത്തതിനെ കുറിച്ച് ഇവർ പരിഭവം പറയുന്നില്ല. പക്ഷേ, ജോസഫിന്റെ ചികിത്സയും വിശ്രമവും.. അതേക്കുറിച്ച് മാത്രമാണിവർ പറയുന്നത്.